ബംഗളൂരു: ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൂപ്പുകുത്തിയ ബൈജൂസ് ലേണിങ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിരവധി കേസുകൾ ഉള്ളതിനാൽ ബൈജു രവീന്ദ്രൻ രാജ്യം വിടാൻ സാദ്ധ്യതയുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകൾ നേരിടുന്നതിന് പിന്നാലെയാണ് ബൈജൂസിനെ തേടി ഇഡിയുടെ നോട്ടീസ് എത്തുന്നത്.
രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്ന് ഔദ്യോഗിക വിശദീകരണമായി പറയുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങൾ ബൈജു രവീന്ദ്രന്റെ പ്രതികരണം തേടിയെങ്കിലും ഇതുവരെ ലഭിച്ചില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട പശ്ചാത്തലത്തിൽ ബൈജു രവീന്ദ്രനെ നീക്കാനായി മാർക് സക്കർബർഗ് ഉൾപ്പെടെയുള്ള നിക്ഷേപകർ അടുത്ത ദിവസം ജനറൽ ബോഡി യോഗം വിളിച്ചിട്ടുണ്ട്.
ബൈജൂസിനെതിരെ 9,362.35 കോടി രൂപയുടെ വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇഡി ബൈജൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെ ബൈജൂസിന്റെ രണ്ട് ഓഫീസുകളിലും ബൈജു രവീന്ദ്രന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വിദേശ ധന വിനിമയ നിയമം ( ഫോറിൻ എക്‌ചേഞ്ച് മാാനേജ്‌മെന്റ് ആക്ട്, ഫെമ) അനുസരിച്ചായിരുന്നു പരിശോധന.
സ്വകാര്യ വ്യക്തികളിൽ നിന്ന് ബൈജൂസിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. പരാതികളിൽ അന്വേഷണം നടത്തുന്നതിന് ബൈജു രവീന്ദ്രനോട് ഹാജരാകാൻ പലതവണ ആവശ്യപ്പെട്ടുവെങ്കിലും സഹകരിക്കാത്തതിനെ തുടർന്നാണ് ഇഡി അന്ന് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: