തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിനായി സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയാറായി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്.
ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26നായിരിക്കും .സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെയാകും ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ഒരു പി ബി അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, ഒരു മന്ത്രിയുള്‍പ്പെടെ നാല് എംഎല്‍എമാര്‍, മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ എന്നിങ്ങനെയാണ് ഇത്തവണ സിപിഎം ലോക്സഭ തെരഞ്ഞെടുപ്പിന് രംഗത്തിറക്കിയിരിക്കുന്നത്.
ആലത്തൂരില്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണനാണ് മത്സരിക്കുക. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ എംഎല്‍എ വടകരയില്‍ മത്സര രംഗത്തുണ്ടാകും.ടി എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും മത്സരിക്കും. പൊന്നാനിയില്‍ മുസ്ലീം ലീഗ് മുന്‍ നേതാവ് കെഎസ് ഹംസ സി പി എമ്മിനായി മത്സരിക്കും.പൊതുസ്വതന്ത്രനായിട്ടാണ് ഹംസ മത്സരിക്കുക.
മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫാണ് മത്സരത്തിനിറങ്ങുക. ചാലക്കുടിയില്‍ മുന്‍ മന്ത്രി സി രവീന്ദ്രനാഥ് മത്സരിക്കുമ്പോള്‍ എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ ജെ ഷൈന്‍ ആകും മത്സര രംഗത്തുണ്ടാവുക.
പാലക്കാട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവനാണ് സ്ഥാനാര്‍ത്ഥി. കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും കാസര്‍കോട് സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനും മത്സരിക്കും. ആറ്റിങ്ങലില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എ സ്ഥാനാര്‍ത്ഥിയാകും. കൊല്ലത്ത് എം മുകേഷ് എംഎല്‍എ സ്ഥാനാര്‍ത്ഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: