ജമ്മുകശ്മീര്‍: ദശകങ്ങളോളം കുടുംബാധിപത്യത്തിന്റെ ദുരിതങ്ങള്‍ അനുഭവിച്ചവരാണ് ജമ്മു കശ്മീരിലെ ജനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചശേഷം പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജമ്മു കശ്മീരില്‍ കാലങ്ങളായി അധികാരം കൈയാളിയ കുടുംബങ്ങള്‍ അവരുടെ താത്പര്യങ്ങള്‍ മാത്രമാണ് നോക്കിയത്. കശ്മീരിലെ ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ അതിന്റെ ദുരിതം അനുഭവിച്ചു. കുടുംബാധിപത്യത്തില്‍ നിന്ന് ജമ്മു കശ്മീരിലെ ജനങ്ങള്‍ രക്ഷപ്പെട്ടതില്‍ എനിക്ക് സന്തോഷമുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരിന്റെ പുരോഗതിക്ക് ഏറ്റവും വലിയ തടസമായിരുന്ന മുന്നൂറ്റെഴുപതാം വകുപ്പ് 2019ല്‍ നീക്കി. ഇപ്പോള്‍ ഈ കേന്ദ്ര ഭരണപ്രദേശം വലിയ വികസനത്തിലേക്ക് കുതിക്കുകയാണ്. ഇതിന്റെ അടയാളമെന്നോണമാണ് ഇത്തവണ ബിജെപിയെ 370 സീറ്റുകളില്‍ വിജയിപ്പിക്കണം എന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത്. എന്‍ഡിഎയ്ക്ക് 400 സീറ്റുകളും നല്‍കണം. വിഘടനവാദം, വെടിയൊച്ചകള്‍, ബോംബു സഫോടനങ്ങള്‍, തട്ടിക്കൊണ്ടു പോകലുകള്‍… തുടങ്ങി നിരാശാജനകമായ വാര്‍ത്തകളാണ് ജമ്മു കശ്മീരില്‍ നിന്നു വന്നിരുന്നത്. അവിടെ നിന്ന് വികസിത് ജമ്മു കശ്മീര്‍ എന്ന കുതിപ്പിന്റെ പാതയിലാണ് പ്രദേശം.
മുന്നൂറ്റെഴുപതാം വകുപ്പ് റദ്ദാക്കിയത് സുപ്രീം കോടതി അംഗീകരിച്ചതിനുശേഷം പ്രധാനമന്ത്രിയുടെ ആദ്യത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനമാണിത്. മൗലാനാ ആസാദ് സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. വിമാനത്താവളത്തില്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ബിജെപി ജമ്മു കശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: