വന്യജീവി അക്രമങ്ങളെ കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്. കേരളത്തില്‍ വനം വകുപ്പിനൊരു മന്ത്രിയുണ്ടെന്നാണ് സങ്കല്പം. അത്യാവശ്യത്തിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനോ എന്ത് ചെയ്യണമെന്നറിയാനോ മന്ത്രിക്കൊരു താല്പര്യവുമില്ലെന്നുവേണം കരുതാന്‍. വയനാട്ടില്‍ കാട്ടാന ഇറങ്ങി ഒരാളെ കൊന്നിട്ട് പത്തുദിവസം കഴിഞ്ഞശേഷമാണ് മന്ത്രിയും പരിവാരങ്ങളും കൊട്ടും കുരവയുമായി ചുരം കയറിയത്. കര്‍ണാടകയില്‍ നിന്നെത്തിയ ആനയെ ഇതുവരെയും മയക്കുവെടിവച്ചു പിടികൂടാന്‍ കഴിയാത്തതിന് കാരണങ്ങള്‍ പലതുപറയാനുണ്ടാകും. ഏതായാലും രണ്ടാഴ്ച കഴിഞ്ഞ് ആന കണ്ണെത്താദൂരത്തായി. സംസ്ഥാനത്തിന്റെ അതിരുനോക്കിയല്ല ആന എത്തിയത്. പോയതും അങ്ങനെതന്നെ. കാട്ടില്‍ കഴിയാനുളള സാഹചര്യവും ഭക്ഷണദൗര്‍ബല്യവുമാകാം ആന നാടിറങ്ങാന്‍ കാരണം.
വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാന സര്‍ക്കാരുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്. അതിനുള്ള ആത്മാര്‍ത്ഥമായ ശ്രമമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം. വന പരിപാലകര്‍ക്ക് അത്യാധുനിക രീതിയിലുള്ള ഉപകരണങ്ങള്‍ ഉറപ്പാക്കുകയും വേണം. വന നിയമത്തില്‍ ഇളവ് നല്കല്, ജില്ലയില്‍ ഉന്നതതല ഉദ്യോഗസ്ഥരെ നിയമിക്കല്‍ എന്നീ വിഷയങ്ങളില്‍ നടപടി സ്വീകരിക്കേണ്ടതാണ്. അടിയന്തരമായി അന്തര്‍ സംസ്ഥാനങ്ങളുമായി സംയോജിച്ച് ആനത്താര അടയാളപ്പെടുത്തണം വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ അവയുടെ സഞ്ചാരപാത സംബന്ധിച്ച വിവരങ്ങള്‍ റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, നവമാധ്യമ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ നേരിട്ട് അറിയിക്കാനുള്ള സംവിധാനം ഉടന്‍ നടപ്പിലാക്കേണ്ടതുണ്ട്. അതിനുള്ള മുന്‍കൈ സംസ്ഥാന സര്‍ക്കാരാണ് നടത്തേണ്ടത്. അതിനുള്ള ശ്രമമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് വന്യജീവി ആക്രമണത്തെ നേരിടാന്‍ പരിശീലനം നല്‍കണം. ആനകളുടെ ജിയോ ടാഗിങ് നിരീക്ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ നടപ്പാക്കണം. വന്യജീവി സങ്കേതങ്ങള്‍ക്കുള്ളിലുള്ള കുടുംബങ്ങളെ പുനരധിവസിക്കണം. അടിക്കാട് വെട്ടല്‍, ട്രഞ്ച് നിര്‍മ്മാണം എന്നിവ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്താന്‍ നിയമത്തില്‍ ഇളവ് നല്‍കണമെന്നുമുള്ള ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ പഠിച്ച് ഉടന്‍ വേണ്ടത് ചെയ്യാമെന്ന് കേന്ദ്രവനംമന്ത്രിയുടെ വാഗ്ദാനം പ്രതീക്ഷ നല്‍കുന്നതാണ്. വന്യജീവികളെ വെടിവയ്ക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്നില്ല എന്ന പരാതിയാണ് ഉയര്‍ത്താറ്. കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം (1972) സംരക്ഷിത വനപ്രദേശവും അവിടുത്തെ പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണുള്ളത്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്രവിഹിതമാണ്. ആക്രമണ സ്വഭാവമുള്ള വന്യമൃഗങ്ങളെ പിടികൂടാന്‍ നിയമ ഭേദഗതി ആവശ്യവുമില്ല.
കേന്ദ്ര വന നിയമ പ്രകാരം സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ആക്രമണകാരികളായ വന്യമൃഗങ്ങളെ ചട്ടങ്ങള്‍ അനുസരിച്ച് കാടുകയറ്റാനും പിടികൂടാനും അതിനായി മയക്കുവെടിവയ്ക്കാനും അധികാരമുണ്ട്. ഇതിനൊന്നും കേന്ദ്രത്തിന്റെ അനുമതി തേടേണ്ടതില്ല. വിവരം അറിയിക്കുകയേ വേണ്ടൂ, അതിന് ലളിതമായ പല സംവിധാനങ്ങളുണ്ട്. വന്യജീവി ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലയിലെത്തിയ കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ട്.
വനനിയമ പ്രകാരം മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം അതാണ് വ്യവസ്ഥ. സംസ്ഥാന സര്‍ക്കാരിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മറ്റുമായി 15.8 കോടി രൂപ കേന്ദ്രം അനുവദിച്ചകാര്യവും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും കേരളത്തില്‍ വന്യജീവി അതിക്രമങ്ങള്‍ അതിരൂക്ഷമായ സാഹചര്യം നേരിടാന്‍ ഫലപ്രദമായ നടപടിയാണ് കേരളം സ്വീകരിക്കേണ്ടത്. പക്ഷേ കേരള സര്‍ക്കാര്‍ അന്ധതനടിക്കുകയാണെന്ന് പറയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: