ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സമന്‍സ് അയയ്ക്കാനൊരുങ്ങി ആസാം പോലീസ്. ഗുവാഹത്തിയിലെ പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ന്യായ് യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് നശിപ്പിച്ചതിലാണ് നടപടി. ആസാം പോലീസിന്റെ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്റാണ് (സിഐഡി) കേസ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ രാഹുലിനെ കൂടാതെ മുതിര്‍ന്ന നേതാക്കളായ കെ.സി. വേണുഗോപാല്‍, ജിതേന്ദ്ര സിങ്, ജയറാം രമേശ്, ശ്രീനിവാസ് ബി.വി. കനയ്യ കുമാര്‍, ഗൗരവ് ഗോഗോയ്, ഭൂപെന്‍ കുമാര്‍ ബോറ, ദബൊബ്രത സയ്കിയ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഗുവാഹത്തിയിലെ ബാരിക്കേഡുകള്‍ തകര്‍ത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് അസം പോലീസ് കോണ്‍ഗ്രസ് എംഎല്‍എ ജാകില് ഹുസൈന് സിക്ദറിനും ഗുവാഹത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രമണ്‍ കുമാര്‍ ശര്‍മ്മയോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.
മാവോയിസ്റ്റ് ആക്രമണത്തിന് സമാനമായ നടപടിയാണ് കോണ്‍ഗ്രസുകാരുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വിഷയത്തില്‍ പ്രതികരിച്ചത്. നാശനഷ്ടങ്ങള്‍ വരുത്തിയവര്‍ക്കെതിരെ കേസെടുക്കാനും മുഖ്യമന്ത്രി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ 2018ലെ അപകീര്‍ത്തി കേസില്‍ രാഹുലിന് സുല്‍ത്താന്‍പൂര്‍ കോടതി ജാമ്യം ലഭിച്ചു.
കര്‍ണാടക തെരഞ്ഞെടുപ്പിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബെംഗളൂരുവില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ നടത്തിയ പരാമര്‍ശത്തിനാണ് കേസെടുത്തത്. സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ അവര്‍ക്ക് കൊലപാതക കേസില്‍ പ്രതിയായ അധ്യക്ഷനുണ്ടെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. 2018ല്‍ അമിത്ഷാ ബിജെപി ദേശീയ അധ്യക്ഷനായിരിക്കേയാണ് ഈ പരാമര്‍ശം. വിജയ് മിശ്ര എന്നയാളാണ് രാഹുലിനെതിരെ കേസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: