കോണ്‍ഗ്രസ് എപ്പോഴൊക്കെ ദുര്ബലമാകുന്നുവോ അപ്പോഴൊക്കെ സഹായത്തിനെത്തിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത്. കോണ്‍ഗ്രസ് ആദ്യമായി പിളര്‍ന്ന് ഇന്‍ഡിക്കേറ്റും സിന്‍ഡിക്കേറ്റുമായപ്പോള്‍. ഇന്ദിരാഗാന്ധി നയിച്ച ഇന്‍ഡിക്കേറ്റിനൊപ്പമായിരുന്നു ഇടതും വലതും കമ്മ്യൂണിസ്റ്റുകാര്‍.
അതിന് പറയാനവര്‍ ഒരു ന്യായം കണ്ടെത്തി. ഇന്ദിരാഗാന്ധിക്ക് പുരോഗമന പരിവേഷം ചാര്‍ത്തിക്കൊടുത്തു. 14 ബാങ്കുകള്‍ ദേശസാത്കരിച്ചതും രാജാക്കന്മാരുടെ പ്രിവിപേഴ്സ് നിര്‍ത്തിക്കൊണ്ടുള്ള തീരുമാനവും വന്‍ സോഷ്യലിസമെന്നവര്‍ വിശേഷിപ്പിച്ചു. ഇതുവഴി ഇന്ദിരാഗാന്ധി മേല്‍ക്കൈ നേടിയതോടെ സിപിഎം പിന്നോട്ടടിച്ചു. സിപിഐ ആകട്ടെ കോണ്‍ഗ്രസിനോടൊട്ടി നിന്നു. സിപിഐ ഒരു വ്യാഴവട്ടത്തിലേറെക്കാലം കൈക്കൊപ്പമായിരുന്നു. ഇന്നും ഇന്‍ഡി മുന്നണിക്കൊപ്പമാണ് ദേശീയതലത്തില്‍ ഇരു കമ്മ്യൂണിസ്റ്റുകാരും.
കോണ്‍ഗ്രസെന്ന പടുമരത്തില്‍ ഇത്തിള്‍ക്കണ്ണി പോലെ വേരിറക്കിയാണ് സിപിഐ നിലനിന്നതെന്ന് ആര്‍ക്കാണറിയാത്തത്? കോണ്‍ഗ്രസിന്റെ സകല പിന്തിരിപ്പന് സ്വഭാവങ്ങളെയും തൊണ്ടതൊടാതെ വിഴുങ്ങാന്‍ അവര്‍ക്കൊരു മടിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് രണ്ടുകൂട്ടര്‍ക്കും നേട്ടമുണ്ടായി. കാക്കയുടെ വിശപ്പും തീര്‍ന്നു. പോത്തിന്റെ കടിയും മാറി എന്നപോലെ. സിപിഐ ഒരു ദേശീയ കക്ഷി എന്ന നില വീണ്ടെടുത്തത് കോണ്‍ഗ്രസിനോടൊപ്പം നിന്നതുകൊണ്ട് മാത്രമാണ്. കേരളം ഉള്‍പ്പെടെ പല സ്ഥലത്തും കോണ്‍ഗ്രസിന് ഭരണം ലഭിക്കാന്‍ സഹായിച്ചതും സിപിഐ ആണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ ഒരു തടവറയാക്കി മാറ്റുകയായിരുന്നല്ലോ ഇന്ദിരാഗാന്ധി ചെയ്തത്. പൗരാവകാശത്തിനും സ്വാതന്ത്ര്യത്തിനും സമരം ചെയ്യാനുള്ള അവകാശത്തിനുമൊക്കെയായി വലിയവായില്‍ വര്‍ത്തമാനം പറയുന്നവരാണ് സിപിഐക്കാര്‍. അവര്‍ അടിയന്തരാവസ്ഥയെ മുക്തകണ്ഠം പ്രശംസിച്ചവരാണ്.
ബോണസിനെക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തരാവസ്ഥ എന്ന് പ്രസ്താവിച്ചവരാണ് കേരളത്തിലെ സിപിഐക്കാര്‍. അടിയന്തരാവസ്ഥ തീരും വരെ കോണ്‍ഗ്രസിന്റെ പിന്തുണയോടെ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഭരിച്ചത് സിപിഐക്കാരനായ അച്യുതമേനോനായിരുന്നല്ലോ! ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന് പാടിപ്പുകഴ്ത്താറുണ്ട് അച്യുതമേനോനെ. തന്റെ ഭരണത്തിന് കീഴില്‍ എന്തൊക്കെ നടക്കുന്നു എന്ന് അറിയുന്നയാളാണ് നല്ല ഭരണാധികാരി. എന്നാല്‍ അടിയന്തരാവസ്ഥയില്‍ നടന്നത് എന്തൊക്കെയാണെന്ന് അറിയില്ലെന്നു തുറന്നുപറഞ്ഞ അച്യുതമേനോന് എങ്ങനെ നല്ല ഭരണാധികാരി എന്ന വിശേഷണത്തിന് ഉടമയാകും? അടിയന്തരാവസ്ഥ കഴിഞ്ഞതിനു ശേഷമാണ് ഇന്ദിരാഗാന്ധിയുടെ ദുര്‍ഭരണത്തെക്കുറിച്ച് സിപിഐക്ക് ബോധോദയമുണ്ടായത്. തുടര്‍ന്ന് പൊറുതി സിപിഎമ്മിനൊപ്പമാക്കി.
കോണ്‍ഗ്രസിന്റെ ഭരണം ഒരുമതിപ്പും ഉണ്ടാക്കുന്നതല്ലെന്ന് പലപ്പോഴും വിലയിരുത്തിയതാണ് സിപിഎം. കോണ്‍ഗ്രസുമായി സിപിഐ കൂട്ടുചേര്‍ന്നതിനെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ടായിരുന്നല്ലോ ‘എമ്മെനും തൊമ്മനും കമ്മ്യൂണിസ്റ്റല്ല, ചേലാട്ടച്ചു (അച്യുതമേനോന്) പണ്ടേയല്ല, വയ്ക്കെടാ ചെറ്റേ ചെങ്കൊടി താഴെ പിടിയെടാ ചെറ്റേ മൂവര്‍ണ കൊടി’ എന്നൊക്കെ സിപിഎം അണികള്‍ വര്‍ഷങ്ങളോളം മുദ്രാവാക്യം മുഴക്കിയത്.
ആ മുദ്രാവാക്യം തെറ്റായിപ്പോയി എന്ന് അന്നും ആരും പറഞ്ഞില്ല, ഇന്നും പറയുന്നില്ല. അത്തരമൊരു നിലപാടുള്ള സിപിഎം കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് ആരെങ്കിലും കരുതുമോ? പക്ഷേ സംഭവിച്ചത് എന്താണ്? 2004ലെ തെരഞ്ഞെടുപ്പിന് ശേഷം മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രി കസേരയില്‍ എത്തിയത് സിപിഎം-സിപിഐ ഉള്‍പ്പെട്ട ഇടതുപക്ഷം പിന്തുണ നല്കിയതുകൊണ്ടു മാത്രമാണ്. ജനങ്ങള്‍ നിഷ്കാസനം ചെയ്ത കോണ്‍ഗ്രസെന്ന ദുര്‍ഭൂതത്തെ അധികാരക്കസേരയിലേക്ക് വീണ്ടും കുടിയിരുത്തി ഉണ്ടാക്കിയ ദുരന്തം എത്രയാണെന്ന് പറയേണ്ടതുണ്ടോ? ജനങ്ങളിന്നനുഭവിക്കുന്ന കെടുതികളെല്ലാം ഇടതുപക്ഷത്തിന്റെ പിന്തുണയോടെ വീണ്ടും അധികാരത്തിലെത്തിയ കോണ്‍ഗ്രസിന്റെ സൃഷ്ടിയാണ്. പട്ടിണിക്കാര്‍ പെരുകി. വിലക്കയറ്റം രൂക്ഷമായി. ദുരന്തങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്ന് എന്ന നിലയില്‍ വന്നുകൊണ്ടിരുന്നു. രാജ്യത്തിന്റെ അകത്തും അതിര്‍ത്തിയിലും അരക്ഷിതാവസ്ഥ. പത്തുവര്‍ഷം കൊണ്ട് ഇന്ത്യയിലെ പട്ടിണിക്കാരുടെ എണ്ണം പെരുകിപ്പെരുകി 68 കോടിയായി. മെക്കന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ഭക്ഷണം, ആരോഗ്യശുശ്രൂഷ, വിദ്യാഭ്യാസം, പൊതുശുചിത്വം, കുടിവെള്ളം, വീട്, സാമൂഹ്യസുരക്ഷ, ഇന്ധനം എന്നീ എട്ട് ആവശ്യങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ലഭ്യമാകാത്തവരാണ് ഈ 68 കോടി ജനങ്ങള്‍. 125 കോടി ജനങ്ങളിലാണ് ഇത്രയും ഭീമമായ ദരിദ്രരുടെ കണക്ക്. അതിനൊരു അന്തസുണ്ടായത് ഇപ്പോഴാണ്. അന്ത്യോദയം പരിപാടി നടപ്പാക്കി പട്ടിണിക്കാരുടെ എണ്ണം കുറഞ്ഞു. 80 കോടി ജനങ്ങള്‍ക്കാണ് സൗജന്യ റേഷന്‍ നല്‍കിയത്.
ദരിദ്രന്റെ ദിവസച്ചെലവിനെപ്പറ്റി ചല കണക്കുകളും അവതരിപ്പിച്ചതാണ്. നഗരത്തില്‍ 28.65 രൂപയും ഗ്രാമത്തില്‍ 22.42 രൂപയുമാണ് ഇവരുടെ ചെലവ്. ഗ്രാമത്തില്‍ 27 കോടിയും നഗരത്തില്‍ 5.31 കോടിയുമാണെന്നാണ് പട്ടിണിക്കാരെന്നാണ് ആസൂത്രണ കമ്മീഷന് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ മെക്കന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനപ്രകാരം 50.9 കോടി ഗ്രാമത്തിലും 17.1 കോടി നഗരത്തിലും പ്രാഥമിക ആവശ്യങ്ങള്‍ പോലും ലഭ്യമാകാതെ നരകിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കള്ളക്കണക്കുകളും തെറ്റായ വിവരങ്ങളും നല്കി ജനങ്ങളെ വീണ്ടും വഞ്ചിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ കയറ്റാനുള്ള അണിയറനീക്കങ്ങള്‍ ഈ രണ്ടു കക്ഷികളും തുടങ്ങിയെന്ന വ്യക്തമായ സൂചനയാണ് തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയത്.
നരേന്ദ്രമോദിയെ എന്തിനാണ് ഇവര്‍ എതിര്‍ക്കുന്നത്? വ്യക്തമായ ഒരുത്തരം നല്‍കുന്നതിന് പകരം മുട്ടാപ്പോക്കു രാഷ്ട്രീയം വിളമ്പി പിടിച്ചുനില്‍ക്കാനാണ് അവര്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. രണ്ടു പതിറ്റാണ്ട് മുമ്പ് ഗുജറാത്തില്‍ സംഘര്‍ഷമുണ്ടായി. അത് നരേന്ദ്രമോദിയുടെ ഭരണം ഉള്ളതുകൊണ്ടുമാത്രം സംഭവിച്ചതല്ല. ഗുജറാത്ത് വര്‍ഗീയ കലാപങ്ങളുടെ വിളനിലം തന്നെയാണെന്ന് കണ്ടെത്താനാകും. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലംതൊട്ട് മുടക്കം കൂടാതെ കൊള്ളയും കൊലയും കൊള്ളിവയ്പ്പും പ്രതിമാസ പരിപാടിയായി നടത്തിയ ചരിത്രമാണ് ഗുജറാത്തിനുണ്ടായിരുന്നത്. രണ്ടുമാസം വരെ കര്‍ഫ്യൂ നിലനിന്ന സംസ്ഥാനം ഗുജറാത്തു പോലെ വേറെയില്ല. നൂറുകണക്കിന് ആള്ക്കാര് കലാപത്തില്‍ കൊലചെയ്യപ്പെടാറുണ്ട്. അന്നൊക്കെ കോണ്‍ഗ്രസാണ് ഭരിച്ചുകൊണ്ടിരുന്നത്. 2002ല്‍ ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസില്‍ 59 പേരെ ചുട്ടുകൊന്നതിന്റെ വികാരപ്രകടനമാണ് കലാപമായി പൊട്ടിപ്പുറപ്പെട്ടത്. ഇരുഭാഗത്തും ആള്‍നാശമുണ്ടായി. നാലുദിവസം പോലും കലാപം നീണ്ടുനിന്നില്ല. പട്ടാളത്തെ വിളിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. പല കേസുകളിലും ശിക്ഷാ വിധികളും ഉണ്ടായി. ദുഃഖകരമായ ആ സംഭവം അതോടെ തീര്‍ന്നു. അതിനു ശേഷം ഗുജറാത്തില്‍ സംഘര്‍ഷമില്ല, സംഘട്ടനമില്ല. ജനങ്ങള്‍ തമ്മില്‍ സംശയവുമില്ല.
എങ്ങും സദ്ഭാവനയാണ് നിലനില്‍ക്കുന്നത്. ഗുജറാത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലിന്ന് ഒരു പോര്‍വിളിയുമില്ല. ഇല്ലാത്ത പ്രശ്നത്തിന്റെ പേരിലാണ് ഗുജറാത്തിന്റെ പുറത്ത് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അവരുടെ വാലാട്ടികളും നരേന്ദ്രമോദിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. പക്ഷേ ഇതൊന്നും ജനങ്ങള്‍ വകവയ്ക്കുന്നില്ല. കക്ഷിഭേദമോ വ്യത്യാസമോ ഇല്ലാതെ എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ഗുജറാത്തില്‍ അദ്ഭുതാവഹമായ പുരോഗതി സംഭവിക്കുന്നത് നരേന്ദ്രമോദിയുടെ ഭരണത്തിലാണ്. അത് രാജ്യമാസകലം ഉണ്ടാകണം എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ബിജെപി നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനുശേഷം അദ്ദേഹം പങ്കെടുക്കുന്ന റാലികളിലെല്ലാം അഭൂതപൂര്‍വമായ ജനക്കൂട്ടമാണ്. ജനലക്ഷങ്ങളുടെ തള്ളിക്കയറ്റം രാഷ്ട്രീയ പ്രതിയോഗികളെ പ്രത്യേകിച്ച് കോണ്‍ഗ്രസിനെ അമ്പരപ്പിച്ചിരിക്കുന്നു. ജനങ്ങളെ നിയന്ത്രിക്കാന്‍ അവര്‍ കണ്ടെത്തിയ ഉപായമാണ് ആളെ എണ്ണി നികുതി പിരിക്കുക എന്ന വിചിത്ര രീതി. ആളെ കുറച്ചു കാണിക്കാന്‍ ബിജെപി നിര്‍ബന്ധിതമാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടി ഇരിക്കുന്നത്.
അമേരിക്കയില്‍ മാര്ട്ടിന് ലൂഥര്‍ കിംഗ് നയിച്ചതുപോലുള്ള ജനമുന്നേറ്റവുമായാണ് നരേന്ദ്രമോദിയുടെ യാത്ര തുടരുന്നത്. വര്‍ണവെറി നിരന്തരം നേരിടേണ്ടി വന്ന ജനസമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് സാക്ഷ്യം വഹിക്കുകയാണ് രാജ്യം വീണ്ടും. ‘എനിക്കൊരു സ്വപ്നമുണ്ട്; ഒരു ദിവസം ഈ രാജ്യം അതിന്റെ വിശ്വാസപ്രമാണങ്ങളുടെ യഥാര്‍ഥ അര്‍ഥത്തില്‍ തന്നെ ഉയരുകയും ജ്വലിക്കുകയും ചെയ്യും. എനിക്കൊരു സ്വപ്നമുണ്ട്; ഒരു ദിവസം ജോര്‍ജിയയിലെ ചുവന്ന കുന്നുകളില്‍ മുന്‍ അടിമകളുടെയും മുന്‍ ഉടമകളുടെയും മക്കള്‍ സാഹോദര്യത്തിന്റെ മേശയ്ക്കു ചുറ്റും ഒരുമിച്ചിരിക്കാന്‍ പ്രാപ്തരാകും’ എന്ന മാര്ട്ടിന് ലൂഥര്‍ കിംഗിന്റെ സ്വപ്നം പോലെ നരേന്ദ്രമോദിയും ഒരു സ്വപ്നസാക്ഷാത്കാരത്തിലാണ്. അതിനെ തകര്‍ക്കാനാണ് സ്വാഭാവികസുഹൃത്തുക്കളായവരെല്ലാം ചേര്‍ന്നു നോക്കുന്നത്. നരേന്ദ്രമോദിക്ക് 400 സീറ്റാണോ അതിലധികം ലഭിക്കുമോ എന്നതാണ് സംശയം. കോണ്‍ഗ്രസ് ജയിക്കുമെന്ന പ്രതീക്ഷപോലുമില്ല. പിന്നല്ലെ കമ്മ്യൂണിസ്റ്റുകാരുടെ മോഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: