ബെംഗളൂരു: ബെംഗളൂരു -ചെന്നൈ ഡബിള്‍ ഡക്കര്‍ എക്സ്പ്രസ് കോച്ചുകളില്‍ പുതിയ മാറ്റങ്ങളുമായി റെയില്‍വേ. നേരത്തെ 10 എസി ഡബിള്‍ ഡെക്കര്‍ കോച്ചുകള്‍ ഉണ്ടായിരുന്ന ട്രെയിനില്‍ ഇനി മുതല്‍ എട്ട് എസി ഡബിള്‍ ഡക്കര്‍ കോച്ചുകളും അഞ്ച് നോണ്‍ എസി കോച്ചുകളും ഒരു ജനറല്‍ ക്ലാസ് കോച്ചും ആയിരിക്കും ഉണ്ടാവുക. പുതിയ മാറ്റങ്ങളോടു കൂടി ഡബിള്‍ ഡക്കര്‍ ട്രെയിന്‍ വ്യാഴാഴ്ച മുതല്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഇതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് റെയില്‍വേ അധികൃതരുടെ പ്രതീക്ഷ.
അതേസമയം, ഒരേ ദൂരം സഞ്ചരിക്കുന്ന മറ്റ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളെ അപേക്ഷിച്ച് ലക്ഷ്യസ്ഥാനത്തിലേക്ക് വേഗത്തിലെത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. അഞ്ച് മണിക്കൂറും 10 മിനിറ്റും കൊണ്ട് ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലെത്തും. മറ്റു ട്രെയിനുകള്‍ക്ക് ഇതിനായി 6 മണിക്കൂറും 15 മിനിറ്റും ആവശ്യമാണ്. കൂടാതെ നേരത്തെ ഏഴ് എസി ഡബിള്‍ ഡക്കര്‍ ചെയര്‍ കാര്‍ കോച്ചുകളോടെ പ്രവര്‍ത്തിച്ചിരുന്ന ബെംഗളൂരു -കോയമ്പത്തൂര്‍ ഉദയ് എക്സ്പ്രസിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ എട്ട് എസി കോച്ചുകളും അഞ്ച് സെക്കന്‍ഡ് സിറ്റിംഗ് നോണ്‍ എസി റിസര്‍വ്ഡ് കോച്ചുകളും ഇതില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ശേഷിക്കുന്ന കോച്ചുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകില്ല എന്നും റെയില്‍വേ അറിയിച്ചു.
ബെംഗളൂരു ഡബിള്‍ ഡക്കര്‍, കോയമ്പത്തൂര്‍ ഉദയ് എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ ഇതുവരെ പ്രത്യേക റേക്കുകള്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തിയിരുന്നതെങ്കില്‍ ഇനി മുതല്‍ റേക്കുകള്‍ പരസ്പരം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍-ബെംഗളൂരു ഉദയ് എക്സ്പ്രസ് റേക്കിന്റെ പ്രാഥമിക അറ്റകുറ്റപ്പണികള്‍ ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് മാറ്റിയതിനാലാണ് ഇതെന്നും റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി. കൂടാതെ ബെംഗളൂരുവിലെ മെയിന്റനന്‍സ് സ്ലോട്ട് വന്ദേ ഭാരത് എക്സ്പ്രസിന് അനുവദിച്ചതാണ് ഈ നീക്കത്തിന് കാരണം എന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: