Categories: Kerala

വനസംരക്ഷണം: കേന്ദ്രനിലപാടും കോടതിവിധികളും സംസ്ഥാനം തെറ്റായി പ്രചരിപ്പിക്കുന്നു: മാനന്തവാടി ബിഷപ്പ്

Published by

കല്‍പ്പറ്റ: വന സംരക്ഷണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടും കോടതിവിധികളും സംസ്ഥാന വനം വകുപ്പ് ജനങ്ങള്‍ക്കിടയില്‍ തെറ്റായി പ്രചരിപ്പിക്കുന്നുവെന്ന് മാനന്തവാടി അതിരൂപതാ ബിഷപ്പ് ജോസ് പൊരുന്നേടം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. ഇന്നലെ വയനാട്ടില്‍ എത്തിയ ഗവര്‍ണര്‍, ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്.

കൂടിക്കാഴ്ചയില്‍ ബിഷപ്പ് പറഞ്ഞ ചില വിവരങ്ങള്‍ പുതിയ അറിവുകളാണെന്നും അതേക്കുറിച്ച് ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച ചെയ്യുമെന്നും മാത്രമേ ഗവര്‍ണര്‍ വെളിപ്പെടുത്തിയുള്ളു. എന്നാല്‍ ബിഷപ്പ് ഗവര്‍ണറെ ധരിപ്പിച്ചത് നിര്‍ണ്ണായാകമായ വിവരങ്ങളാണെന്ന് പിന്നീട് വ്യക്തമായി. എട്ട് വര്‍ഷത്തിനിടെ 909 മനുഷ്യജീവനുകളാണ് വന്യജീവി ആക്രമണത്തില്‍ കേരളത്തില്‍ നഷ്ടപ്പെട്ടതെന്ന് ബിഷപ്പ് വിശദീകരിച്ചു. ഒരിടത്തും വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിന് സംസ്ഥാന വനംവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്നും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാടുകളും കോടതി വിധികളും മനുഷ്യനെയല്ല വന്യജീവികളെയാണ് സംരക്ഷിക്കുന്നത് എന്ന രീതിയില്‍ സംസ്ഥാന വനംവകുപ്പ് തെറ്റായ പ്രചാരണം നടത്തുന്നുവെന്നും ബിഷപ്പ് പൊരുന്നേടം ചൂണ്ടിക്കാട്ടി.

ഇത്രയും ദാരുണമായ സംഭവങ്ങള്‍ ജില്ലയില്‍ നടന്നിട്ടും വനംമന്ത്രിയും മുഖ്യമന്ത്രിയും എത്താത്തിടത്ത് ഗവര്‍ണര്‍ എത്തിയതില്‍ ബിഷപ്പ് സന്തോഷം രേഖപ്പെടുത്തി. കൂടാതെ വനംവകുപ്പിന്റെ മുഴുവന്‍ ഓഫീസുകളും വനാതിര്‍ത്തിയിലെ വന്യജീവി സംഘര്‍ഷം കൂടുതലായിട്ടുള്ള സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും. വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക 50 ലക്ഷം ആക്കി ഉയാര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by