ന്യൂദല്‍ഹി: തന്നെ ചുറ്റിപ്പറ്റി വാര്‍ത്തകളും ചര്‍ച്ചകളും ചൂടുപിടിക്കുമ്പോഴും പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. ചിന്ദ്വാരയിലെ പാര്‍ട്ടി പരിപാടികള്‍ ഒഴിവാക്കി മകനും എംപിയുമായ നകുല്‍നാഥിനൊപ്പം ദല്‍ഹിയിലെത്തിയ കമല്‍നാഥ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്, ആവേശം കൊള്ളണ്ട എന്നാണ്. കമല്‍നാഥും മകനും ഇന്ന് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് താന്‍ ആരോടും ഒന്നും സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
അത്തരത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നിങ്ങളെ എല്ലാവരെയും അറിയിക്കും. ഇതുവരെ ആരോടും ഇക്കാര്യം സംസാരിച്ചിട്ടില്ല. അമിതമായി ആവേശം കൊള്ളണ്ട, അദ്ദേഹം ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയിലേക്ക് മാറുന്നു എന്ന വാര്‍ത്ത നിഷേധിക്കുന്നില്ലേ എന്ന ചോദ്യത്തിന് നിങ്ങളാണല്ലോ എല്ലാം പറയുന്നത് എന്നായിരുന്നു മറുചോദ്യം. നിങ്ങള്‍ ചോദിക്കുന്നു, നിങ്ങള്‍തന്നെ ആവേശഭരിതരാകുന്നു. ഞാന്‍ എന്തായാലും ആവേശം കൊള്ളുന്നില്ല. എങ്ങോട്ടായാലും ആദ്യം നിങ്ങളോട് തന്നെ പറയാം, കമല്‍നാഥ് വ്യക്തമാക്കി.
കമല്‍നാഥിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവും ഇപ്പോള്‍ ബിജെപി മധ്യപ്രദേശ് ഘടകം വക്താവുമായ നരേന്ദ്ര സലൂജയുടെ സോഷ്യല്‍മീഡിയ പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ ചൂടുപിടിപ്പിച്ചത്. കമല്‍നാഥിന്റെയും നകുല്‍നാഥിന്റെയും ചിത്രങ്ങള്‍ ജയ്ശ്രീറാം എന്ന അടിക്കുറിപ്പോടെ അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ നകുല്‍നാഥ് തന്റെ സോഷ്യല്‍ മീഡിയാ പ്രൊഫൈലില്‍ നിന്ന് കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും നീക്കിയതും ഇരുനേതാക്കളും പൊടുന്നനെ ദല്‍ഹിയിലേക്ക് പോയതും വാര്‍ത്തയായി.
കമല്‍നാഥിന്റെ വിശ്വസ്ഥരായ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും ദല്‍ഹിയിലെത്തി. ഇവരില്‍ മൂന്ന് പേരും ചിന്ദ്വാരയില് നിന്നുള്ളവരാണ്. കമല്‍നാാഥിന്റെ അടുത്തയാളും മുന്‍ സംസ്ഥാന മന്ത്രിയുമായ ലഖന്‍ ഘന്‍ഗോറിയയും ഇവരോടൊപ്പം ദല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് വിവരം.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കമല്‍നാഥിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയത് ശരിയായില്ലെന്ന് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ദീപക് സക്സേന ഭോപാലില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കമല്‍നാഥിന് ആദരവ് നല്‍കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. അദ്ദേഹത്തോടൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്, സക്സേന വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ വിക്രം വര്‍മ തന്റെ എക്സ് പ്രൊഫൈലില്‍ ‘ജയ് ശ്രീ റാം’ എന്ന് എഴുതിയാണ് പ്രതികരിച്ചത്. അതേസമയം കൂറുമാറ്റ നിരോധനനിയമം ബാധകമാകാതിരിക്കാന്‍ 23 എംഎല്‍എമാരുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് കമല്‍നാഥെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 66 സീറ്റുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: