കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് ഇടനിലക്കാരനെന്ന് ആരോപണം ഉന്നയിച്ച വിജേഷ് പിള്ളയ്‌ക്ക്, ഹൈറിച്ച് തട്ടിപ്പുകേസിലും ബന്ധം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണത്തിലാണ് വിജേഷ് പിള്ളയാണ് ഹൈറിച്ച് ഉടമകള്‍ക്ക് ഒ.ടി.ടി. പ്ലാറ്റ് ഫോം നല്‍കിയതെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജേഷ് പിള്ളയെ ഇ.ഡി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.
നാൽപ്പത് കോടി രൂപയുടെ സാമ്പത്തിക ഇടപാട് ഒടിടി പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് ഇരുവർക്കും ഇടയിൽ നടന്നിട്ടുണ്ടെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകളെ സംബന്ധിച്ച രേഖകളും ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആദ്യം കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാനായിരുന്നു നിർദേശം നൽകിയിരുന്നത്. എന്നാൽ അന്ന് വിജേഷ് പിള്ള ഹാജരായില്ല. തുടർന്ന് ഇ.ഡി വീണ്ടും സമൻസ് നൽകുകയായിരുന്നു.
ഈ ഒ.ടി.ടി. പ്ലാറ്റ് ഫോമും അനുബന്ധ സോഫ്റ്റ് വെയറുകളും വിജേഷ് പിള്ളയില്‍ നിന്നാണ് ഇവര്‍ വാങ്ങിയിരിക്കുന്നതെന്നാണ് ഇ.ഡി. അന്വേഷണസംഘം കണ്ടെത്തിയത്. ഇടപാടുകാരന്‍ സോഫ്റ്റ് വെയർ പരിശോധിച്ചാല്‍ 12.39 ലക്ഷം അംഗങ്ങള്‍ ഇവരുടെ ഒ.ടി.ടി.ക്ക് ഉണ്ടെന്നാണ് മനസ്സിലാവുക. എന്നാല്‍ ഈ ഒ.ടി.ടി.യില്‍ റിലീസ് ചെയ്ത സിനിമകള്‍ മൂന്നു മാസം കൊണ്ട് പതിനായിരത്തോളം ആളുകളെ കണ്ടിട്ടുള്ളു എന്ന് സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അംഗങ്ങളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയുള്ള തട്ടിപ്പാണ് നടന്നത്.
ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ബിസിനസ്സുകളുടെ മറവില്‍ 1,157.32 കോടി രൂപയുടെ തട്ടിപ്പാണ് തൃശ്ശൂര്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമകള്‍ നടത്തിയത്. ഇതില്‍ ഒ.ടി.ടി. പ്ലാറ്റ് ഫോമില്‍ അംഗങ്ങളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയുള്ള തട്ടിപ്പും ഉള്‍പ്പെടുന്നു. നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ വിജേഷ് പിള്ള മുഖേന സി.പി.എം. സെക്രട്ടറി എം.വി. ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദനം ചെയ്തെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. ഇതേ തുടര്‍ന്ന് വിജേഷ് പിള്ളയുടെ കളമശ്ശേരിയിലെ ഓഫീസില്‍ ഇ.ഡി. സംഘം റെയ്ഡ് നടത്തിയിരുന്നു.
ഡബ്ല്യു.ജി.എന്‍. ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് വിജേഷ് പിള്ള. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്റ്റാര്‍ട്ട് അപ്പ് ആണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: