മുംബൈ: മറാത്ത വിഭാഗക്കാര്‍ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മേശപ്പുറത്തുവച്ച ബില്ലിനെ എന്‍സിപി മന്ത്രി ഛഗന്‍ ഭുജ്ബല്‍ ഒഴികെയുള്ള മുഴുവന്‍ പേരും പിന്തുണച്ചു. ബില്ലിന് ലെജിസ്ലേറ്റിവ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച ശേഷം ഗവര്‍ണര്‍ ഒപ്പിടുന്നതോടെ നിയമമാകും.
ഏകദേശം രണ്ട് കോടിയിലധികം കുടുംബങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ റിട്ട. ജഡ്ജി ജസ്റ്റിസ് സുനില്‍ ഷുക്രേ അധ്യക്ഷനായ മഹാരാഷ്ട്ര പിന്നാക്ക വിഭാഗ കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്‍ അവതരിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയിലും ജോലികളിലും മറാത്ത വിഭാഗത്തിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതാണ് ബില്‍.
സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 28 ശതമാനമുള്ള മറാത്ത വിഭാഗം സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമാണെന്ന് കമ്മിഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ജോലികളില്‍ ഇവരുടെ പ്രാതിനിധ്യം കുറവാണ്. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരില്‍ 94% പേരും ഈ വിഭാഗക്കാരാണ്. നിലവില്‍ സംസ്ഥാനത്ത് വിവിധ വിഭാഗങ്ങള്‍ക്കായി 52% സംവരണമാണുള്ളത്. മറാത്ത വിഭാഗക്കാരെ ഒബിസിയില്‍ ഉള്‍പ്പെടുത്തുന്നത് നീതിയുക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മറാത്ത സമൂഹം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യുക എന്നതാണ് പുതിയ നിയമനിര്‍മാണത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ഞാന്‍. എല്ലാവരുടെയും ആശിര്‍വാദത്തോടെയാണ് ജോലിചെയ്യുന്നത്. ഒരിക്കലും ജാതിയുടെയോ സമുദായത്തിന്റെയോ അടിസ്ഥാനത്തില്‍ ചിന്തിക്കുകയില്ല.
ഏതൊരു വിഭാഗത്തിനും ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ സമാനമായ തീരുമാനമാണ് കൈക്കൊള്ളുക. എല്ലാവരുടെയും വികസനത്തിനായി എല്ലാവര്‍ക്കുമൊപ്പം എന്നാണ് നമ്മുടെ പ്രധാനമന്ത്രി എപ്പോഴും പറയാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: