തിരുവനന്തപുരം: നിര്‍മ്മാണത്തിനുള്ള കാലയളവായ അഞ്ച് വര്‍ഷം കൂടി നീട്ടിക്കൊടുത്തതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ള അവകാശം 65 വര്‍ഷത്തേക്ക് അദാനിയ്ക്ക്. 2075 വരെ ഇനി വിഴിഞ്ഞം തുറമുഖത്തിന്റെ അവകാശം അദാനിയ്‌ക്കായിരിക്കും.
നേരത്തെയുള്ള കരാര്‍ പ്രകാരം 40 വര്‍ഷത്തേക്കാണ് അദാനിയ്‌ക്ക് വിഴിഞ്ഞം തുറമുഖം നല്‍കിയിരുന്നത്. എന്നാല്‍ സ്വന്തം നിലയില്‍ പണം മുടക്കി രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ 20 വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിക്കൊടുക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതോടെ നടത്തിപ്പുചുമതല 60 വര്‍ഷത്തേക്കായി. പ്രളയവും കോവിഡും തീര്‍ത്ത പ്രതിസന്ധിമൂലം പ്രവര്‍ത്തനങ്ങള്‍ താറുമാറായതിന്റെ പേരില്‍ ഒരു അഞ്ച് വര്‍ഷം കൂടി നീട്ടിനല്‍കിയതോടെയാണ് കേരള സര്‍ക്കാര്‍ രൂപീകരിച്ച വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് (വിസില്‍) നോക്കിനടത്താനുള്ള ഉത്തരവാദിത്വം 65 വര്‍ഷത്തേയ്‌ക്കായി അദാനിയ്‌ക്ക് നീട്ടിക്കിട്ടിയത്
സാധാരണ പിപിപി (പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍) 30 വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ നല്‍കുക. അദാനിയ്‌ക്ക് ഇത് 40 വര്‍ഷത്തേക്കാക്കി ഉമ്മന്‍ചാണ്ടി നീട്ടിക്കൊടുത്തു എന്നാരോപിച്ച് പണ്ട് ഇടത് മുന്നണി സമരം ചെയ്തിരുന്നു. അതാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് 65 വര്‍ഷമായി നീട്ടിക്കൊടുത്തിരിക്കുന്നത്.
2034 മുതല്‍ സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതം നല്‍കിത്തുടങ്ങും
കരാറനുസരിച്ച് ആദ്യ 15വര്‍ഷത്തെ വരുമാനം അദാനിയ്‌ക്ക് മാത്രമായുള്ളതാണ്. എന്നാല്‍ 2034 മുതല്‍ അദാനി സംസ്ഥാനസര്‍ക്കാരിന് ലാഭവിഹിതം നല്‍കിത്തുടങ്ങും. 16ാം വര്‍ഷത്തില്‍ ഒരു ശതമാനം ലാഭവിഹിതമാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കുക. തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന ലാഭവിഹിതം ഓരോ ശതമാനം വീതം വര്‍ധിപ്പിക്കും. കേരളത്തിന് തുറമുഖം കൈമാറുന്ന 2075 ആകുമ്പോഴേക്ക് കേരളത്തിന് ഏകദേശം 25 ശതമാനം ലാഭവീതം അദാനി നല്‍കും.
രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 20,000 കോടി നല്കും
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അടുത്ത നാല് വര്‍ഷത്തേക്ക് അദാനി 20,000 കോടി രൂപ നിക്ഷേപിക്കും. ഇതില്‍ 10,000 കോടി തുറമുഖം വികസിപ്പിക്കാനാണെങ്കില്‍ ബാക്കിയുള്ള 10,000 കോടി അനുബന്ധവ്യവസായങ്ങള്‍ക്കാണ് നല്‍കുക. 2028ല്‍ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് അദാനിയുമായുള്ള ആര്‍ബിട്രേഷന്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത്.
വിഴിഞ്ഞം സമരമെന്ന ആശങ്ക
ചില സാമൂഹ്യസന്നദ്ധസംഘടനകളുടെയും ലത്തീന്‍ രൂപതയുടെയും നേതൃത്വത്തില്‍ നടന്ന അതിശക്തമായ സമരം വിഴിഞ്ഞം തുറമുഖത്തെ തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ കണക്കിലെടുത്ത് വലിയൊരു പുനരധിവാസപദ്ധതി രൂപീകരിച്ചാണ് ഈ സമരത്തെ പിണറായി സര്‍ക്കാര്‍ മറികടന്നത്. ഇതിന് അദാനിയും അനുഭാവപൂര്‍വ്വം പിന്തുണ നല്‍കിയതോടെ സമരക്കാരും അയഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: