കൊച്ചി: വയനാട്ടില്‍ മാനന്തവാടിക്കടുത്ത് ഏക്കറിന് വെറും നൂറു രൂപ വച്ച് 5.5 ഹെക്ടര്‍ സ്ഥലം പള്ളിക്കു നല്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. വനവാസി സമൂഹം ഒരു സെന്റ് ഭൂമിക്കു വേണ്ടി കാത്തിരിക്കുമ്പോള്‍, സര്‍ക്കാര്‍ വനവാസികളുടെ നെഞ്ചത്ത് കഠാര കുത്തിയിറക്കുകയാണ് ചെയ്തതെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
മാനന്തവാടി കല്ലോട് സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിക്കു ചുളുവിലയ്ക്കു ഭൂമി നല്‍കിയത് ഭൂരഹിതരായ വനവാസി സമൂഹങ്ങളുടെ പ്രതീക്ഷകള്‍ക്കും മോഹങ്ങള്ക്കുമാണ് പ്രഹരമേല്‍പ്പിച്ചത്, കോടതി നിരീക്ഷിച്ചു. പള്ളിക്കാര് കൈയേറ്റക്കാരാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഭൂമി ഒഴിപ്പിക്കാനോ വിManപണി വില വാങ്ങി അവര്‍ക്കുതന്നെ വില്‍ക്കാനോ ഉത്തരവിട്ടു.
വയനാട് സ്വദേശികളും വനവാസികളുമായ കെ. മോഹന്‍ ദാസ്, വി.എ. സുരേഷ്, കെ. സുബ്രഹ്മണ്യന്, സി.എന്‍. ശങ്കരന്, പി. രാമചന്ദ്രന് എന്നിവര്‍ അഡ്വ. വി. സജിത്കുമാര്‍ വഴി നല്കിയ ഹര്‍ജിയിലാണ്, നിര്‍ണായക ഉത്തരവ്. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ചട്ടം ലംഘിച്ച് ഭൂമി കൈമാറിയത്.
നിയമങ്ങള്‍ നഗ്നമായി ലംഘിക്കുമ്പോള്‍, അനീതിയുണ്ടാകുമ്പോള്‍, ഏകപക്ഷീയ തീരുമാനങ്ങളെടുക്കുമ്പോള്‍, കോടതിയുടെ കൈകള്‍ ആരും ബന്ധിച്ചിട്ടില്ല. കൃഷിക്കും ജീവനോപാധിക്കും ഭൂമി തേടി പാവപ്പെട്ട വനവാസികള്‍ സമരം ചെയ്യുകയാണ്. അതു സെക്രട്ടേറിയറ്റ് വരെയെത്തി. ആയിരക്കണക്കിനു വനവാസികള്‍ ഭൂമിക്ക് അപേക്ഷ നല്കി കാത്തിരിക്കുന്നെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, സര്‍ക്കാര്‍ കൈവശമുള്ള 5.5 ഹെക്ടര്‍ ഭൂമി, ലാന്‍ഡ് അസൈന്മെന്റ് ആക്ടിന്റെ ബലത്തില്‍ സെന്റ് ജോര്‍ജ്ജ് പള്ളിക്ക് ഏക്കറിനു വെറും 100 രൂപ നിരക്കില്‍ കൊടുത്തത്. ഇതു നിയമ വിരുദ്ധമെന്നു മാത്രമല്ല, പരാതിക്കാര്‍ അടക്കമുള്ള വനവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം കൂടിയാണ്. സദാ പുഞ്ചിരിക്കുന്ന വയനാട്ടിലെ പാവപ്പെട്ട, നിഷ്കളങ്കരായ വനവാസികളുടെ നെഞ്ചത്ത് സര്‍ക്കാര്‍ കത്തി കുത്തിയിറക്കി. ഇത്തരം നിയമ വിരുദ്ധതയ്ക്കു നേരേ കണ്ണടയ്ക്കാന്‍ കോടതിക്കാകില്ല, ബെഞ്ച് ഊന്നിപ്പറഞ്ഞു.
പള്ളിക്കാര് കൈയേറ്റക്കാരാണെന്നു ചൂണ്ടിക്കാട്ടിയ കോടതി അവരുടെ വാദങ്ങളില്‍ പൊതുതാത്പര്യമൊന്നുമില്ലെന്നും എടുത്തുകാട്ടി. വനവാസികളോടുള്ള അനീതി എത്രയും വേഗം തിരുത്താനും കോടതി ആവശ്യപ്പെട്ടു. പള്ളിക്കു നല്കിയ 5.5 ഹെക്ടര്‍ ഭൂമിയുടെ വിപണിമൂല്യം കണക്കാക്കി, സര്‍ക്കാരിനത് അവരില്‍ നിന്ന് ഈടാക്കി വേണമെങ്കില്‍ ഭൂമി വില്‍ക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. അതിനവര്‍ വിസമ്മതിച്ചാല്‍ അവരെ ഇറക്കി വിട്ട്, ആ ഭൂമി അര്‍ഹരായവര്‍ക്കു വിതരണം ചെയ്യണം, കോടതി ആവശ്യപ്പെട്ടു. നടപടിക്കു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ച കോടതി, ഭൂമി വില്ക്കുകയാണെങ്കില് അതില്‍ നിന്നുള്ള തുക വനവാസി ക്ഷേമത്തിനുപയോഗിക്കണമെന്നും എടുത്തു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: