റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഭാരത സ്പിന്നര്‍ ആര്. അശ്വിന്. ജോണി ബെയര്‍സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റ് തികച്ച അശ്വിന് അവര്‍ക്കെതിരെ 100 വിക്കറ്റും 1000 റണ്‍സും സ്വന്തമാക്കുന്ന ആദ്യ ഭാരത താരമായി മാറി.
ഇംഗ്ലണ്ടിനെതിരെ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ക്രിക്കറ്ററാണ് അശ്വിന്. ഇംഗ്ലണ്ടിനെതിരെ 102 വിക്കറ്റും 3214 റണ്‍സും നേടിയിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്സ്, 1905 റണ്‍സും 115 വിക്കറ്റും നേടിയിട്ടുള്ള ഓസ്ട്രേലിയയുടെ മോണ്ടി നോബിള്‍, 1238 റണ്‍സും 103 വിക്കറ്റും നേടിയിട്ടുള്ള ഓസ്ട്രേലിയയുടെ ഗിഫന്‍ എന്നിവരാണ് അശ്വിന് മുമ്പ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍.
ഏറ്റവും കുറഞ്ഞ ടെസ്റ്റില്‍ ഒരു രാജ്യത്തിനെതിരെ 1000 റണ്‍സും 100 വിക്കറ്റും സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന റിക്കോര്‍ഡും അശ്വിന് കരസ്ഥമാക്കി. ഓസട്രേലിയക്കെതിരെ 22 ടെസ്റ്റില്‍ 100 വിക്കറ്റും 1000 റണ്‍സും തികച്ചിട്ടുള്ള ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ഇയാന്‍ ബോതമാണ് ഈ നേട്ടത്തില്‍ അശ്വിന് മുമ്പിലുള്ളത്. 23 ടെസ്റ്റില്‍ നിന്നാണ് അശ്വിന് ഇംഗ്ലണ്ടിനെതിരെ 1000 റണ്‍സും 100 വിക്കറ്റും സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: