അലാന്യ(തുര്‍ക്കി): ടര്‍ക്കിഷ് വുമന്‍സ് കപ്പ് ഫുട്ബോള്‍ 2024ല്‍ ഭാരത വനിതാ ടീമിന് ചരിത്ര വിജയം. ത്രില്ലര്‍ പോരാട്ടത്തില്‍ എസ്റ്റോണിയയെ 4-3ന് തോല്‍പ്പിച്ചു. വനിതാ ഫുട്ബോളില്‍ യൂറോപ്യന്‍ ടീമിനെതിരെ ഭാരതം നേടുന്ന ചരിത്രത്തിലെ ആദ്യ വിജയമാണിത്.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിലാണ് ഭാരതം എസ്റ്റോണിയയെ തോല്‍പ്പിച്ചത്. ഹോങ്കോംഗ്, കൊസോവ എന്നിവയാണ് പ്രാഥമിക ഘട്ടത്തില്‍ ഭാരതത്തിന്റെ മറ്റ് എതിരാളികള്‍.
എസ്റ്റോണിയയ്ക്കെതിരായ മത്സരത്തില്‍ ഭാരതത്തിന്റെ മനീഷ കല്യാണ്‍ ഇരട്ടഗോള്‍ നേടി. ഇന്ദുമതി കതിരേശനും പ്യാരി സാക്സയും ഭാരതത്തിനായി ഗോളുകള്‍ കണ്ടെത്തി.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ മനീഷ നേടിയ ഗോളിനെതിര എസ്റ്റോണിയന്‍ താരം ലിസെറ്റി ടാമ്മിക് 32-ാം മിനിറ്റില്‍ തരിച്ചടിച്ചു. ആദ്യ പകുതി ഓരോ ഗോള്‍ സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയിലും ഗോളടിക്ക് തുടക്കമിട്ടത് ഭാരതമാണ്. ഇന്ദുമതി കതിരേശനിലൂടെ 62-ാം മിനിറ്റില്‍ ഭാരതം വീണ്ടും മുന്നിലെത്തി. 79-ാം മിനിറ്റായപ്പോഴേക്കും പ്യാരി ഭാരതത്തിന്റെ ലീഡ് 3-1 ആയി ഉയര്‍ത്തി. രണ്ട് മിനിറ്റിനകം മനീഷ ഇരട്ടഗോള്‍ തികച്ച് ടീമിന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു. ഇതിനെതിരെ 88, 90 മിനിറ്റുകളില്‍ എസ്റ്റോണിയ ഗോളുകള്‍ തിരിച്ചടിച്ചെങ്കിലും ഭാരതത്തിനൊപ്പമെത്താന് സാധിക്കാതെ മത്സരം അടിയറവച്ചു.
യൂറോപ്യന്‍ ടീമിനെതിരെ ഭാരതം ആദ്യ വിജയമാണ് നേടുന്നതെങ്കിലും ഫിഫ റാങ്കിങ്ങില്‍ ഭാരത വനിതകളെക്കാല് പിന്നിലാണ് എസ്റ്റോണിയ. ഭാരതം നിലവില്‍ 65-ാം സ്ഥാനത്താണ്. എസ്റ്റോണിയ 98-ാമതും.
ഭാരത വനിതകള്‍ തങ്ങളുടെ പുതിയ പരിശീലക ലംഗാം ചവോബ ദേവിക്ക് കീഴില്‍ ആദ്യമായാണ് ഇന്നലെ ഇറങ്ങിയത്. എസ്റ്റോണിയ ആദ്യ അഞ്ച് മിനിറ്റില്‍ വമ്പന്‍ ആധിപത്യമാണ് പുലര്‍ത്തിയതെങ്കിലും പതുക്കെ ഭാരത താരങ്ങള്‍ കളംപിടിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: