തിരുവനനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്റെ ഓഫീസിലെത്താന്‍ പടിക്കെട്ടുകയറി നടുവൊടിയണം. ലിഫ്റ്റ് നന്നാക്കണമെന്ന് ഓംബുഡ്സ്മാന് നിര്‍ദ്ദേശിച്ചിട്ടും നടപടിയെടുുക്കാതെ കെട്ടിട ഉടമസ്ഥരായ തിരുവനന്തപുരം ഡെവലപ്മെന്റ് അതോറിറ്റി (ട്രിഡ).
ട്രിഡയുടെ പാളയം സാഫല്യം കോംപ്ലക്സിലെ നാലാം നിലയിലാണ് ഓംബുഡ്സ്മാന്റെ ഓഫീസ്. നാലാം നിലയിലേക്ക് ഒറ്റ ലിഫ്റ്റ് മാത്രമാണ് ഉള്ളത്. ശേഷിക്കുന്ന ലിഫ്റ്റുകള്‍ രണ്ടാം നിലവരെയെ ഉള്ളൂ. ഏതാനും മാസം മുമ്പ് എല്ലാ ലിഫ്റ്റുകളും കേടായിരുന്നു. ലിഫ്റ്റുകള്‍ നന്നാക്കണമെന്ന് ഓംബുഡ്സ്മാന് ജസ്റ്റിസ് പി.എസ്. ഗോപിനാഥന് ഉത്തരവിലൂടെ തന്നെ നിര്‍ദ്ദേശിച്ചു. എന്നാല്‍ രണ്ടാം നിലവരെയുള്ള ലിഫ്റ്റുകള്‍ മാത്രം നന്നാക്കി. ഓംബുഡ്സ്മാന്റെ ഓഫീസിലേക്കുള്ള ലിഫ്റ്റ് പൂര്‍ണമായും മാറ്റണമെന്നും അതിനുള്ള ഫണ്ടില്ലെന്നും ചൂണ്ടിക്കാട്ടി ലിഫ്റ്റ് ഉപേക്ഷിച്ച നിലയിലാണ്.
ദിനം പ്രതി നിരവധി പേരാണ് ഓഫീസിലേക്ക് എത്തുന്നത്. നാലു നിലയിലേക്കുമുള്ള പടിക്കെട്ടുകള്‍ വലിഞ്ഞുകയറണം. തിരികെ ഇറങ്ങുക കൂടി ചെയ്യുന്നതോടെ പലരും അവശരായാണ് മടങ്ങുന്നത്. ഇതിനിടെ വാടക കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ട്രിഡ ഓംബുഡ്സ്മാനെ സമീപിച്ചു. എന്നാല്‍ ലിഫ്റ്റ് നന്നാക്കാതെ വാടക കൂട്ടി നല്‍കാനാകില്ലെന്ന് ഓംബുഡ്സ്മാന് ട്രിഡയെ അറിയിച്ചു.
ഇതോടെ വാടക കൂട്ടണമെന്ന ആവശ്യം ട്രിഡ ഉപേക്ഷിച്ച മട്ടാണ്. വര്‍ഷത്തില്‍ 2000ല്‍ അധികം കേസുകളാണ് ഓംബുഡ്സ്മാനില്‍ എത്തുന്നത്. വിചാരണയ്ക്കും നടപടികള്‍ക്കുമായി എത്തുന്നവര്‍ 10000 ല്‍ അധികം. ഇത്രയും പേര് എത്തുന്ന ഓഫീസിലെ ലിഫ്റ്റ് നന്നാക്കാത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: