തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ‘ഓപ്പറേഷന് സുതാര്യത’ എന്ന പേരിലാണ് തെരഞ്ഞെടുത്ത 88 വില്ലേജ് ഓഫീസുകളില്‍ പരിശോധന. ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ സംവിധാനം ആട്ടിമറിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
വില്ലേജ് ഓഫീസുകളില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിനൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍. പല വില്ലേജ് ഓഫീസുകളിലും അപേക്ഷകള്‍ അണ്ടര്‍ റീ വെരിഫിക്കേഷന്/ അണ്ടര്‍ എക്സ്ട്രാ വെരിഫിക്കേഷന്/ റിട്ടേണ്‍ഡ് എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കാതെ മാറ്റിവയ്ക്കുന്നതായി ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് മിന്നല്‍ പരിശോധന.
തിരുവനന്തപുരം ജില്ലയില്‍ 13 വില്ലേജ് ഓഫീസുകളിലാണ് പരിശോധന. കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഏഴു വീതവും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ആറു വീതവും പത്തനംതിട്ടയില്‍ അഞ്ച് വില്ലേജ് ഓഫീസുകളിലും പരിശോധന നടന്നു. ആലപ്പുഴ, വയനാട് ജില്ലകളില്‍ നാല് വീതവും കാസര്‍ഗോഡ് മൂന്ന് വില്ലേജ് ഓഫീസുകളിലായാണ് ഒരേ സമയം മിന്നല്‍ പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: