കണ്ണൂര്‍: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും കഴിഞ്ഞ അധ്യയന വര്‍ഷം നടത്തിയ പ്ലസ്ടു പരീക്ഷയുടെ ഉത്തരപേപ്പറുകള്‍ മൂല്യനിര്‍ണയം ചെയ്ത അധ്യാപകര്‍ക്ക് ഇതുവരെ വേതനം ലഭിച്ചിട്ടില്ല. പരീക്ഷാ ഫീസിനത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചെടുത്ത തുക വിദ്യാഭ്യാസ വകുപ്പിന് ലഭിക്കുന്നുണ്ടെന്നിരിക്കെ വേതനം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നല്‍കാത്ത അധികൃതരുടെ നടപടിയില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രതിഫലത്തിനായുളള പണം വകമാറ്റി ചെലവഴിച്ചെന്ന ആരോപണമുണ്ട്.
എസ്എസ്എല്‍സി പരീക്ഷാ പേപ്പര്‍ പരിശോധന നടത്തിയ അധ്യാപകര്‍ക്കെല്ലാം ഇതിനകം വേതനം നല്കി. ഹയര്‍സെക്കണ്ടറി അധ്യാപകരോട് മാത്രം എന്തിന് വിവേചനം എന്നാണ് ഉയരുന്ന ചോദ്യം. ഭാഷാധ്യാപകര്ക്കാണ് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കാനുള്ളത്. മുമ്പ് അവധിക്കാലത്തെ പേപ്പര്‍ മൂല്യനിര്‍ണയത്തിന് ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ഇതില്ല. ഈ വര്‍ഷം പ്രതിഫലം എന്ന് ലഭിക്കുമെന്ന് പറയാന്‍പോലും അധികൃതര്‍ക്കാകുന്നില്ല.
വിദ്യാഭ്യാസ വകുപ്പ് എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷാ സ്കോളര്‍ഷിപ്പ് വിജയികളായവര്‍ക്കുളള തുക വര്‍ഷങ്ങളായി കുടിശിക കിടക്കുന്നത് സംബന്ധിച്ച് പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടയിലാണ് അധ്യാപകര്‍ക്ക് പരീക്ഷാ പേപ്പര്‍ പരിശോധന വേതനം ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിരിക്കുന്നത്. നാമമാത്രമായ തുകയാണ് സ്കോളര്‍ഷിപ്പ്. നാലുവര്‍ഷത്തോളമായി വിതരണം ചെയ്തിട്ട്. സ്കോളര്‍ഷിപ്പ് നേടിയവര്‍ പത്താംതരം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: