മമതാ ബാനര്‍ജിയുടെ ഭരണത്തിന്‍കീഴില്‍ പശ്ചിമ ബംഗാള്‍ ഒരു ഗാങ്സ്റ്റര്‍ സ്റ്റേറ്റായി മാറിക്കഴിഞ്ഞതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സന്ദേശ് ഖാലി നല്‍കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതാ ബാനര്‍ജിയുടെ അടുപ്പക്കാരനുമായ ഷെയ്ഖ് ഷാജഹാനെയും കൂട്ടാളികളെയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍പ്പെടുന്ന സന്ദേശ് ഖാലിയിലെ സ്ത്രീകള്‍ രംഗത്തുവന്നതോടെയാണ് അവിടെ നടമാടുന്ന അതിക്രമങ്ങള്‍ പുറംലോകം അറിഞ്ഞത്. ഷാജഹാനും കൂട്ടരും സമാന്തര ഭരണം നടത്തുന്ന ഇവിടെ സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരകളാവുകയും ജോലിചെയ്തതിന് അവര്‍ക്ക് പണം നല്കാതിരുന്നതുമാണ് പ്രതിഷേധത്തിനിടയാക്കിയത്. അഴിമതിക്കേസില്‍ അറസ്റ്റു ചെയ്യാനെത്തിയ എന്‍ഫോഴ്സ്മെന്റിലെയും സിആര്‍പിഎഫിലെയും ഉദ്യോഗസ്ഥരെ ഷെയ്ഖ് ഷാജഹാന്റെയാളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഷാജഹാനും കൂട്ടാളികളും ഒളിവില്‍ പോയിരിക്കുകയാണ്. ഇതിനുശേഷമാണ് ഇവിടങ്ങളില്‍ നടമാടിയിരുന്ന അക്രമങ്ങളുടെ ഭീകരാവസ്ഥ വെളിപ്പെട്ടത്. കൊള്ളയും കൊലപാതകങ്ങളും ബലാല്‍സംഗങ്ങളുമൊക്കെ ബംഗാളില്‍ നിത്യസംഭവങ്ങളായിത്തീര്‍ന്നിട്ട് വര്‍ഷങ്ങളായി. നിയമത്തെയും കോടതിയെയും അംഗീകരിക്കാതെ ഒരുവിഭാഗം ആളുകള്‍ അധികാരത്തിന്റെ ബലത്തില്‍ പുളച്ചുമറിയുകയാണ്. ജനങ്ങളെ അടിച്ചമര്‍ത്തുന്നതും ആട്ടിപ്പായിക്കുന്നതും അരുംകൊല ചെയ്യുന്നതുമൊക്കെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണുന്ന ഒരു വിഭാഗം ഭരണത്തിന്റെ നിയന്ത്രണം കയ്യിലെടുത്തിരിക്കുന്നു. എന്തുവന്നാലും ഇവരെ സംരക്ഷിക്കുകയെന്ന നയമാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്തുടരുന്നത്.
അധികാരത്തിന്റെ ബലത്തില്‍ തൃണമൂല്‍ നേതാക്കള്‍ സ്വന്തം തട്ടകമാക്കി മാറ്റിയിരിക്കുന്ന സന്ദേശ്ഖാലിയില്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊന്നും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഇതിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സന്ദേശ്ഖാലിയെ അക്രമത്തിലാഴ്ത്തിയ ഷെയ്ഖ് ഷാജഹാനെ ഏറ്റവും വേണ്ടപ്പെട്ടവനായാണ് മമതാ ബാനര്‍ജി കാണുന്നത്. ഇതുകൊണ്ടാണ് ഒളിവില്‍പ്പോയി ദിവസങ്ങളായിട്ടും ഇയാളെ പിടികൂടാന്‍ ബംഗാള്‍ പോലീസ് തയ്യാറാവാത്തത്. സന്ദേശ് ഖാലി സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സുവേന്ദു അധികാരി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി കടുത്ത വിമര്‍ശനമാണ് മമതാ സര്‍ക്കാരിനെതിരെ നടത്തിയത്. ഷെയ്ഖ് ഷാജഹാനെ സര്‍ക്കാര്‍ സഹായിക്കരുത്. ഇപ്പോഴത്തെ ബഹളങ്ങള്‍ക്കെല്ലാം കാരണം അയാളാണ്. ഇയാളെ ഒളിവില്‍ കഴിയാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കും. നിയമം ലംഘിക്കാന്‍ ഇയാള്‍ക്ക് അധികാരമില്ല. ഇയാള്‍ കോടതിയില്‍ കീഴടങ്ങണം. ഇതൊന്നും പ്രതിപക്ഷ പാര്‍ട്ടിയുടെ വിമര്‍ശനമല്ലെന്നോര്‍ക്കണം. കോടതിക്കുതന്നെ ഇങ്ങനെയൊക്കെ പറയേണ്ടിവരുമ്പോള്‍ സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ എത്രയെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. സന്ദേശ് ഖാലിയില്‍ തൃണമൂല്‍ നേതാക്കളുടെ അക്രമങ്ങള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. പോലീസിന്റെ ഒത്താശയോടെയാണ് ഇവര്‍ ഒളിവില്‍ കഴിയുന്നതും. കോടതി വിമര്‍ശിച്ചിട്ടുപോലും പോലീസ് അക്രമികള്‍ക്കൊപ്പം നില്‍ക്കുന്നത് മമതയുടെ താല്‍പ്പര്യപ്രകാരമാണ്.
കല്‍ക്കട്ട ഹൈക്കോടതിയുടെ അനുമതിയോടെ സന്ദേശ് ഖാലിയില്‍ എത്തിയ സുവേന്ദു അധികാരിക്ക് കടുത്ത എതിര്‍പ്പാണ് പോലീസില്‍നിന്ന് നേരിടേണ്ടിവന്നത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാക്കളെ അവിടേക്ക് പ്രവേശിപ്പിക്കാതിരിക്കാനുള്ള അടവാണ് പോലീസ് പ്രയോഗിച്ചത്. കോടതി ഉത്തരവ് ഹാജരാക്കിയശേഷമാണ് സുവേന്ദു അധികാരിയെ സന്ദേശ് ഖാലിയിലേക്ക് കടത്തിവിടാന്‍ പോലീസ് തയ്യാറായത്. ജനങ്ങളെ നേരില്‍ക്കണ്ട സുവേന്ദുവിനോട് അവര്‍ തങ്ങളനുഭവിക്കുന്ന ഭീകരാവസ്ഥ വിവരിക്കുകയുണ്ടായി. സന്ദേശ്ഖാലിയിലേത് മമത ഭരണത്തിലെ ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സ്വന്തം പാര്‍ട്ടിക്കാരെയും പോലീസിനെയും ഉപയോഗിച്ച് മമതാബാനര്‍ജി ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിച്ചാല്‍ അധികാരം നഷ്ടമാവുമെന്ന ഭയമാണ് അവരെ പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 18 സീറ്റും നേടി വന്‍കുതിപ്പു നടത്തിയ ബിജെപി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും നേടുമെന്ന് മമതയ്ക്ക് ആശങ്കയുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും അക്രമങ്ങളും പിടിമുറുക്കിയിരിക്കുന്ന ബംഗാള്‍ തകര്‍ച്ചയുടെ വക്കിലാണ്. മൂന്നരപ്പതിറ്റാണ്ടുകാലത്തെ ഇടതു ഫാസിസത്തെ അധികാരത്തില്‍നിന്നിറക്കി ഭരണം പിടിച്ച മമത മറ്റൊരു ഏകാധിപത്യം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഇടതുഭരണത്തിലെ എല്ലാ അതിക്രമങ്ങളും ബംഗാളില്‍ തിരികെയെത്തിയിരിക്കുന്നു. അവിടെ ജനാധിപത്യം വീണ്ടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: