കൊല്‍ക്കത്ത: കോടതിയുടെ കര്ശനനിര്ദേശത്തിനൊടുവില് സന്ദേശ് ഖാലിയിലെ സ്ത്രീപീഡകരിലൊരാളെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു.
തൃണമൂല്‍ കോണ്‍ഗ്രസ് സന്ദേശ് ഖാലി ബ്ലോക്ക് പ്രസിഡന്റും കൊടും ക്രിമിനലുമായ ഷിബു പ്രസാദ് ഹസ്രയെയാണ് കഴിഞ്ഞ രാത്രി അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒളിവിലാണെന്നായിരുന്നു ഇതുവരെ പോലീസ് ഭാഷ്യം. പീഡനത്തിനിരയായ സ്ത്രീ മജിസ്ട്രേറ്റിന് മുന്നിലെത്തി മൊഴിനല്‍കിയതിനെ തുടര്‍ന്നാണ് വിഷയത്തില്‍ കോടതി നേരിട്ട് ഇടപെട്ടത്. ഇതാദ്യമായാണ് അക്രമസംഭവങ്ങളില്‍ ബലാത്സംഗക്കുറ്റം എഫ്ഐആറില്‍ ചേര്‍ക്കാന്‍ പോലീസ് തയാറായത്.
ഇ ഡി അറസ്റ്റ് ഭയന്ന് ഒളിവില്‍പോയ ഗുണ്ടാത്തലവനും
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പരിഷത്ത് അംഗവുമായ ഷേഖ് ഷാജഹാനും ഇയാളുടെ കൂട്ടാളി ഉത്തം സര്‍ദാറിനും എതിരായ കേസുകളിലും ബലാത്സംഗക്കുറ്റം ചേര്‍ത്തു. ഉത്തം സര്‍ദാറിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഷേഖ് ഷാജഹാനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ ഇതുവരെ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു.
സന്ദേശ് ഖാലിയില്‍ നിന്ന് ബലാത്സംഗം സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ബംഗാള്‍ ഡിജിപി രാജീവ് കുമാര്‍ പറഞ്ഞിരുന്നത്. സുകാന്ത മജുംദാര്‍ എംപിക്കെതിരായ അതിക്രമത്തില്‍ രാജീവ്കുമാറും ചീഫ് സെക്രട്ടറി ഗോപാലിക്കും തിങ്കളാഴ്ച പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകണം.
അതേസമയം പോലീസിനും മമതാ സര്‍ക്കാരിനുമെതിരെ ബംഗാളില്‍ സ്ത്രീ പ്രക്ഷോഭം കനക്കുകയാണ്. ദേശീയ പട്ടികജാതി കമ്മിഷന് ചെയര്മാന് അരുണ്‍ ഹെല്ദാര് സന്ദേശ് ഖാലി സംഭവങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചു. സര്‍ക്കാരും ക്രിമിനലുകളും കൈകോര്‍ത്താണ് ബംഗാളില്‍ കാര്യങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: