ലഖ്നൗ: ഉത്തര്‍ പ്രദേശ് അതിവേഗം വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് പത്ത് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍ പ്രദേശില്‍ ജനജീവിതത്തിനൊപ്പം തന്നെ ബിസിനസും എളുപ്പമാക്കുന്നതിന് ഊന്നല്‍ നല്‍കുകയും ക്ഷേമ പദ്ധതികള്‍ പൂരിതമാക്കാനും ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. അതാണ് യഥാര്‍ത്ഥ നീതി, യഥാര്‍ത്ഥ മതേതരത്വം. ഏഴ് വര്‍ഷത്തിനുള്ളില്‍, ഇരട്ട എഞ്ചിന് സര്‍ക്കാര്‍ വന്നതിന് ശേഷം ഉത്തര്‍പ്രദേശ് ചുവപ്പു നാടയില്‍ നിന്ന് ചുവപ്പു പരവതാനി സംസ്കാരത്തിലേക്ക് മാറി.
കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായെന്ന് മാത്രമല്ല വ്യാവസായിക വ്യാപാര രംഗത്ത് അവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഒരു സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും ഒരു ഗുണഭോക്താവിനെപ്പോലും ഒഴിവാക്കരുതെന്നതാണ് ഇരട്ട എഞ്ചിന് സര്‍ക്കാരിന്റെ ലക്ഷ്യം പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒട്ടുമിക്ക മേഖലകളിലേക്കും ഉത്തര്‍പ്രദേശില്‍ നിക്ഷേപം വന്നുകൊണ്ടിരിക്കുകയാണ്. വികസിത ഭാരതത്തിനായി വികസിത ഉത്തര്‍ പ്രദേശ് നിര്‍മിക്കുകയെന്ന ദൃഡനിശ്ചയത്തോടെയാണ് നാം ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത്. യുപിയിലെ നാനൂറിലധികം നിയമസഭാ സീറ്റുകളിലൂടെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്നത്തെ ഈ ചടങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏഴ്, എട്ട് വര്‍ഷം മുന്‍പ് ഇത്തരമൊരു അന്തരീക്ഷം യുപിയിലുണ്ടാകുമെന്ന് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.
അന്ന് ഇവിടുത്തുകാര്‍ക്ക് കൊള്ള, കലാപം, ആക്രമണങ്ങള്‍ എല്ലാം നിരന്തര വാര്‍ത്തകളായിരുന്നു. യുപി വികസിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ പോലും ആരും തയാറായിരുന്നില്ല. എന്നാലിന്ന് കോടികളുടെ നിക്ഷേപമാണ് ഇവിടേക്കെത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തര്‍ പ്രദേശില്‍ പത്ത് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. യുപി ആഗോള നിക്ഷേപ ഉച്ചകോടിയിലെ കരാര്‍ പ്രകാരമുള്ള 14,000 പ്രൊജക്ടുകള്‍ക്കാണ് ആരംഭമായത്. വിദ്യാഭ്യാസം, ഉത്പാദനം, പുനരുപയോഗ ഊര്‍ജം, ഭക്ഷ്യ സംസ്കരണം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യരംഗം, വിനോദം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ഇതില്‍ 1,26,000 കോടി രൂപ അയോദ്ധ്യ, കാശി, മധുര തുടങ്ങി ചെറുതും വലുതുമായ ക്ഷേത്രനഗരങ്ങളുടെ വികസനത്തിനായാണ് ചെലവഴിക്കുക. തറക്കല്ലിടല്‍ ചടങ്ങുകള്‍ക്ക് മുമ്പായി ഭൂമി പൂജ നടന്നു.
മധുരയിലെ വികസന പദ്ധതികള്‍ക്കായി 15,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അയോദ്ധ്യയില്‍ 10,155 കോടി രൂപയുടെയും, വാരാണസിയില്‍ 15,313 കോടി രൂപയുടെയും പദ്ധതികളാണ് നടപ്പാക്കുക. പദ്ധതികളിലൂടെ സംസ്ഥാനത്ത് 33.59 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ നിരവധി വ്യാവസായിക പ്രമുഖരും, ആഗോള-ഭാരതീയ കമ്പനികളുടെ പ്രതിനിധികളും വിവിധ വിദേശ രാജ്യങ്ങളുടെ അംബാസഡര്‍മാരും ചടങ്ങിന്റെ ഭാഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: