മ്യൂണിച്ച്: ഇസ്രായേല്‍-പാലസ്തീന് പ്രശ്നത്തില്‍ ദ്വിരാഷ്ട്ര പരിഹാരം ആവശ്യമാണെന്ന നിലപാടാണ് പതിറ്റാണ്ടുകളായി ഭാരതത്തിനുള്ളതെന്ന് ആവര്‍ത്തിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ജര്‍മനിയിലെ മ്യൂണിച്ചില്‍ സുരക്ഷാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്ന് നിരവധി രാജ്യങ്ങള്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന ആവശ്യമുന്നയിച്ച് മുന്നോട്ടുവന്നിരിക്കുന്നു. മാത്രമല്ല മുന്പത്തേക്കാള് അടിയന്തര ആവശ്യമെന്ന നിലയില്‍ അതിനെ കണുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഭീകരാക്രമണമാണുണ്ടായത്. അതേസമയം, മാനുഷിക നിയമം പാലിക്കാന്‍ ഇസ്രായേലിന് ബാധ്യതയുണ്ട്. സാധാരണക്കാരുടെ മരണത്തെ കുറിച്ച് ഇസ്രായേല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബന്ദികളെ തിരികെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. മാനുഷിക പരിഗണനയുള്ള ഒരു സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടത്. ഇതിനു ശാശ്വതമായ, ദീര്‍ഘകാല പരിഹാരം ഉണ്ടാകണം. അല്ലാത്ത പക്ഷം ഇതെല്ലാം വീണ്ടും ആവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കണന്നെതാണ് ഭാരതത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: