വാരാണസി: കഴിഞ്ഞ പത്തു വര്‍ഷമായി മഹാദേവന്റെ അനുഗ്രഹത്താല്‍ ‘വികസനത്തിന്റെ ഡമരു’ കാശിയില്‍ മുഴങ്ങുകയാണെന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കാശി അനശ്വരമായ അറിവിന്റെ തലസ്ഥാനമാണ്. കാശിയുടെ കഴിവുകളും രൂപവും അതിന്റെ പ്രതാപം വീണ്ടെടുക്കുന്നുവെന്നത് രാജ്യത്തിനാകെ അഭിമാനകരമാണ്. എല്ലാ കാര്യങ്ങളും കാശി വിശ്വനാഥന്റെ ഇച്ഛയ്ക്കും അനുഗ്രഹത്തിനും അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. നാമെല്ലാവരും ഭഗവാന്റെ ഇച്ഛയുടെ ഉപകരണങ്ങള്‍ മാത്രമാണ്.
ശിവരാത്രിക്കും രംഗഭാരി ഏകാദശിക്കും മുമ്പേ കാശി ഇന്ന് വികസനത്തിന്റെ ഉത്സവം ആഘോഷിക്കുകയാണ്. വികസനഗംഗയിലൂടെ ഈ പരിവര്‍ത്തനം എല്ലാവരും കാണുന്നു. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ ഇവിടെ എത്തിച്ചേരുന്നു. കാശി വിശ്വമാനവികതയെ ആകര്‍ഷിക്കുന്നു. ഇത്തരം വൈവിധ്യങ്ങളുള്ള സ്ഥലത്താണ് പുതിയ ആദര്‍ശങ്ങള്‍ ജനിക്കുന്നത്. പുതിയ ആശയങ്ങള്‍ പുരോഗതിയുടെ സാധ്യതയെ പരിപോഷിപ്പിക്കുന്നു. നവഭാരതത്തിന്റെ പ്രചോദനമായി പുതിയ കാശി ഉയരുന്നു, പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യം വികസനത്തിന് പുതിയ വേഗത നല്‍കും. വിജയത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കും. ഇത് മോദിയുടെ ഉറപ്പാണ്, മോദിയുടെ ഉറപ്പെന്നാല് ഉറപ്പുകള്‍ നിറവേറ്റുമെന്നുള്ള ഉറപ്പാണ്. കാശി ഇന്ന് മനോഹരമാണ്. റോഡുകളും പാലങ്ങളും നാം നിര്‍മിച്ചു. എല്ലാ ജനങ്ങളുടെ മനസും മനോഹരമാണ്. ഒരു സേവകനെന്ന നിലയിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിശ്വനാഥ് ധാം നിര്‍ണായകമായ ദിശാബോധം നല്‍കുകയും ഭാരതത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കുകയും ചെയ്യും. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം യജ്ഞങ്ങളുടെ ഭാഗമായി വിശ്വനാഥ് ധാം മാറി. ഗോത്ര സാംസ്കാരിക പരിപാടികളിലൂടെ സാമൂഹിക ഉള്‍ച്ചേര്‍ക്കലിനുള്ള ദൃഢനിശ്ചയത്തെ ഈ വിശ്വാസകേന്ദ്രം ശക്തിപ്പെടുത്തുകയാണെന്ന് മോദി പറഞ്ഞു.
വാരാണസിയില്‍ 13000 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു. 10,972 കോടിയുടെ 23 വികസന പദ്ധതികളും 2195.07 കോടിയുടെ 12 പദ്ധതികളുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു.
അതേസമയം ഇന്‍ഡി സഖ്യം പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ ക്ഷേമത്തിനല്ല, മറിച്ച് അവരുടെ കുടുംബങ്ങള്ക്കുവേണ്ടിയാണെന്ന് ഗുരു രവിദാസിന്റെ 647-ാം ജന്മവാര്ഷിക ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
പിന്നാക്കക്ഷേമത്തിനായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ തടയാനാണ് അവര്‍ ശ്രമിച്ചത്. ജാതീയമായി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം, മോദി പറഞ്ഞു.
കുടുംബത്തിനും വോട്ട് ബാങ്കുകള്‍ക്കും അപ്പുറം ചിന്തിക്കാന്‍ അവര്‍ക്ക് കഴിയില്ല, ഇത് വാരാണസി ആണെന്ന് അവര്‍ക്കറിയില്ല, ഇവിടെയുള്ളവരെല്ലാം ഗുരുക്കന്മാരാണ്. ഇത് സന്ത് രവിദാസിന്റെ നാടാണ്. ഇന്‍ഡി സഖ്യം എന്ന തന്ത്രം ഇവിടെ നടക്കില്ല. ബിജെപി സര്‍ക്കാര്‍ എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ എല്ലാവര്ക്കുമായുള്ളതാണ്. പിന്നാക്കജനതയുടെ മുഖം മനസില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ജാതി വിവേചനം, തൊട്ടുകൂടായ്മ തുടങ്ങിയവയ്ക്കെതിരെ ശബ്ദം ഉയര്‍ത്തിയ വ്യക്തിയാണ് ഗുരു രവിദാസ്. അദ്ദേഹത്തിന്റെ ആശയങ്ങളിലൂന്നി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ ബിജെപിക്ക് അഭിമാനമുണ്ട്. ‘സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ്’ എന്ന വിജയമന്ത്രം 140 കോടി ജനങ്ങളിലേക്കും എത്തും. രാജ്യത്തെ ഓരോ കോണിലുള്ള ജനങ്ങളിലേക്കും വികസനം എത്തും. ഇത് മോദി നിങ്ങള്‍ക്ക് തരുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഗുജറാത്തില്‍ നിന്ന് വ്യാഴാഴ്ച രാത്രി കാശിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ബറേക ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രയില്‍ ആയിരക്കണക്കിന് ജനങ്ങളാണ് മോദിയെ കാണാന്‍ റോഡിനിരുവശവും തടിച്ചുകൂടിയിരുന്നത്. ഫുല്‍വാരിയ നാലുവരി പാതയില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി തന്റെ കാറില്‍ നിന്നും ഇറങ്ങുകയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമൊപ്പം കുറച്ചുദൂരം നടക്കുകയും ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: