ഹരിപ്പാട്: കുട്ടനാട്ടില്‍ നെല്‍കൃഷിക്കൊപ്പം കര്‍ഷകരുടെ ഉപജീവന മാര്‍ഗ്ഗമായിരുന്ന നാളികേര കൃഷി പ്രതിസന്ധിയില്‍. കൃഷിഭവന് വഴി നാളികേരം സംഭരിച്ച് താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്ന് കര്‍ഷകര്‍.
സര്‍ക്കാരിന്റെ നാളീകേര സംരക്ഷണ പദ്ധതികള്‍ നിലച്ചതാണ് കുട്ടനാട്ടില്‍ നാളീകേര കൃഷികടുത്ത പ്രതിസന്ധിയിലാക്കിയത്. കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന സംഭരണവും ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്. കര്‍ഷകരുടെ കൈകളില്‍ ആനുകൂല്യം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിഭവന് വഴി കര്‍ഷകരെ കണ്ടെത്തി നാളീകേര വികസന സമിതി രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്.
ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഇത്തരത്തില്‍ സമിതി രൂപീകരിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പ് വരെ സമിതികള്‍ സജീവമായിരുന്നെങ്കിലും പിന്നീട് ഘട്ടംഘട്ടമായി നിലയ്ക്കുകയായിരുന്നു. കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായിരുന്ന കേടായ തെങ്ങ് വെട്ടിമാറ്റല്‍, സൗജന്യനിരക്കില്‍ വളം എന്നിവ സമിതികള്‍ മുഖേന നടപ്പാക്കിയിരുന്നു. കൂടാതെ മണ്ഡരി രോഗബാധയെ ചെറുക്കാന്‍ കീടനാശിനി തളിക്കലും നടന്നുവന്നു. കൃഷിഭവന് വഴി ചെല്ലിയെ പിടികൂടി നശിപ്പിക്കാനും എലി നശീകരണത്തിനും പദ്ധതികളുമുണ്ടായിരുന്നു. നല്ലയിനം തെങ്ങിന് തൈകള്‍ കുറഞ്ഞ വിലയ്ക്ക് കര്‍ഷകര്‍ ക്ക് നല്‍കുകയും, കര്‍ഷകരില്‍ നിന്ന് വിത്തുതേങ്ങ സംഭരിച്ചുമാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ഈ പദ്ധതികള്‍ നിലവില്‍ നിര്‍ജീവമാണ്.
കര്‍ഷകരെ സഹായിക്കാന്‍ കൃഷിഭവന് വഴി സംഭരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. തൊണ്ട് കളഞ്ഞെത്തിക്കുന്ന തേങ്ങ തൂക്കിയാണ് വില നല്‍കിയിരുന്നത്. ഓരോ കൃഷിഭവന്
കേന്ദ്രത്തിന്റെയും നിയന്ത്രണത്തില്‍ ഒരു സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചാണ് കര്‍ഷകരില്‍ നിന്ന് നാളികേരം സംഭരിച്ചിരുന്നത്. കിലോയ്ക്ക് 30 രൂപ നിരക്കിലാണ് സംഭരണം നടത്തിയിരുന്നത്.
എന്നാല്‍ അഞ്ച് വര്‍ഷത്തിലേറെയായി സംഭരണകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയ നിലയിലാണ്. കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കാതെ വന്നതോടെ സ്വകാര്യ മുതലാളിമാരുടെ ചൂഷണത്തില്‍പെട്ട് കിട്ടിയ വിലയ്ക്ക് തേങ്ങ വില്‍ക്കേണ്ട അവസ്ഥയാണ്. 45 ദിവസങ്ങള്‍ കൂടുമ്പോഴുള്ള വിളയിറക്കില്‍ നിന്നാണ് ചെറുകിട കുടുംബങ്ങള്‍ പോലും പിടിച്ചുനിന്നത്.
വര്‍ഷങ്ങളായി നാളികേരത്തിന്റെ വില കുത്തനെ ഇടിഞ്ഞിരുന്നു. നിലവില്‍ കിലോയ്ക്ക് 15നും 20നും ഇടയിലാണ് ഏജന്‍സികള്‍ നാളികേരം സംഭരിക്കുമ്പോള്‍ നല്കുന്ന വില.
നാളികേര കൃഷിയില്‍ പിടിച്ചുനിന്നിരുന്ന കുടുംബങ്ങള്‍ തെങ്ങുകയറ്റ തൊഴിലാളികള്‍ക്കുള്ള കൂലി കൊടുക്കാന്‍ പോലും കഴിയാതെ വലയുകയാണ്. സര്‍ക്കാര്‍ 40
രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കണമെന്നും നിലച്ചുപോയ സംഭരണ കേന്ദ്രങ്ങള്‍ പുനര്‍ജ്ജീവിപ്പിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: