മ്യൂണിക് : റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ-വ്യാപാര സഹകരണം ശക്തമായി തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.ആയുധ വിതരണത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ പാകിസ്ഥാനാണ് മുന്‍ഗണന നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പല പാശ്ചാത്യ രാജ്യങ്ങളും പണ്ടുമുതലേ പാകിസ്ഥാന് ആയുധം നല്‍കാനാണ് ഇഷ്ടപ്പെടുന്നത്.എന്നാല്‍ കഴിഞ്ഞ 10- 15 വര്‍ഷമായി ഈ പ്രവണത മാറി. ഇന്ത്യയുടെ ആയുധം വാങ്ങുന്ന രീതിക്ക് മാറ്റം വന്നു. യുഎസ്എ, റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രധാന വിതരണക്കാരായി.
മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിനായി ജര്‍മ്മനിയിലെ മ്യൂണിച്ചിലുളള ജയശങ്കര്‍ പ്രമുഖ ജര്‍മ്മന്‍ ധനകാര്യ ദിനപത്രമായ ഹാന്ഡല്സ്ബ്ലാറ്റിനോട് സംസാരിക്കുകയായിരുന്നു.
റഷ്യയെക്കുറിച്ചുള്ള ഇന്ത്യയുടെ വീക്ഷണം, മോസ്കോയെക്കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങളുടേത് പോലെ അല്ല. ”യൂറോപ്പിന് ചൈനയെക്കുറിച്ച് എന്റെ കാഴ്ചപ്പാടിന് സമാനമായ ഒരു വീക്ഷണം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കാത്തതുപോലെ, യൂറോപ്പിന് സമാനമായ ഒരു കാഴ്ചപ്പാട് റഷ്യയെക്കുറിച്ചും എനിക്ക് ഉണ്ടാകില്ലെന്ന് യൂറോപ്പ് മനസിലാക്കണം. ബന്ധങ്ങളില്‍ സ്വാഭാവികമായ വ്യത്യാസങ്ങളുണ്ടെന്ന് നാം അംഗീകരിക്കണം ”-ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
റഷ്യ-യുക്രൈന് യുദ്ധം തുടങ്ങി രണ്ട് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ചുള്ള ജയശങ്കറിന്റെ പ്രസ്താവന. റഷ്യക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനോട് യോജിക്കാതെ അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുന്നതിന്റെ പേരില്‍ ഇന്ത്യ വിമര്‍ശിക്കപ്പെട്ടിരുന്നു. യുഎന്‍ രക്ഷാസമിതിയില്‍ റഷ്യയ്ക്കെതിരായ പ്രമേയങ്ങളില്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ ആവര്‍ത്തിച്ച് വിട്ടുനില്‍ക്കുന്നതും അമേരിക്ക ഉല്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നീരസത്തിന് കാരണമായിട്ടുണ്ട്.
റഷ്യയിലെ വിമത നേതാവ് അലക്സി നവല്‍നി ഏതാനും ദിവസം മുമ്പ് ജയിലില്‍ വച്ച് മരിച്ചതും പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: