തൊടുപുഴ: ജനജീവിതം ദുസ്സഹമാക്കി പകല്‍ താപനില കുതിച്ചുയരുന്നു. മിക്കയിടത്തും രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വെയില്‍ അതികഠിനമാണ്.
ഇരുചക്ര, ഓട്ടോറിക്ഷ, ബസ് യാത്രക്കാരും കാല്‍നട യാത്രക്കാരുമാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. കോട്ടയം അടക്കമുള്ളയിടങ്ങളില്‍ കഠിനമായ ചൂടില്‍ ബസുകള്‍ നിര്‍ത്തി ആളുകള്‍ക്ക് പുറത്തിറങ്ങി വിശ്രമിക്കാന്‍ സമയം കൊടുക്കേണ്ട സാഹചര്യമാണ്. കൃഷിയിടങ്ങളിലും മറ്റ് പുറം ജോലിയിലും ഏര്‍പ്പെട്ടിരിക്കുന്നവരും ചൂടില്‍ ദുരിതത്തിലാണ്. പലര്‍ക്കും ജോലിക്ക് പോകും പോകാന്‍ പറ്റുന്നില്ല. രാത്രിയില്‍ ഉഷ്ണം മൂലം വിയര്‍ത്തൊലിക്കുകയാണ്.
ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കൊല്ലം ജില്ലയില്‍ 37 ഡിഗ്രി വരേയും ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രിവരെയും താപനില ഉയരുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരി താപനിലയേക്കാള്‍ 3 ഡിഗ്രി വരെ കൂടുതലാണിത്.
പസഫിക് സമുദ്രത്തില്‍ തുടരുന്ന എല്‍ നിനോ പ്രതിഭാസമാണ് ചൂടേറാന്‍ മുഖ്യകാരണമെന്ന് കുസാറ്റിലെ റഡാര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് ജന്മഭൂമിയോട് പറഞ്ഞു. നേരത്തെ കാലവര്‍ഷം കുറയുന്നതിനും ശൈത്യകാലത്ത് തണുപ്പ് കുറയുന്നതിനും ഇത് കാരണമായിരുന്നു.
ഏപ്രില്‍ അവസാനം വരെ ഈ പ്രതിഭാസം തുടരുമെന്നാണ് നിഗമനം. ഇതിനൊപ്പം കിഴക്കന്‍ അറബിക്കടല്‍ ചൂട് പിടിച്ച് കിടക്കുകയാണ്. കാറ്റിനുള്ള സാധ്യതയും വളരെ വിരളമായി. ഇതിനൊപ്പം കാറ്റിന്റെ സര്‍ക്കുലേഷന്‍ പാറ്റേണും അനുയോജ്യമല്ല. ഇവയെല്ലാം കൂടി ചേരുന്നതാണ് ചൂട് ഉയരാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ താപനിലയില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കുന്നില്ല, തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: