ബെംഗളൂരു: ബൈജുരവീന്ദ്രനെ പുറത്താക്കാന്‍ 75 ശതമാനം ഓഹരി ഉടമകളുടെ വോട്ടുകള്‍ നേടാന്‍ ബൈജൂസില്‍ പണം നിക്ഷേപിച്ച ആറ് വിദേശക്കമ്പനികള്‍ വിളിച്ചുചേര്‍ത്ത അസാധാരണ പൊതുയോഗം ഫെബ്രുവരി 23 വെള്ളിയാഴ്ച ബെംഗളൂരുവില്‍ നടക്കുകയാണ്. അതേ സമയം താനുള്‍പ്പെടെ ഒരു ബോര്‍ഡംഗവും പൊതുയോഗത്തില്‍ പങ്കെടുക്കില്ലെന്നും ബോര്‍ഡംഗങ്ങള്‍ പങ്കെടുക്കാത്ത അസാധാരണ പൊതുയോഗം അസാധുവാണെന്നുമാണ് ബൈജു രവീന്ദ്രന്റെ നിലപാട്.
ഈ അസാധാരണ പൊതുയോഗത്തിന്റെ ഫലം പുറത്തുവിടാതിരിക്കാന്‍ ബൈജു രവീന്ദ്രന്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു. ഈ പൊതുയോഗത്തിന്റെ ഫലം എന്തായാലും അത് പുറത്തുവിടരുതെന്ന് കര്‍ണ്ണാടക ഹൈക്കോടതി വിധിച്ചിരിക്കുകയാണ്.
പക്ഷെ ഇപ്പോള്‍ ബൈജു രവീന്ദ്രനെതിരെ കൂടുതല്‍ കുരുക്ക് മറുകുകയാണ്. ഫെബ്രുവരി 23നാണ് അസാധാരണ പൊതുയോഗം. ഇതില്‍ ബൈജൂസിന്റെ കൂടുതല്‍ ഓഹരിയുടമകള്‍ സിഇഒ പദവിയില്‍ നിന്നും ബൈജു രവീന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്താല്‍ അത് ബൈജുവിന്റെ പടിയിറക്കമായി മാറുമെന്ന് വിദേശ നിക്ഷേപകര്‍ അവകാശപ്പെടുന്നു. ഇതോടെ ബൈജുരവീന്ദ്രന്‍ ഇന്ത്യ വിടാന്‍ സാധ്യതയുണ്ടെന്ന രഹസ്യവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇഡി എല്ലാ വിമാനത്താവളത്തിലും ബൈജു രവീന്ദ്രനെതിരെ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വരെ സ്പോണ്‍സര്‍ ചെയ്യുകയും ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്റ്റാര്‍ട്ടപ്പായി മാറുകയും ചെയ്ത ബൈജു രവീന്ദ്രനാണ് ഈ ഗതികേട് എന്നോര്‍ക്കണം. തിടുക്കപ്പെട്ട് വളരുന്നതിനിടയില്‍ ചില നിയമങ്ങള്‍ കാറ്റില്‍ പറത്തി എന്നതാണ് ബൈജു രവീന്ദ്രനെതിരായ വിമര്‍ശനം.
പീക് എക്സ് വി, പ്രോസസ്, ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ്, ജനറല്‍ അറ്റ്ലാന്‍റിക്, സോഫിന, സാന്‍റ്സ് ക്യാപിറ്റല്‍ എന്നീ ബൈജൂസില്‍ പണം നിക്ഷേപിച്ച ആറ് വിദേശക്കമ്പനികളാണ് ബൈജു രവീന്ദ്രന്‍ സിഇഒ പദവിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ആവശ്യപ്പെട്ട് അസാധാരണ പൊതുയോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഭൂരിഭാഗം ഓഹരിയുടമകളെ യോഗത്തില്‍ എത്തിക്കാനും ഈ കമ്പനികള്‍ തന്നെ മുന്‍കയ്യെടുത്ത് ശ്രമിക്കുന്നതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: