കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം നടക്കുന്നതിനിടെ ബിജെപി മുതിര്‍ന്ന നേതാവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി സന്ദേശ് ഖാലിയില്‍ സന്ദര്‍ശനം നടത്തി. സന്ദര്‍ശനത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. സന്ദേശ് ഖാലിയില്‍ 144 ഏര്‍പ്പെടുത്തിയതോടെയാണ് സുവേന്ദുവിന് കോടതിയെ സമീപിക്കേണ്ടി വന്നത്. ബിജെപി നേതാവ് ശങ്കര്‍ ഘോഷും സുവേന്ദു അധികാരിക്കൊപ്പം സന്ദേശ് ഖാലിയില്‍ സന്ദര്‍ശനം നടത്തി.
ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കൈമാറിയതിനെ തുടര്‍ന്നാണ് സംസ്ഥാന പോലീസും പ്രാദേശിക ഭരണകൂടവും പ്രശ്നബാധിത മേഖലയിലേക്ക് സുവേന്ദുവിനെ കടത്തിവിട്ടത്. ഇതിനു മുമ്പ് രണ്ടുതവണ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും മമത സര്‍ക്കാര്‍ അത് തടഞ്ഞു. ഇതോടെയാണ് കോടതിയെ സമീപിച്ച് ഉത്തരവ് നേടിയെടുത്തത്.
144 ചൂണ്ടിക്കാട്ടി സുവേന്ദു സന്ദേശ് ഖാലി സന്ദര്‍ശിക്കുന്നതിനെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് കോടതി ഉത്തരവിനെ ലംഘിക്കുന്നതാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും ചൂണ്ടിക്കാട്ടി സുവേന്ദു അധികാരി പ്രതിഷേധിച്ചതോടെ കടത്തിവിടുകയായിരുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ ഇപ്പോഴും പ്രദേശത്ത് ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്.
ബിജെപി നേതാക്കള്‍ പ്രദേശം സന്ദര്‍ശിക്കുന്നതും ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനേയും തടയാനുള്ള നീക്കത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. അതിനിടെ സിപിഎം നേതാവ് വൃന്ദ കാരാട്ട് സന്ദേശ് ഖാലി സന്ദര്‍ശിക്കാനെത്തിയെങ്കിലും അധികൃതര്‍ തടഞ്ഞു. അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സാധാരണക്കാരുടെ ഭൂമി തട്ടിയെടുത്താണ് ടിഎംസി നേതാക്കള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് വൃന്ദ പറഞ്ഞു. ടിഎംസി നേതാക്കളുടെ ആക്രമണങ്ങളെക്കുറിച്ച് സന്ദേശ് ഖാലിയുടെ സ്ത്രീകള്‍ മൊഴിയും പരാതിയും നല്‍കിയിട്ടുണ്ട്. അന്വേഷണം നടത്താതെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്ന് എങ്ങിനെ പറയാന്‍ സാധിക്കും? വൃന്ദ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: