കല്‍പ്പറ്റ: സംസ്ഥാന ഭരണ നിര്‍വഹണ സംവിധാനം നിഷ്ക്രിയമായിരിക്കേ, ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ആശ്വാസം പകര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വയനാട്ടിലെത്തി. വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനമേകാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരാരെങ്കിലുമോ വയനാട്ടിലേക്ക് എത്തി നോക്കാത്തപ്പോഴാണ് ഗവര്‍ണറുടെ സന്ദര്‍ശനം.
സ്ഥിതിഗതികള്‍ മോശമായതിനാല്‍ സന്ദര്‍ശനം ഒരു ദിവസം നീട്ടിവയ്ക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതിനാലാണ് സംഭവം അറിഞ്ഞ ഉടനെ വരാന്‍ കഴിയാതിരുന്നതെന്നും അതിന് ക്ഷമിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ‘വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കാനും വയനാട്ടിലെ ജനതയ്ക്കൊപ്പമുണ്ടെന്ന് അറിയിക്കാനുമാണ് വന്നത്. വയനാട്ടിലെത്തിയപ്പോഴാണ് പ്രശ്നത്തിന്റെ ആഴം മനസ്സിലായത്. ആക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട വിയോഗം നികത്താനാകില്ല. എന്നാല്‍ അവരുടെ വേദനകളും പ്രശ്നങ്ങളും പങ്കുവയ്ക്കാനും അവരെ ആശ്വസിപ്പിക്കാനുമാണ് ഇവിടെ വന്നത്.
വയനാട്ടിലെ ജനതയനുഭവിക്കുന്ന ദുരിതങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കും. സാധ്യമായതെല്ലാം ചെയ്യും. വയനാട്ടിലെ ജനങ്ങള്‍ നിരാശയിലാണ്. എന്നാല്‍, അക്രമം ഒന്നിനും പരിഹാരമല്ല. അത് ജനാധിപത്യത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും വിരുദ്ധമാണ്. എന്നാല്‍ അക്രമമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ ഭരണാധികാരികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. സംഘര്‍ഷത്തിലെത്താതെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ബാധ്യത ഭരണാധികാരികള്‍ക്കുണ്ട്. അത് അവര്‍ നിര്‍വഹിക്കണം. കൊല്ലപ്പെട്ട അജീഷിന്റെ വീട്ടില്‍ നിന്നിറങ്ങിയ ഉടനെ വനംമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. 1977ല്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴുണ്ടായ ചില സാഹചര്യങ്ങള്‍ എന്റെ മനസ്സിലുണ്ട്. അന്ന് മുതിര്‍ന്ന നേതാക്കള്‍ അക്രമമില്ലാതാക്കി ജനങ്ങളെ സമാധാനിപ്പിക്കാന്‍ കസേര വിട്ട് ജനങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു, അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെയും വന്യമൃഗ ആക്രമണങ്ങളില്‍ പരിക്കേവരുടെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാനന്തവാടി ബിഷപ് ഹൗസ് മുന്‍കൈയെടുത്തു വിളിച്ചുകൂട്ടിയ വയനാട്ടിലെ വിവിധ സംഘടനാ പ്രതിനിധികളെ ഗവര്‍ണര്‍ കണ്ടു.
രൂപതാധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടം, സഹായ മെത്രാന് ബിഷപ് അലക്സ് താരാമംഗലം, യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത സ്തെഫാനോസ് മാര്‍ ഗീവര്‍ഗീസ് എന്നിവര്‍ വയനാട്ടിലെ സാഹചര്യം ഗവര്‍ണറെ ബോധ്യപ്പെടുത്തി. വിവിധ സംഘടനകളുടെ പ്രതിനിധികളും ഗവര്‍ണറെ കാണാനെത്തിയിരുന്നു. എല്ലാവരുടെയും നിവേദനങ്ങള്‍ ഗവര്‍ണര്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: