ന്യൂദല്‍ഹി: കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘവും സമരം ചെയ്യുന്ന കര്‍ഷക സംഘടനാനേതാക്കളും തമ്മില്‍ നാലാംവട്ട ചര്‍ച്ച നടത്തി. ഞായറാഴ്ച രാത്രി 8.15ന് ആരംഭിച്ച യോഗം തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്.
അഞ്ചു വര്‍ഷത്തേക്ക് പയറുവര്‍ഗങ്ങള്‍, ചോളം, പരുത്തി എന്നിവ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ മിനിമം താങ്ങുവിലയ്‌ക്ക് വാങ്ങാമെന്ന നിര്‍ദേശമാണ് മന്ത്രിതല സമിതി കര്‍ഷകര്‍ക്ക് മുമ്പാകെവച്ചതെന്ന് യോഗത്തിനുശേഷം സംസാരിച്ച പീയൂഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷക സംഘടനാ നേതാക്കള്‍ കൂടിയാലോചനയക്കുശേഷം വിവരം അറിയിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
കര്‍ഷക പ്രതിനിധികളുമായി നടന്ന ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. കര്‍ഷക സംഘടനാ പ്രതിനിധികള്‍ ചില നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇത് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്കും രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും സമ്പദ്വ്യവസ്ഥയ്‌ക്കും ഉപഭോക്താക്കള്‍ക്കും ഗുണം ചെയ്യും.
നാഷണല്‍ കോ- ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ- ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(നാഫെഡ്) തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ കര്‍ഷകരുമായി കരാര്‍ ഉണ്ടാക്കി മിനിമം താങ്ങുവിലയില്‍ ഉല്പന്നങ്ങള്‍ വാങ്ങാമെന്ന നിര്‍ദ്ദേശമാണ് കേന്ദ്രം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: