ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സിയുടെ വിജയക്കുതിപ്പ്. ദല്‍ഹി എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരള ക്ലബ് ഗോകുലം തോല്‍പ്പിച്ചു. 95-ാം മിനിറ്റ്വരെ 1-0ന് പിന്നിടുനിന്ന ശേഷമായിരുന്നു ഗോകുലത്തിന്റെ വിജയക്കുതിപ്പ്. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ നിധിന് സമ്മാനിച്ച സെല്‍ഫ് ഗോളിലൂടെയാണ് ദല്‍ഹി എഫ്സി മുന്നിലെത്തിയത്. 86-ാം മിനിറ്റില്‍ നായകന് അലക്സ് സാഞ്ചസും പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ലാലിയന്സാംഗയുമാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. ലീഗില്‍ ഗോകുലത്തിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്.
തുടക്കം മുതല്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വിട്ടുനിന്നു. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് അപ്രതീക്ഷിതമായി ഗോകുലം വല കുലുങ്ങി. ദല്‍ഹിക്ക് ലഭിച്ച കോര്‍ണര്‍കിക്ക് ഗോകുലം പ്രതിരോധനിര താരം നിധിന്റെ തലയിലുരസി സ്വന്തം വലയിലെത്തുകയായിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ ശക്തിയായി കാറ്റടിക്കവേ പന്ത് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ഇരു ടീമുകളും നന്നായി പണിപ്പെട്ടു. ഗോള്‍ കിക്കുകള്‍ പലതും ലക്ഷ്യം തെറ്റി പറന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ കണക്കുകൂട്ടിയാണ് ഗോകുലം മൈതാത്തിറങ്ങിയത്. ഗോള്‍ മടക്കാനായി കിണഞ്ഞു ശ്രമിക്കുന്നതിനിടെ 85-ാം മിനിറ്റില്‍ ഗോകുലത്തിന് പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത നായകന് സാഞ്ചസ് ലക്ഷ്യം പിഴയ്ക്കാതെ പന്ത് വലയിലെത്തിച്ചു. ഐ ലീഗ് ഈ സീസണില്‍ സാഞ്ചസിന്റെ 15-ാം ഗോളായിരുന്നു ഇത്. ഇതോടെ കളി സമനിലയില്‍ അവസാനിക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ഗോകുലം വിജയഗോള്‍ നേടുന്നത്. മലയാളി താരം നൗഫല്‍ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിവെച്ചത്. ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ലാലിയന്സാംഗ ഹെഡ്ഡറിലൂടെ ദല്‍ഹി വല കുലുക്കി.
വിജയത്തോടെ 15 കളികളില്‍ നിന്ന് 25 പോയിന്റുമായി മുഹമ്മദന്സിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഗോകുലം. 26ന് ഗോവയിലെ തിലക് മൈതാനില്‍ നടക്കുന്ന അടുത്ത കളിയില്‍ ചര്‍ച്ചില്‍ ബ്രദേഴ്സാണ് ഗോകുലത്തിന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: