ജലധാര താമരപ്പൂപോലെ സുന്ദരിയായ ഒരു ദേവകന്യകയായി രൂപാന്തരപ്പെടുകയാണെന്നു തോന്നി. അലൗകിക ശാന്തിയുടെയും സാഗരസൗമ്യതയുടെയും മുദ്രയില്‍ അവള്‍, ഈ ഭൂമിയിലെ പവിത്രതയാകെ ഒരുമിച്ചെടുത്ത്, മനുഷ്യശരീരത്തില്‍ അവതരിച്ചതാണെന്നു തോന്നി. അവള്‍ നില്ക്കാതെ, അടുത്തുള്ള പാറക്കല്ലിന്മേല്‍ പോയിരുന്നു. ഇതെല്ലാം നേരില്‍ കാണുന്ന പ്രതീതി ആയിരുന്നു.
ആ ദേവകന്യക പതുക്കെ, അതീവശാന്തഭാവത്തില്‍, മഞ്ജുളവാണിയില്‍ എന്തോ പറയാന്‍ ആരംഭമിട്ടു. ഞാന്‍ മന്ത്രമുഗ്‌ദ്ധനെപ്പോലെ, ഏകാഗ്രചിത്തനായി കേള്‍ക്കാന്‍ തുടങ്ങി. അവള്‍ പറഞ്ഞുതുടങ്ങി: അല്ലയോ മനുഷ്യദേഹധാരിയായ ആത്മാവേ, ഈ വിജനമായ വനാന്തരത്തില്‍ നീ തന്നെയാണ് നാലുപാടും ചിതറികിടക്കുന്നത്. സ്വയം മനുഷ്യനില്‍ മാത്രം ഒതുങ്ങി നില്ക്കാതിരിക്കൂ! വിശാലമായ ഈ സൃഷ്ടിയില്‍ മനുഷ്യനും ഒരു ചെറിയ പ്രാണിയാണ്; അവനും ഒരു സ്ഥാനമുണ്ട്. എന്നാല് മനുഷ്യന്‍ മാത്രമായാല്‍ എല്ലാമാകുന്നില്ല. മനുഷ്യനില്ലാത്തിടം ശൂന്യമാണെന്ന് കരുതുന്നതെന്തിനാണ്. അചേതനവും സചേതനവുമായി കരുതപ്പെടുന്ന മറ്റു ജീവികളും മനുഷ്യനെപ്പോലെ തന്നെ ഈശ്വരനു പ്രിയമാണ്. നീ അവയെ സഹോദരങ്ങളായി എന്തുകൊണ്ട് കരുതുന്നില്ല. അവയില്‍ സ്വന്തം ആത്മാവിനെ എന്തുകൊണ്ട് കാണുന്നില്ല. സ്വന്തം സഹചാരികളായി അവയെ കണക്കാക്കാത്തതെന്താണ്. ഈ വിജനപ്രദേശത്ത് മനുഷ്യനില്ല, പക്ഷേ മറ്റനവധി ജീവികള്‍ ഉണ്ടല്ലോ. പക്ഷിമൃഗാദികള്‍, കീടങ്ങള്‍, ശലഭങ്ങള്‍ വൃക്ഷലതാദികള്‍ ഇങ്ങനെ ഒട്ടനേകം യോനികള്‍ ഈ പര്‍വതങ്ങളിലും കാടുകളിലും വസിക്കുന്നുണ്ടല്ലോ. എല്ലാത്തിലും ആത്മാവുണ്ട്. എല്ലാത്തിലും വികാരങ്ങളുമുണ്ട്. അല്ലയോ യാത്രക്കാരാ, അചേതനമെന്നു കരുതപ്പെടുന്ന ഇവയുടെ ആത്മാവുമായി സ്വന്തം ആത്മാവിനെ കൂട്ടിയിണക്കിയാല്‍ നിന്റെ ഭാഗികമായ ആത്മാവിനെ പൂര്‍ണ്ണമായ ആത്മാവിന്റെ രൂപത്തില്‍ കാണാന്‍ കഴിയും
ഭൂമിയില്‍ അവതരിച്ച ദിവ്യസൗന്ദര്യത്തിന്റെ ആത്ഭുതപ്രതിമയായ ആ ദേവകന്യക ഇടവിടാതെ പറഞ്ഞുകൊണ്ടിരുന്നു: ഈശ്വരന്‍ മനുഷ്യന് ബുദ്ധികൊടുത്തു, പക്ഷേ അതിന്റെ സുഖം അനുഭവിക്കാന്‍ അവനു കഴിഞ്ഞില്ല. തൃഷ്ണയിലും ഭോഗത്തിലും ഈശ്വരീയ വരദാനം ദുരുപയോഗപ്പെടുത്തി, കിട്ടേണ്ടതായ പരമാനന്ദം നഷ്ടപ്പെടുത്തി, പ്രശംസയ്‌ക്കര്‍ഹനായ അവന് ദയയ്‌ക്കു പാത്രീഭൂതനായി. എന്നാല്‍ സൃഷ്ടിയിലെ മറ്റു ജീവികള്‍ ഇപ്രകാരം ഭോഷത്വം കാട്ടാറില്ല. അവയ്‌ക്ക് ബുദ്ധി ഇല്ലായിരിക്കാം. എന്നാല്‍ വൈകാരികമായി, ഭാവനാതലത്തില്‍ അവയുമായി ഇണങ്ങിനോക്കൂ, എവിടെയാണ് ഏകാകിത്വം? എല്ലാംതന്നെ നിന്റെ സഹചരന്മാരാണ്, കൂട്ടാളികളാണ്. എല്ലാം ബന്ധുമിത്രാദികളാണ്.
തിരിഞ്ഞു കിടന്നപ്പോള്‍ മയക്കം തെളിഞ്ഞു. പിടഞ്ഞെണീറ്റു നാലുപാടും നോക്കി. അമൃതതുല്യമായ മധുരോപദേശങ്ങള്‍ ചൊല്ലിത്തന്നിരുന്ന ദേവകന്യക അവിടെയില്ല. അവള്‍ ഈ പുഴയില്‍ ലയിച്ചുപോയതാവാമെന്ന് തോന്നി, അഥവാ മനുഷ്യരൂപം വിട്ടു ജലധാരയായി രൂപാന്തരപ്പെട്ടിരിക്കാം. മനുഷ്യഭാഷയില്‍ പറഞ്ഞിരുന്ന വാക്കുകള്‍ കേള്‍ക്കാനില്ലായിരുന്നു. എന്നാല്‍ ‘കളകള’ധ്വനിയില്‍ അതേ ആശയമാണ് മുഴങ്ങികേട്ടത്, അതേ സന്ദേശമാണ് അതിലടങ്ങിയിരുന്നത്. ചര്‍മ്മശ്രോത്രങ്ങള്‍ക്ക് അത് ശ്രവിക്കാനുള്ള കഴിവില്ലായിരുന്നു. എന്നാല്‍ കര്‍ണ്ണങ്ങളുടെ ആത്മാവ് അത് മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്തിരുന്നു.
ഇത് ജാഗ്രത ആയിരുന്നോ, സ്വപ്‌നമായിരുന്നോ, യാഥാര്‍ത്ഥ്യമായിരുന്നോ അതോ ഭ്രമമായിരുന്നോ? എന്റെ സ്വന്തം വിചാരങ്ങളായിരുന്നോ, അതോ ദിവ്യസന്ദേശമായിരുന്നോ? ഒന്നും വ്യക്തമായിരുന്നില്ല. കണ്ണുതുറന്നു, തലയില്‍ കൈയോടിച്ചു. കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ തിരയാന്‍ ശ്രമിച്ചു. ഒന്നും കിട്ടിയില്ല. ഒരു സമാധാനവും കണ്ടെത്തിയില്ല.
ഏതാണ്ടതേ സമയം കുതിച്ചുപൊങ്ങിവരുന്ന തിരകളിന്മേല്‍ തെന്നിത്തെന്നി വരുന്ന അനേകം ചന്ദ്രബിംബങ്ങള്‍ നാലുഭാഗത്തുനിന്നും ഒന്നിച്ചു ചേരുന്നതായി കണ്ടു. അവ പുഞ്ചിരിപൊഴിച്ചുകൊണ്ട് എന്തൊക്കെയോ പറയുകയായിരുന്നു. അവയുടെ പറച്ചില്‍ കേള്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പിഞ്ചുശിശുക്കളെപ്പോലെ ആ പ്രതിബിംബങ്ങള്‍ പറയാന്‍ തുടങ്ങി: ഞങ്ങളിത്രയും ചന്ദ്രന്മാര്‍ നിങ്ങളോടൊത്തു ചിരിച്ചുകളിക്കാന്‍ ഇവിടെയുണ്ടല്ലോ, ഞങ്ങളെ കൂട്ടുകാരായി സ്വീകരിക്കുകയില്ലേ? ഞങ്ങളുടെ ചങ്ങാത്തം ഇഷ്ടമല്ലേ? മനുഷ്യാ, നിങ്ങള്‍ വന്നിരിക്കുന്നത്, മമതയുള്ളവരെയും സ്വന്തം കാര്യങ്ങള്‍ക്ക് ഉപകരിക്കപ്പെടുന്നവരെയും മാത്രം പ്രിയപ്പെട്ടവരായി കരുതുന്ന സ്വാര്‍ത്ഥതയുടെ ലോകത്തില്‍് നിന്നുമാണ്. ആരെക്കൊണ്ടു കാര്യം സാധിച്ചോ, അവര്‍ സ്വന്തം; സ്വാര്ത്ഥത സഫലമാക്കാന് ഉപകരിക്കപ്പെടാത്തവര്‍ അന്യര്‍്; ഇതാണ് നിങ്ങളുടെ ലോകാചാരം, അല്ലേ? ഇതുപേക്ഷിക്കൂ, ഞങ്ങളുടെ ലോകത്തിലെ ആചാരങ്ങള്‍ പഠിക്കൂ: ഇടുങ്ങിയ മനോഭാവമില്ല, സ്വാന്തഭാവമില്ല, സ്വാര്‍ത്ഥതയില്ല; ഇവിടെ എല്ലാവരും ഉറ്റവരാണ്, എല്ലാറ്റിലും ഒരേ ആത്മാവാണുള്ളത്, എന്ന ചിന്താഗതിയാണ്. നിങ്ങളും ഇത്തരത്തില് ചിന്തിക്കൂ. അപ്പോള്‍ ചന്ദ്രബിംബങ്ങളായ ഞങ്ങള്‍ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്ക് ഏകാകിത്വം അനുഭവപ്പെടുകയില്ല.
നിങ്ങള്‍ ഇവിടെ സാധന അനുഷ്ഠിക്കാന്‍ വന്നതല്ലേ? സാധനാ നിരതയായ ഈ ഗംഗയെ നോക്കൂ, പ്രിയതമന്റെ പ്രേമത്തില്‍ നിമഗ്‌നയായി, സമാഗമത്തിനായി, എത്ര ഉത്സാഹത്തിമര്‍പ്പോടും, വെമ്പലോടും പാഞ്ഞുകൊണ്ടിരിക്കുന്നു. മാര്‍ഗ്ഗത്തിലെ തടസ്സങ്ങള്‍ക്കൊന്നിനും അതിനെ തടഞ്ഞു നിര്‍ത്താനാവുന്നില്ല. അന്ധകാരവും ഏകാകിത്വവും അത് ശ്രദ്ധിക്കുന്നതേയില്ല. ലക്ഷ്യത്തിലേയ്‌ക്കുള്ള പ്രായാണത്തില്‍ ഒരു നിമിഷമെങ്കിലും മനസ്സു വ്യതിചലിക്കുന്നുണ്ടോ? സാധാനാമാര്‍ഗ്ഗം സ്വീകരിക്കണമെങ്കില്‍ നിങ്ങളും ഇതേ രീതി അവലംബിക്കൂ. ഇഷ്ടദേവനെ കാണാന്‍ നിങ്ങളുടെ ആത്മാവും ഗംഗാപ്രവാഹംപോലെ ദ്രുതഗാമി ആവുമ്പോള്‍, ജനസമൂഹത്തപ്പറ്റിയുള്ള ആകര്‍ഷണമോ, ഏകാകിത്വമോര്‍ത്തുള്ള ഭയമോ, നിങ്ങളെ ബാധിക്കുന്നതെങ്ങനെയാണ്? ഗംഗാതീരത്ത് തപസ്സനുഷ്ഠിക്കണമെങ്കില്‍ ഗംഗയെപ്പോലെയുള്ള പ്രേമസപര്യ സ്വീകരിക്കൂ!
ശീതളമായ തിരകളുമായി അനേകം ചന്ദ്രബാലന്മാര്‍ കളിക്കുന്നുണ്ടായിരുന്നു. നമ്മുടെ മഥുരയില്‍ ഒരിക്കലുണ്ടായിരുന്ന രാസനൃത്യം പ്രത്യക്ഷത്തില്‍ കാണുന്നതുപോലെ തോന്നി. തിരകള്‍ ഗോപികളായി; ചന്ദ്രന്‍ കൃഷ്ണരൂപം ധരിച്ചു. ഓരോ ഗോപസ്ത്രീയുമൊത്ത് ഓരോ കൃഷ്ണന്‍, എത്ര അത്ഭുതകരമായ രാസനൃത്തമാണ് ഈ കണ്ണുകള്‍ കണ്ടുകൊണ്ടിരുന്നത്. മനം ആനന്ദതുന്ദിലമായി. ദൈവികചേതന, ഋതംഭരപ്രജ്ഞ, പറയാന്‍ തുടങ്ങി: നോക്കൂ, തന്റെ പ്രിയതമന്റെ രൂപം കാണൂ. ഗംഗയുടെ വെള്ളിത്തിരകളുമൊത്ത് ഒരേ ചന്ദ്രന്റെ അനേകം പ്രതിരൂപങ്ങള്‍ നൃത്തം ചെയ്യുന്നതുപോലെ ഒരേ ആത്മാവ് എല്ലാ ശരീരങ്ങളിലും തുള്ളിക്കളിക്കുകയാണ്.
രാവു കഴിഞ്ഞു, പുലരിയുടെ അരുണിമ പ്രാചിയില്‍ പരന്നു തുടങ്ങി. കണ്ട കാഴ്ച അത്ഭുതാവഹമായിരുന്നു. ഏകാകിത്വത്തിന്റെ ഭയം പാടേ മാറി. കാലുകള്‍ പതുക്കെപ്പതുക്കെ പര്‍ണ്ണശാലയിലേയ്‌ക്കു നീങ്ങാന്‍ തുടങ്ങി. ഏകാകിത്വത്തിന്റെ പ്രകാശം ഇപ്പോഴും മസ്തിഷ്‌ക്കത്തിലുണ്ടായിരുന്നു.
(തുടരും)
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ ‘വിജനതയിലെ സഹചാരികള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: