തിരുവനന്തപുരം : കേരള സര്‍വകലാശാല സെനറ്റ് യോഗത്തിലുണ്ടായ സംഭവങ്ങളില്‍ ഗവര്‍ണര്‍ക്ക് വിശദ റിപ്പോര്‍ട്ട് നല്‍കി വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍. നേരത്തേ വി സിയെ വിളിച്ച് വരുത്തി ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
താന്‍ വിളിച്ച യോഗത്തില്‍ മന്ത്രി ആര്‍ ബിന്ദു സ്വന്തം നിലയ്‌ക്ക് എത്തി സ്വയം അധ്യക്ഷയാകുകയായിരുന്നുവെന്ന് വിസി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി അത് കണക്കിലെടുത്തില്ല. ചാന്‍സലറുടെ അസാന്നിധ്യത്തില്‍ തനിക്ക് അധ്യക്ഷ ആകാമെന്ന നിലപാടിലായിരുന്നു മന്ത്രി .
വി.സിയെ നിയമിക്കാനുളള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന പ്രമേയം അജണ്ടയിലില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. യോഗത്തില്‍ ഉയര്‍ന്ന പേരുകള്‍ റിപ്പോര്‍ട്ടില്‍ വിസി ഉള്‍പ്പെടുത്തി. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേര് കൈമാറി.
കഴിഞ്ഞ ആഴ്ച നടന്ന സെനറ്റ് യോഗം വാക്കേറ്റത്തിലും ബഹളത്തിലും കലാശിച്ചിരുന്നു. സെനറ്റിലെ ഗവര്‍ണുടെ നോമിനികള്‍ യോഗത്തിലുണ്ടായ സംഭവങ്ങളെ കുറിച്ച് ഗവര്‍ണറോട് പരാതിപ്പെട്ടിരുന്നു.
വി.സിയുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: