2020ല്‍ മോദി സര്‍ക്കാര്‍ പുറത്തിറക്കിയ കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ സമരവുമായി എത്തിയപ്പോള്‍ പഞ്ചാബിലെ കര്‍ഷകരുടെ കൂടി പ്രതിനിധിയായ ശിരോമണി അകാലിദളിനും അതിന്റെ പ്രതിനിധിയായ കേന്ദ്രമന്ത്രിയ്ക്കും അതിനോട് ഐക്യപ്പെടുക മാത്രമായിരുന്നു മുന്നിലുള്ള ഏക വഴി. അങ്ങിനെയാണ് മോദി സര്‍ക്കാരിലെ ഭക്ഷ്യവകുപ്പ് മന്ത്രിയായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്ന വനിതാ മന്ത്രി തന്റെ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് പടിയിറങ്ങിയത്.
അതിന് ശേഷം അവര്‍ കര്‍ഷകസമരത്തെക്കുറിച്ച് കൂറെ കാര്യങ്ങള്‍ മനസ്സിലാക്കി. അതിന് പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഗൂഢാലോചനയുണ്ട്. ഇന്ത്യയിലെ എന്‍ജിഒകള്‍ കര്‍ഷകസമരത്തെ കുത്തിപ്പൊക്കുന്നവരാണ്. മോദി വിരുദ്ധ ജേണലിസ്റ്റുകളും മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ഇന്ത്യയിലെ സ്ഥാപനങ്ങളും അതിന് പിന്നിലുണ്ട്. ഇതിനപ്പുറം കാനഡയിലെ ഖലിസ്ഥാന്‍ വാദികളായ സിഖുകാരുടെ സംഘടനയ്ക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന മോദി സര്‍ക്കാരിനെ താഴത്തിറക്കാന് പരിശ്രമിക്കുന്ന വിദേശ ഖലിസ്ഥാന്‍ സംഘടനകളുമുണ്ട്. ഇവര്‍ക്ക് കര്‍ഷകരുടെ അവകാശം നേടുക എന്നതിനേക്കാള്‍ പരിഹാരമില്ലാതെ സമരം മുന്നോട്ട് നയിക്കുക വഴി മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്ന ഗൂഢലക്ഷ്യമുണ്ടെന്നും ഇന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്ന വനിതാ എംപിയ്ക്കറിയാം.
അതുകൊണ്ട് 2024ല്‍ നടക്കുന്ന കര്‍ഷകസമരത്തിന്റെ രണ്ടാം പതിപ്പിനെ വളരെ കരുതലോടെയാണ് ശിരോമണി അകാലിദളും ഹര്‍സിമ്രത് കൗര്‍ ബാദലും സമീപിക്കുന്നത്. കാരണം ഈ കര്‍ഷകസംഘടനകള്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നതേയില്ല. വാസ്തവത്തില്‍ കാര്‍ഷിക വിളകള്‍ക്ക് മിനിമം തറവില ഈടാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോര. സംസ്ഥാന സര്‍ക്കാരുകളും അനുകൂല തീരുമാനം എടുക്കണം. അതുകൊണ്ടാണ് ഹര്‍സിമ്രത് കൗര്‍ എംപി കഴിഞ്ഞ ദിവസം കര്‍ഷകസമരക്കാരോട് ചോദിച്ചത് :”നിങ്ങള്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിനോട് മാത്രം സമരം ചെയ്യുന്നത്? എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാരിനോട് സമരം ചെയ്യുന്നില്ല?”. ഇതിന് കര്‍ഷകസംഘടനാ നേതാക്കള്‍ക്ക് ഉത്തരമില്ല.
എങ്ങിനെയെങ്കിലും ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുക, അവിടെ സ്ഥിരം സമരപ്പന്തല്‍ ഉയര്‍ത്തി 2020ലെ പോലെ ഗതാഗതം തടസ്സപ്പെടുത്തി 2024ലെ പൊതുതെരഞ്ഞെടുപ്പ് വരെ സമരം ചെയ്യുക, അതിനിടയില്‍ പറ്റുമെങ്കില്‍ പൊലീസിനെക്കൊണ്ട് നിറയൊഴിപ്പിച്ച് ഒന്നോ രണ്ടോ രക്തസാക്ഷികളെ സംഘടിപ്പിക്കുക- ഇതൊക്കെയാണ് സമരക്കാരുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന എല്ലാ പരിഹാരമാര്‍ഗ്ഗങ്ങളും തള്ളിക്കളഞ്ഞ് കര്‍ഷകസംഘടനകള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നതിന്റെ കാരണം അതാണ്.
2022ലാണ് ആം ആദ്മി സര്‍ക്കാരിന്റെ പ്രതിനിധിയായി ഭഗ് വന്ത് മാന്‍ പഞ്ചാബിലെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. അന്ന് ആ സര്‍ക്കാര്‍ ഒരു കാര്യം പറഞ്ഞു: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയാലും ഇല്ലെങ്കിലും ആം ആദ്മി സര്‍ക്കാര്‍ 23 കാര്‍ഷിക വിളകള്‍ക്ക് തറവില നിര്‍ബന്ധമാക്കുമെന്ന്. അധികാരത്തില്‍ വന്ന് രണ്ടു വര്‍ഷമായിട്ടും ആം ആദ്മി സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തില്ല. 2020ലെ കര്‍ഷകസമരത്തിന്റെ ഭാഗമായി അധികാരത്തില്‍ എത്തിയ ആം ആദ്മി സര്‍ക്കാരിന് എന്തുകൊണ്ടാണ് കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തത്? ഈ ആം ആദ്മി സര്‍ക്കാരിനെക്കുറിച്ച് കര്‍ഷകസമരക്കാര്‍ക്ക് ഒരു അമര്‍ഷവുമില്ല. അതാണ് ഹര്‍സിമ്രത് കൗര്‍ രോഷത്തോടെ ചോദിക്കുന്നത്- എന്തുകൊണ്ട് കര്‍ഷകസമരം ചെയ്യുന്നവര്‍ ആം ആദ്മി സര്‍ക്കാരിനെതിരെ പഞ്ചാബില്‍ സമരം ചെയ്യുന്നില്ല?. പക്ഷെ ഹര്‍സിമ്രത് കൗറിന്റെ ഈ ചോദ്യത്തിന് സമരക്കാര്‍ക്ക് ഉത്തരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: