ബെംഗളൂരു: ഹുക്ക ബാറുകള്‍ (Hookah bars) നിരോധിക്കുന്നതിനുള്ള ബില്‍ നിയമസഭയില്‍ പാസാക്കി. ആഭ്യന്തര മന്ത്രി ജി.പരമേശ്വരയാണ് ബില്‍ അവതരിപ്പിച്ചത്. പൊതുസ്ഥലങ്ങളില്‍ പുകയില ഉല്പന്നങ്ങള് ഉപയോഗിക്കുന്നതും 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റും മറ്റ് പുകയില ഉല്പന്നങ്ങളും വില്‍ക്കുന്നതും നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.
നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ചുമത്തും. ഹുക്ക ബാറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 1000 രൂപ പിഴ ചുമത്തും.
പൊതുജനങ്ങളുടെയും യുവാക്കളുടെയും ആരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ഹുക്ക നിരോധനം ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2023 സെപ്റ്റംറില്‍, സംസ്ഥാനത്ത് ഹുക്ക ബാറുകള്‍ നിരോധിക്കുമെന്നും പുകയില ഉപഭോഗത്തിനുള്ള നിയമപരമായ പ്രായം 18 ല്‍ നിന്ന് 21 വയസ്സായി ഉയര്‍ത്തുമെന്നും കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഹുക്കയില്‍ ഉപയോഗിക്കുന്ന രാസചേരുവകള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും മന്ത്രിപറഞ്ഞു.
ആരോഗ്യ കുടുംബ ക്ഷേമ വകുപ്പുമായി കൂടിയാലോചിച്ചാണ് പുതിയ നിയമം തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി ഏഴിന്, ഹുക്കയുടെ വില്പനയും ഉപഭോഗവും നിരോധിച്ച് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 45
മിനിറ്റ് ഹുക്ക വലിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നും പറയുന്ന പഠനങ്ങളും വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിരുന്നു.
ഹോട്ടലുകളിലും ബാറുകളിലും റസ്റ്റോറന്റുകളിലും ഹുക്ക ഉപയോഗിക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ ഉപയോഗത്തിന് സുരക്ഷിതമല്ലെന്നും പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ഉയര്‍ന്ന അളവില്‍ നിക്കോട്ടിന് അല്ലെങ്കില്‍ പുകയില ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ അപകടകരമാണ്. കൂടാതെ, കഴിഞ്ഞ വര്‍ഷം സമാനമായ നീക്കത്തില്‍, ഹരിയാന സര്‍ക്കാര്‍ സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഉപഭോക്താക്കള്‍ക്ക് ഹുക്ക നല്‍കുന്നത് നിരോധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഗ്രാമപ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന പരമ്പരാഗത ഹുക്കകള്‍ക്ക് ഹരിയാനയിലെ നിരോധനം ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: