കണ്ണൂര്‍ : കണ്ണൂരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. വയനാട് സന്ദര്‍ശനത്തിനായി എത്തിയ ഗവര്‍ണറെ മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങളിലാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.
കരിങ്കൊടി കാട്ടിയ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു.എന്നാല്‍ ഇവരെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് പൊലീസ് ജീപ്പ് തടഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍, കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ചു. പിന്നാലെ മട്ടന്നൂര്‍ ടൗണില്‍ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
ഞായറാഴ്ച രാത്രി മാനന്തവാടിയിലെത്തിയ ഗവര്‍ണര്‍, തിങ്കളാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല അജീഷിന്റെയും പാക്കത്ത് പോളിന്റെയും, കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ശരത്തിന്റെയും വീടുകള്‍ സന്ദര്‍ശിക്കും.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെ വീടും ഗവര്‍ണര്‍ സന്ദര്‍ശിക്കും.മാനന്തവാടി ബിഷപ്സ് ഹൗസില്‍ മതമേലധ്യക്ഷന്മാരുമായി ആരിഫ് മൊഹമ്മദ് ഖാന് ചര്‍ച്ച നടത്തും. വൈകിട്ടോടെ വിമാന മാര്‍ഗം തിരുവനന്തപുരത്തേക്കു മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: