കേരളത്തിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍, വന്യജീവികള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ അസാധാരണമാംവിധം വര്‍ധിച്ചിരിക്കുന്നു. കടുവയും ആനയുല്ലൊം കാടിറങ്ങുന്നു എന്നാണ് പരാതി. മൃഗങ്ങള്‍ നാട്ടിലേക്ക് വരികയാണോ.നാട് കാട്ടിലേക്ക് കയറുകയാണോ എന്ന ചോദ്യത്തില്‍ നിന്നാണ് അന്വേഷണം ആരംഭിക്കേണ്ടത്. മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മാത്രമാണ്. ഒറ്റയടിക്കല്ല അത്തരമൊരു സ്ഥിതിയിലേക്ക് വനവും വന്യജീവികളും എത്തിയത്. അവ അതിജീവനത്തിനുള്ള തീവ്രശ്രമത്തിലാണ്.
പരിധിയില്ലാത്ത വികസനം മൂലം വനങ്ങള്‍ വലിയതോതില്‍ മനുഷ്യആവശ്യങ്ങള്‍ക്കായി മാറ്റപ്പെടുന്നു. വനവിസ്തൃതിയില്‍ വന്ന കുറവ്, അതിര്‍ത്തി ഗ്രാമങ്ങളിലെ കൂടുന്ന ജനസാന്ദ്രത, വന്യജീവികളുടെ സഞ്ചാര പാതകളിലുണ്ടായ മാറ്റം എന്നിവ സംഘര്‍ഷം കൂടാന്‍ കാരണമായി. തോട്ടങ്ങളുടേയും കൃഷി ഭൂമിയുടേയും വികസനം വനസാന്ദ്രത കുറയ്‌ക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടാകുന്ന വരള്‍ച്ചയും, കൂടുതല്‍ മഴയും കാനന ക്രമം തെറ്റിക്കുന്നു. മനുഷ്യാവശ്യങ്ങള്‍ക്കായി വനം കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ വന്യജീവികളുടെ അതിജീവനത്തിന് ആവശ്യമായ ആവാസ വ്യവസ്ഥകള്‍ പരിമിതപ്പെടുകയാണ്.
അനിയന്ത്രിതമായ വികസന പ്രവര്‍ത്തനങ്ങളാണ് വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കപ്പെടാനുള്ള മുഖ്യകാരണം. അതിരുകളില്ലാതെ വിഹരിച്ചിരുന്ന വനം വെട്ടിച്ചുരുക്കിയതോടെ ഭക്ഷണ ദൗര്‍ലഭ്യം, ജലക്ഷാമം, സഞ്ചാരസൗകര്യം കുറയല്‍, ഇണചേരാനുള്ള അവസരങ്ങളുടെ അപര്യാപ്തത തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ വന്യജീവികള്‍ നേരിടുകയാണ്. ഇതാണ് വന്യമൃഗങ്ങള്‍ കാടിറങ്ങിവരാന്‍ പ്രധാന കാരണം. പണ്ട് കൃഷിയിടങ്ങളില്‍ ഇറങ്ങിയിരുന്നത് കാട്ടു പന്നിയായിരുന്നില്ല, കുറുക്കനായിരുന്നു. ഞണ്ടിനെ തിന്നുകയായിരുന്നു വരവിന്റെ ലക്ഷ്യം. കുറുക്കനെ കാട്ടുപന്നിക്കു പേടിയായതു കൊണ്ട് കുറുക്കനുള്ളിടത്തേക്കു പന്നി വരില്ല. കൃഷിയിടങ്ങളില്‍ കീടനാശിനി ഉപയോഗം രൂക്ഷമായതോടെ ഞണ്ടുകള്‍ ഇല്ലാതായി. കുറുക്കന്‍ വരാതായി. അതോടെയാണ് പന്നികള്‍ വന്നുതുടങ്ങിയത്.
പ്രതിവിധി എന്താണ്?
ആദ്യം വേണ്ടത് മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള കൃത്യമായ കാരണങ്ങളിലേക്ക് മുന്‍വിധികളില്ലാതെ ഇറങ്ങിച്ചെല്ലുക എന്നതാണ്. അനധികൃത മരംവെട്ടും, യൂക്കാലിപ്റ്റസ്, തേക്ക് എന്നീ ഏകവിള തോട്ടങ്ങളുടെ വര്‍ദ്ധനവും ഖനനവും അണക്കെട്ട് നിര്‍മ്മാണവും വനപരിസ്ഥിതി തകിടം മറിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. മാന്‍, മുയല്‍, മയില്‍ വേട്ടയും തൊലി, പല്ല്, കൊമ്പ്, തൂവല്‍ തുടങ്ങിയവയ്‌ക്കുള്ള വന്യജീവി കച്ചവടങ്ങളും വലിയ പ്രശ്‌നമാണ്. കാട്ടുതീ, തടിമോഷണം, അശാസ്ത്രീയമായ മരംമുറിക്കല്‍ തുടങ്ങിയവ മൂലം മണ്ണ് നഷ്ടപ്പെട്ടു. പുനരുത്പാദനമില്ലാത്ത, ഘടന നഷ്ടപ്പെട്ട നിര്‍ജീവമായ വനങ്ങളാണ് ഇന്ന് കേരളത്തില്‍.
1940കളിലാണ് കേരളത്തിലെ വനമേഖലകളിലേക്ക് വ്യാപകമായ കുടിയേറ്റവും കൈയേറ്റവും ആരംഭിച്ചത്. കണ്ടുവെയ്‌ക്കുന്ന ഭൂമിയില്‍ തീയിട്ട് ഘട്ടംഘട്ടമായി കൃഷിയിടമാക്കി മാറ്റുകയായിരുന്നു. അങ്ങനെ കേരളത്തിലെ വലിയൊരുഭാഗം വനഭൂമിയും അപ്രത്യക്ഷമായി. ഇടുക്കി അട്ടപ്പാടി വയനാട് തുടങ്ങിയ മലപ്രദേശങ്ങളില്‍ മരച്ചീനി, രാമച്ചം, ഇഞ്ചി, കാപ്പി, വാഴ, ഏലം തുടങ്ങിയവ വ്യാപകമായി കൃഷി ചെയ്തു. ഇതിനു വേണ്ടി 20,000 ഹെക്ടര്‍ വരെ സ്വാഭാവിക വനങ്ങള്‍ ഓരോ വര്‍ഷവും വെട്ടി. വനാതിര്‍ത്തി സ്ഥിരമായി അടയാളപ്പെടുത്താത്തതാണ് വനം കയ്യേറ്റത്തിന് പ്രചോദനമായത്. കേരള വന നിയമപ്രകാരം അതിരുകളില്‍ സര്‍വ്വേക്കല്ലുകള്‍ സ്ഥാപിക്കാനോ പുതിയ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനോ വനംവകുപ്പിന് കഴിയാതെപോയി. കുടിയേറ്റവും കൈയേറ്റവും തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഇതിന്റെ പാരിസ്ഥിതികാഘാതം കേരളത്തിലുടനീളം അനുഭവപ്പെട്ടു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. വന്യജീവികള്‍ കാടിറങ്ങുന്നതും ഈ തകര്‍ച്ചയുടെ തുടര്‍ച്ചയാണ്.
വനത്തോട്ടങ്ങളുടെ വിപുലീകരണം വനവിഭവങ്ങള്‍ ശേഖരിക്കാനും വിറക് എടുക്കാനും കാടിനെ ആശ്രയിച്ചിരുന്ന വനവാസി ജനതയുടെ അവകാശങ്ങള്‍ നിഷേധിച്ചു. വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ വലിയ രീതിയിലുള്ള നഷ്ടമുണ്ടായത് ഈ തോട്ടവല്‍ക്കരണത്തിലൂടെയാണ്. സര്‍ക്കാരുകളും വനംവകുപ്പും ഈ സമീപനം തുടര്‍ന്നു. പശ്ചിമഘട്ടത്തിലെ നിത്യ ഹരിത വനങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഓരോ വര്‍ഷവും തോട്ടം വിപുലീകരിക്കാന്‍ വനംവകുപ്പ് വെട്ടിവെളുപ്പിച്ചത്.
തേക്ക്, കാപ്പി, തേയില, ഏലം തുടങ്ങിയ നാണ്യവിളകള്‍ പിന്നീട് യൂക്കാലി, അക്കേഷ്യ, മഹാഗണി തുടങ്ങിയ ഏകവിള തോട്ടങ്ങള്‍ക്കായി മാറ്റി. വനങ്ങള്‍ പിഴുതുമാറ്റി സാമൂഹ്യ വനവല്‍ക്കരണ പദ്ധതി എന്ന ലേബലില്‍ വിദേശ വൃക്ഷങ്ങള്‍ നട്ടു. ചുരുങ്ങിയ കാലയളവില്‍ ഈ സസ്യങ്ങള്‍ മണ്ണിലെ ജലാംശം ഊറ്റിയെടുത്ത്, കൊടും വരള്‍ച്ചയിലേക്ക് തള്ളിവിട്ടു. കാടിന്റെ ജൈവികത നഷ്ടപ്പെട്ടു തുടങ്ങുന്നു എന്ന് വനംവകുപ്പ് തിരിച്ചറിഞ്ഞപ്പോള്‍ വൈകി. ടാറ്റാ ഹാരിസണ്‍ മലയാളം തുടങ്ങിയവര്‍ കൈയടക്കി വെച്ചിരിക്കുന്ന ഏക്കറുകണക്കിന് തോട്ടങ്ങള്‍ ഒരുകാലത്ത് നിത്യ ഹരിത വനങ്ങളായിരുന്നു. മൂന്നാര്‍ പോലുള്ള പ്രദേശത്ത് ടാറ്റയുടെ തോട്ടങ്ങള്‍ക്ക് ഇടയിലായി സ്വാഭാവിക വനം മുറിഞ്ഞു പോയി. തേയില ഫാക്ടറികളിലേക്ക് ആവശ്യമായ വിറകു മരം കൃഷി ചെയ്യാന്‍ വനം വെട്ടിത്തെളിച്ച ഇവര്‍ ഗ്രാന്‍ഡിസ് പോലുള്ള മരങ്ങള്‍ വെച്ച് പിടിപ്പിച്ചു. ഇത്തരം തോട്ടവല്‍ക്കരണം പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക വ്യവസ്ഥ ശിഥിലമാക്കി.
വ്യാപകമാകുന്ന മരംമുറിക്കല്‍
വിവേചനരഹിതമായി മരങ്ങള്‍ മുറിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതുമൂലം, മണ്ണൊലിപ്പ് രൂക്ഷമായി, വൃക്ഷ സമ്പത്ത് ചുരുങ്ങി. ഇത് ഒരുപാട് ജീവികളെ പ്രതിസന്ധിയിലാക്കി. ഈ തിരിച്ചറിവില്‍ നിന്നും രൂപപ്പെട്ട നിയമമാണ് വൃക്ഷ സംരക്ഷണ നിയമം-1986. ഈ നിയമത്തിലെ വൃക്ഷത്തിന്റെ നിര്‍വ്വചനത്തില്‍ ചന്ദനം, തേക്ക്, ചെമ്പകം, ഈട്ടി, തുടങ്ങിയ പത്തിനം സസ്യങ്ങളെ ഉള്‍പ്പെടുത്തുകയും ഇവ മുറിക്കുകയോ കടപുഴക്കി എടുക്കുകയോ തീ വയ്‌ക്കുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിക്കുകയും ചെയ്തു. വൃക്ഷ സംരക്ഷണത്തിനായി നിയമം കൊണ്ടുവന്ന ഇതേ സര്‍ക്കാര്‍ തന്നെയാണ് ക്ലിയര്‍ ഫെല്ലിങ്ങ്, സെലക്ഷന്‍ ഫെല്ലിങ്, ഫൈനല്‍ ഫെല്ലിങ്ങ്, സോഷ്യല്‍ ഫോറസ്ട്രി തുടങ്ങിയ പേരുകളില്‍ വലിയതോതില്‍ വനവൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയത്. വനമേഖലകളില്‍ പടര്‍ന്നു പന്തലിക്കുന്ന അധിനിവേശസസ്യങ്ങള്‍ ആണ് വനത്തെയും വന്യജീവികളെയും നശിപ്പിക്കുന്ന മറ്റൊരുകാര്യം. കൊളോണിയല്‍ കാലഘട്ടത്തില്‍ തന്നെ കേരളത്തിലെ വയലുകളിലും പുല്‍മേടുകളിലും വിദേശി പരദേശി സസ്യങ്ങള്‍ പടര്‍ന്നു പന്തലിച്ചു. ഇത് വന്യജീവികളുടെ ഭക്ഷണലഭ്യത കുറച്ചു. 82 ലേറെ വിദേശ സസ്യവര്‍ഗ്ഗങ്ങളാണ് കേരളത്തിലെ വനേതര മേഖലകളിലായി കാണപ്പെടുന്നത്. ഇവ ഭക്ഷിക്കുന്ന ജീവി വര്‍ഗ്ഗങ്ങള്‍ കുറവായതിനാല്‍ ഇവയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. അധിനിവേശ സസ്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നം സമീപകാലത്താണ് വനംവകുപ്പിന് ബോധ്യമായത്.
മറ്റൊരു പ്രധാന പ്രശ്‌നം കാട്ടുതീയാണ്. വേനല്‍കാലത്ത്, വനങ്ങളില്‍ കാട്ടുതീ സാധാരണ സംഭവമായി. പുല്‍മേടുകളും മുളങ്കാടുകളും ഉണങ്ങുന്നതുവഴിയും തീപടരുമെന്നതിനാല്‍ മനുഷ്യനിര്‍മ്മിത കാട്ടുതീയെ കുറിച്ച് അധികം ചര്‍ച്ചകളുണ്ടാകാറില്ല. കാട്ടുതീ സ്വാഭാവിക പ്രക്രിയയായി കണ്ടിരുന്ന വനവാസികളും മറ്റും ഇന്ന് ഏറെ ഭയത്തോടെയാണ് അതിനെ നേരിടുന്നത്. കാട്ടുതീ വന്യജീവികളെയും വനവാസികളെയും ഒരുപോലെ ഭയത്തിലാഴ്‌ത്തുന്നു. റോഡുകളും കുടിയേറ്റങ്ങളും കൈയേറ്റങ്ങളും കൃഷിയിടങ്ങളും വ്യാപിപ്പിക്കാന്‍ കാട് തീയിട്ട് തരിശാക്കി ആവശ്യാനുസരണം ഭൂമി തരപ്പെടുത്തിയെടുക്കുന്നത് കേരളത്തില്‍ നിലനിന്നിരുന്നു. മരങ്ങളെ റെയില്‍വെ സ്ലീപ്പറുകള്‍ക്കോ പ്ലൈവുഡ് വ്യവസായത്തിനോ മുറിച്ചുപോന്നിരുന്ന, തിരഞ്ഞു മുറിക്കല്‍ സമ്പ്രദായം മൂലം നിത്യഹരിതവനങ്ങള്‍ വരണ്ട് ഇലപൊഴിയും കാടുകളായി മാറി. ഇത് കാട്ടുതീയെവര്‍ദ്ധിപ്പിച്ചു. കാട്ടുതീ വഴി വന്യജീവികളുടെ ആവാസ വ്യവസ്ഥയ്‌ക്ക് ഉണ്ടായ നാശനഷ്ടത്തെക്കുറിച്ച് വ്യക്തമായ കണക്കെടുപ്പ് പോലും നടത്തിയിട്ടില്ല. കാട്ടുതീ മൂലം ഭക്ഷ്യക്ഷാമം, വരള്‍ച്ച, തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന ജീവികളുടെ അവസ്ഥ അതികഠിനമാണ്. സ്വന്തം ആവാസകേന്ദ്രം ഉപേക്ഷിച്ച് മറ്റൊരു ഇടം കണ്ടെത്താന്‍ വന്യജീവികള്‍ നിര്‍ബന്ധിക്കപ്പെടുന്നു ഈ പലായനങ്ങള്‍ അവരെ മനുഷ്യവാസ കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നു.
നാളെ: മനുഷ്യന്‍ കാട് വെട്ടിപ്പിടിച്ചു; മൃഗങ്ങള്‍ നാട്ടിലിറങ്ങി
(പ്രകൃതി വന്യജീവി സംരക്ഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: