കോഴിക്കോട്: വയനാട്ടിലെ വന്യജീവി സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇവിടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരാണെന്നും ഇവരെ കൊണ്ട് ഒന്നും നടക്കില്ലെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു. മന്ത്രിമാരായ എ.കെ ശശീന്ദ്രനെയും കടന്നപ്പള്ളി രാമചന്ദ്രനെയും അധിക്ഷേപിച്ചായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം.
വയനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വനംമന്ത്രി പരാജയപ്പെട്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. വനം-വന്യജീവി നിയമത്തിലെ പരിഷ്കാരങ്ങൾ കേരളത്തിൽ നടപ്പാക്കിയില്ല. പുത്തൻ സാങ്കേതിക വിദ്യകൾ അറിയുന്ന ഫോറസ്റ്റ് ഗാർഡുകൾ കേരളത്തിൽ ഇല്ല. വനംമന്ത്രി തന്നെ പഴഞ്ചൻ ആണ്. ആനയെ കണ്ടെത്തിയാൽ 8 മണിക്കൂർ കഴിഞ്ഞാണ് ഇവിടെ വിവരം ലഭിക്കുന്നത്. കേന്ദ്രം നൽകുന്ന പണം ഇവിടെ ചെലവഴിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്ന് ഏഴ് സീറ്റുകളിൽ ബിജെപി ജയിക്കും. വയനാട്ടിലും കോഴിക്കോടും മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് സാധിക്കും. കേരളത്തിൽ മോദി തരംഗമുണ്ടാകും. കോൺഗ്രസിന്റെ തകർച്ച കേരളത്തിൽ ബിജെപിക്ക് ഗുണം ചെയ്യും. കഴിഞ്ഞ തവണ കബളിപ്പിക്കപ്പെട്ട പോലെ ഇത്തവണ കേരളീയർ കബളിപ്പിക്കപ്പെടില്ല. കോൺഗ്രസിന് 40 സിറ്റ് പോലും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: