ന്യൂദല്‍ഹി: സ്ത്രീ സുരക്ഷയ്ക്കായി 1179.72 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ തുടരാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് കേന്ദ്രമന്ത്രി സഭായോഗം അംഗീകാരം നല്കി. 2021-22 മുതല്‍ 2025-26 വരെയാണ് പദ്ധതി കാലാവധി. പദ്ധതിതുകയില്‍ 885.49 കോടി രൂപ ആഭ്യന്തര മന്ത്രാലയം സ്വന്തം ബജറ്റില്‍ നിന്നും ബാക്കി 294.23 കോടി രൂപ നിര്‍ഭയ ഫണ്ടില്‍ നിന്നും ലഭ്യമാക്കും.
സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള പദ്ധതിക്ക് കീഴില്‍ 112 എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം (അടിയന്തര പ്രതിരോധ പിന്തുണ സംവിധാനം- ഇആര്‍എസ്എസ്)2.0, ദേശീയ ഫോറന്‍സിക് ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സസ് ലബോറട്ടറികളുടെ നവീകരണം, ഡിഎന്‍എ വിശകലനം, സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ (എഫ്എസ്എല്) സൈബര്‍ ഫോറന്‍സിക് കാര്യശേഷി എന്നിവ ശക്തിപ്പെടുത്തല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അന്വേഷകരുടെയും പ്രോസിക്യൂട്ടര്‍മാരുടെയും കാര്യശേഷി വര്‍ധിപ്പിക്കലും പരിശീലനവും, വനിതാ ഹെല്‍പ്പ് ഡെസ്ക്ക്- മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകള്‍ എന്നീ പദ്ധതികള്‍ തുടരുന്നതിനാണ് യോഗം അംഗീകാരം നല്‍കിയത്.
കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രളയ നിയന്ത്രണ-അതിര്‍ത്തിപ്രദേശ പരിപാടി (എഫ്എംബിഎപി) തുടരുന്നതിനുള്ള ജലവിഭവ വകുപ്പ്, ആര്‍ഡി ആന്‍ഡ് ജിആര്‍ നിര്‍ദേശത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്കി. 2021-22 മുതല്‍ 2025-26 വരെ അഞ്ചുവര്‍ഷത്തേക്ക് പദ്ധതിക്കായി 4100 കോടി രൂപ വകയിരുത്തി.
ദേശീയ ലൈവ് സ്റ്റോക്ക് മിഷന്റെ കൂടുതല്‍ പരിഷ്ക്കരണത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്കി. കുതിര, കഴുത, ഒട്ടകം എന്നിവയുമായി ബന്ധപ്പെട്ടുളള സംരംഭങ്ങള്‍ക്ക് 50 ശതമാനം മൂലധന സബ്സിഡിയോടെ 50 ലക്ഷം രൂപ വരെ വ്യക്തികള്‍ക്കും എഫ്പിഒ, എസ്എച്ച്ജി, ജെഎല്‍ജി, എഫ്സിഒ എന്നിവയ്ക്കും സെക്ഷന്‍ എട്ട് കമ്പനികള്‍ക്കും നല്‍കും. ഇവയുടെ സംരക്ഷണത്തിനും സംസ്ഥാന സര്‍ക്കാരിന്റെ സഹായം നല്‍കും. ബീജ സ്റ്റേഷനും ന്യൂക്ലിയസ് ബ്രീഡിങ് ഫാമും സ്ഥാപിക്കുന്നതിന് കേന്ദ്രം 10 കോടി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: