ന്യൂദൽഹി: പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരോട് അക്രമത്തിന്റെ പാത പിന്തുടരരുതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ അവരുമായി ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
അതേ സമയം കർഷക പ്രശ്‌നത്തിൽ കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും പരാമർശങ്ങളെ വാർത്താ പ്രക്ഷേപണ മന്ത്രിയായ അദ്ദേഹം നിശിതമായി വിമർശിച്ചു. വിളകൾക്ക് മിനിമം താങ്ങുവിലയും കാർഷിക കടം എഴുതിത്തള്ളലും ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ ദൽഹി ചലോ മാർച്ചിന്റെ ഭാഗമായി പഞ്ചാബിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ പഞ്ചാബ്-ഹരിയാന അതിർത്തികളിൽ ഇപ്പോൾ ക്യാമ്പ് ചെയ്യുന്നുണ്ട്.
എല്ലാ പ്രകടനക്കാരോടും അവർ അക്രമത്തിന്റെ പാത പിന്തുടരരുതെന്നാണ് എന്റെ അഭ്യർത്ഥന. കർഷകരുടെ സംഘടനകൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചർച്ച ചെയ്യാൻ സർക്കാർ എപ്പോഴും തയ്യാറാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആദ്യ നാല് റൗണ്ട് ചർച്ചകളിൽ, മോദി സർക്കാരിന്റെ മുതിർന്ന മന്ത്രിമാർ ചണ്ഡീഗഡിൽ കർഷകരെ കാണുകയും മണിക്കൂറുകളോളം വളരെ നല്ല രീതിയിൽ ചർച്ചകൾ നടത്തുകയും ചെയ്തു. ഭാവിയിലും ആവശ്യം വരുമ്പോഴെല്ലാം ഞങ്ങൾ ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അക്രമവും തീവെപ്പും പാടില്ല. ആരുടേയും സ്വത്തിനും ജീവനും നാശം വരുത്തരുത്. ഇത് നമ്മൾ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകരുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി മോദി സർക്കാർ സ്വീകരിച്ച നടപടികൾ മന്ത്രി എടുത്തുപറഞ്ഞു. “ഞങ്ങൾ കരിമ്പ് വില ക്വിൻ്റലിന് 315 രൂപയിൽ നിന്ന് വർധിപ്പിച്ച് 340 രൂപയ്‌ക്ക് വാങ്ങി. കഴിഞ്ഞ വർഷത്തേക്കാൾ 8 ശതമാനം കൂടുതലാണിത്. ഇത് മാത്രമല്ല, കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു, ഈ ദിശയിൽ ഓരോ ചുവടും എടുത്തിട്ടുണ്ട്, ”-അദ്ദേഹം പറഞ്ഞു. കൂടാതെ “ഞങ്ങൾ സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കി. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും അവരെ അഭിവൃദ്ധി ആക്കുന്നതിനുമായി അവരുടെ താൽപര്യം മുൻനിർത്തി മോദി സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചു, അത് തുടർന്നുകൊണ്ടെയിരിക്കും”- അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ എംഎസ്‌പിക്ക് നിയമപരമായ ഗ്യാരണ്ടി നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് 60 വർഷം രാജ്യം ഭരിച്ചപ്പോൾ എന്താണ് ചെയ്തത് എന്നതാണ് കോൺഗ്രസിനോടുള്ള എന്റെ ഒരേയൊരു ചോദ്യമെന്ന് അദ്ദേഹം തക്കതായ മറുപടി നൽകി.
2004-14 മുതൽ കോൺഗ്രസ് എംഎസ്പിക്ക് നൽകിയത് 5.5 ലക്ഷം കോടി രൂപയാണെങ്കിൽ മോദി സർക്കാർ 18.39 ലക്ഷം കോടി രൂപ ഇതിനായി ചെലവഴിച്ചു, ഇത് മൂന്നര മടങ്ങ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: