സംഘത്തിന്റെ കേരളത്തിലെ സംഘടനാ സംവിധാനത്തില്‍ സമ്പൂര്‍ണ്ണമായ മാറ്റം വരുത്തിയ നിര്ണയങ്ങളെടുത്ത 1958 ലെ കൊച്ചി ബൈഠക്കിനു ശേഷം ഞാന്‍ ഗുരുവായൂരിലേക്ക് മടങ്ങി. ബൈഠക്കില്‍ എടുത്ത തീരുമാനങ്ങള്‍ അവിടുത്തെ പ്രധാന സ്വയംസേവകരോട് സൂചിപ്പിക്കുകയുണ്ടായി. ചാവക്കാട് താലൂക്കിലെ ഒരുമനയൂര്കാരനും ഏറ്റവും മുതിര്‍ന്ന സ്വയംസേവകനുമായിരുന്ന ബാലകൃഷ്ണന് നായര്‍ അക്കാലത്ത് പൊന്നാനിയില്‍ പ്രചാരകനായിരുന്നു. സംഘനിരോധനം നീക്കിയശേഷം 1950-ല്‍ നാഗ്പൂരില്‍ 12 മാസവും സംഘശിക്ഷാവര്‍ഗ്ഗ് നടത്തപ്പെട്ടിരുന്നു. ഓരോ മാസവും സ്വയംസേവകര്‍ക്ക് അവിടെ പോയി പരിശീലനം നേടാം എന്നതായിരുന്നു വ്യവസ്ഥ. ഗുരുവായൂരില്‍ നിന്ന് ബാലകൃഷ്ണന് നായരും കടപ്പുറത്തുകാരന് വേലുവും പോയിരുന്നു. ആ പരിശീലനം ലഭിച്ചത് അസുലഭം മാത്രമല്ല അപൂര്‍വ്വം കൂടിയായ നേട്ടമായിരുന്നു. 30 ദിവസവും ഗുരുജിയുടെ സാന്നിധ്യം അനുഭവിച്ചതിനു പുറമേ ചില ദിവസങ്ങളില്‍ ഗുരുജിയുടെ അച്ഛന് സദാശിവറാവു ഗോള്‍വാല്‍ക്കറും സംഘസ്ഥാനില്‍ വരുമായിരുന്നു. അദ്ദേഹം ധ്വജപ്രണാം ചെയ്തശേഷം ഗുരുജിക്കും പ്രണാം കൊടുത്തത് തങ്ങളെ വിസ്മയിപ്പിച്ചുവെന്ന് ബാലകൃഷ്ണന് നായരും വേലുവും പറയുമായിരുന്നു. അവരിരും മുതിര്‍ന്ന അനുഭവസമ്പന്നരായ കാര്യകര്‍ത്താക്കള്‍ എന്ന നിലയ്ക്ക് എനിക്ക് ഏറെ പ്രചോദനം നല്കി. വേലു തളര്‍വാതം വന്ന് ശയ്യാവലംബിതനായി തന്നെ മീന്‍ ചാപ്പയില്‍ വളരെ നാള് കിടന്നു. വിദഗ്ധ ആയുര്‍വേദ ചികിത്സയില്‍ അദ്ദേഹത്തിന് നടക്കാറായെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉദയാസ്തമനപര്യന്തം ജീവിതം മുഴുവന്‍ കഴിച്ചുകൂട്ടി.
ബാലകൃഷ്ണന് നായരാകട്ടെ വിവാഹിതനായി പടിഞ്ഞാറേ നടയില്‍ പലചരക്ക് കച്ചവടവുമായി വളരെ വര്‍ഷങ്ങള്‍ താമസിച്ചു. ഗുരുവായൂരിലെ ‘ഇന്‍ഫര്‍മേഷന്‍ സെന്റര്‍’ ആയി അനേകം വര്‍ഷങ്ങള്‍ അദ്ദേഹം തുടര്‍ന്നു. പിന്നീട് ബ്രഹ്മകുളം എന്ന സ്ഥലത്തെ പത്നീഗൃഹത്തില്‍ താമസമാക്കി 98 വയസ്സ് വരെ ജീവിച്ചു. അവിടെ കുടുംബസഹിതം പോകാനും ഏതാനും സമയം ചെലവഴിക്കാനും പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് അവസരം ലഭിച്ചു. സംഘാനുഭവങ്ങളുടെ അക്ഷയ ഖനി ആയിരുന്നു അദ്ദേഹം. പൊന്നാനിയില്‍ പ്രചാരകനായിരുന്ന 1950കളില്‍ അവിടുത്തെ മതപരിവര്‍ത്തന കേന്ദ്രത്തില്‍ നടന്നുവന്ന ഭീഷണമായ നടപടികളെ പ്രതിരോധിച്ചതിന്റെ ചരിത്രം കിടിലം കൊള്ളിക്കുന്നതാണ്. കുറ്റിപ്പുറം പട്ടാമ്പി തീവണ്ടി ആപ്പീസുകളില്‍ ആര്യസമാജത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട മുന്‍കരുതലുകളും പൊന്നാനിയിലെ ആര്യസമാജ പ്രവര്‍ത്തനവും ബാലകൃഷ്ണന് നായരില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. മഹാത്മാഗാന്ധിയുടെ മൂത്ത പുത്രന് ഹരിലാല്‍ മതം മാറിയതും ഖുര്‍ആന്‍ പാഠങ്ങള്‍ അഭ്യസിച്ചതും പൊന്നാനിയിലെ മൗനത്തുള്‍ ഇസ്ലാം സഭയില്‍ നിന്നായിരുന്നുവത്രേ.
എനിക്ക് തലശ്ശേരിയിലാണ് ഇനി പ്രവര്‍ത്തിക്കേണ്ടി വരിക എന്ന നിര്‍ദ്ദേശം ദത്താജിയുടെ കത്തിലൂടെ ലഭിച്ചു. എന്നു പോകണമെന്നും മറ്റുമുള്ള വിവരങ്ങള്‍ ഹരിയേട്ടന് നല്‍കുമെന്നാണ് അറിയിച്ചത.് പരമേശ്വര്‍ജി ജനസംഘത്തിലേക്ക് പോയി കഴിഞ്ഞിരുന്നുവല്ലോ. ഹരിയേട്ടന് ഗുരുവായൂരില്‍ എത്തി മൂന്നു ദിവസങ്ങള്‍ കൊണ്ട് ശാഖകള്‍ സന്ദര്‍ശിക്കണം. അതിനായി ഏര്‍പ്പാടുകള്‍ ചെയ്തു. ഓരോ സ്ഥലത്തിന്റെയും സവിശേഷതകള്‍ വളരെ വേഗത്തില്‍ അദ്ദേഹം തിരിച്ചറിയുമായിരുന്നു. ഒരുമനയൂര്‍ സൗത്ത് എന്ന സ്ഥലത്തെ പല സ്വയംസേവകരും വള്ളമൂന്ന് തൊഴിലാളികളാണ്. വലിയ കെട്ടുവള്ളങ്ങളില്‍ പൊന്നാനി മുതല്‍ തിരുവനന്തപുരം വരെ ചരക്കുമായി പോകും. തിരുവനന്തപുരത്തെ വള്ളക്കടവില്‍ എത്തിയാല്‍ രണ്ടുമൂന്നു ദിവസത്തെ താമസം ഉണ്ടാകും. സാധാരണ തൊഴിലാളികള്‍ സിനിമ കാണാനാണ് സായാഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വയംസേവകര്‍ പുത്തന്‍ചന്ത ശാഖയില്‍ വരും. അവരില്‍ നിന്നാണ് ഞാന്‍ ആദ്യമായി ഗുരുവായൂര്‍ ഭാഗത്തെ സംഘപ്രവര്‍ത്തനത്തെ കുറിച്ചറിഞ്ഞത്. കൃഷ്ണ ശര്‍മാജി അവര്‍ക്ക് അവതാര പുരുഷനെ പോലെയായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന് നാഗര്‍കോവില്‍ ബ്രൂക്ക് ബോണ്ട് കമ്പനിയില്‍ ജോലിയായിരുന്നപ്പോള്‍ അവിടെ പോകും വഴി പുത്തന്‍ ചന്ത ശാഖയില്‍ വരികയും, ഗുരുവായൂര്‍ ശാഖയുടെ സംഭവബഹുലമായ ഇതിഹാസം വിവരിക്കുകയും ചെയ്തിരുന്നു.
ഹരിയേട്ടനുമായി വള്ളമൂന്ന് തൊഴിലാളിയായ കേശവന്റെ വീട്ടില്‍ പോയി. എന്നാല്‍ അദ്ദേഹം അവിടെയില്ലെന്നും തോണിയുമായി പോയിരിക്കുകയാണെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. രണ്ടാഴ്ച കഴിഞ്ഞെത്തുമെന്നും വീട്ടുകാര്‍ പറഞ്ഞു. അന്ന് തോണിയാത്രയ്ക്കു ചേറ്റുവയില്‍ കനാല്‍ അടച്ചിടുന്ന പതിവുണ്ട്. മലബാറിന്റെയും കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിര്‍ത്തികളിലെ തടസ്സങ്ങള്‍ നീക്കപ്പെട്ടിരുന്നില്ല. വര്‍ക്കല തുരങ്കം ആയിരുന്നു മറ്റൊരു വന്‍ തടസ്സം
”തുല്യം മറ്റില്ലിലുകിലതിനോടൊത്തുരങ്കങ്ങള് തീര്‍ന്നാല്‍
ശല്യം വേണ്ടാ സരണി മുഴുവന്‍ തോണിയില്‍ തന്നെ പോകാം”
എന്ന് മയൂര സന്ദേശത്തില്‍ വലിയ കോയിത്തമ്പുരാന്‍ പറഞ്ഞിട്ടുണ്ട്.
ഹരിയേട്ടനുമൊത്തുള്ള ആ യാത്രയെപ്പറ്റി മുമ്പും സംഘപഥത്തില്‍ എഴുതിയിരുന്നു. ജൂലൈ 26ന് തൃശ്ശൂരില്‍ നിന്ന് ട്രെയിന്‍ കയറി തലശ്ശേരിക്ക് പോകണം എന്നായിരുന്നു ഹരിയേട്ടന്റെ നിര്‍ദ്ദേശം. ആ വിവരത്തിന് കണ്ണൂരിലെ പ്രചാരകന് വി.പി. ജനാര്ദ്ദനന് കത്തെഴുതി. അദ്ദേഹവുമൊത്ത് പ്രവര്‍ത്തിക്കാന്‍ മുന്‍ തയ്യാറെടുപ്പ് വേണമല്ലോ. പ്രഥമശിക്ഷാ വര്‍ഗ്ഗിന് പോയപ്പോള്‍ എന്റെ ഗണശിക്ഷകനായിരുന്നു കര്‍ക്കശക്കാരനായ വി.പി. ജനാര്ദ്ദനന്. അന്നത്തെ ഗണവേഷ ഷര്‍ട്ടിന്റെ മുന്‍വശത്തെ മൂന്ന് ചിപ്പി ബട്ടണുകള്‍ക്ക് പകരം പ്ലാസ്റ്റിക് ആയിരുന്നു എന്റേത.് അതും മാറ്റി ചിപ്പി പിടിപ്പിച്ച ശേഷമേ ഗണയില്‍ നില്ക്കാന് എന്നെ അദ്ദേഹം അനുവദിച്ചുള്ളൂ. പക്ഷേ കമ്മ്യൂണിസ്റ്റ് നെടുംകോട്ടയായിരുന്ന ചിറക്കല്‍ കോട്ടയം (ഇന്നത്തെ കണ്ണൂര്‍, തലശേരി) താലൂക്കുകളില്‍ സംഘത്തിന്റെ ശാഖകള്‍ക്ക് ഉറച്ച അടിത്തറ പണിത ആളായിരുന്നു അദ്ദേഹം. പേരാമ്പ്ര ശാഖയില്‍ എല്ലാദിവസവും പൂര്‍ണ്ണ ഗണവേഷത്തില്‍ എത്തണമെന്ന് കല്‍പ്പനയും അദ്ദേഹം കൊടുത്തിരുന്നു. പുതിയ സ്വയംസേവകര്‍ക്കു മാത്രമാണ് അതില്‍ ഇളവ് നല്കപ്പെട്ടത്.
അങ്ങനെ ഒരു ദിവസം മുമ്പേ തൃശ്ശൂരെത്തി. അവിടെ ഇന്ന് കാര്യാലയം ഇരിക്കുന്ന സ്ഥലത്തിന് മുന്‍വശത്ത് റോഡരികില്‍ ഇലക്ട്രിക് ഓഫീസ് എന്ന് വിളിക്കപ്പെട്ടിരുന്ന കെട്ടിടം ആയിരുന്നു കാര്യാലയം. അന്ന് മലബാര്‍ എക്സ്പ്രസ് രാത്രി 10 കഴിഞ്ഞാണ്. സ്റ്റേഷനില്‍നിന്ന് എന്നെ വണ്ടികയറ്റിയ ശേഷമേ ഹരിയേട്ടനും മറ്റും പോയുള്ളൂ. വണ്ടിയില്‍ ഇരിക്കാന്‍ ഇടംകിട്ടി, പക്ഷേ ബര്‍ത്ത് ഉണ്ടായിരുന്നില്ല. ലഗേജ് റാക്കില്‍ പുതപ്പ് വിരിച്ചു. കോഴിക്കോട് കഴിഞ്ഞപ്പോള്‍ മഴ തുടങ്ങിയതിനാല്‍ തണുത്തുവിറച്ച് ഉറങ്ങാതെ നേരംപോക്കി.
ഹരിയേട്ടനുമായുള്ള ബന്ധത്തിന്റെ ഒരു ഘട്ടം അവിടെ കഴിഞ്ഞു. വളരെ വര്‍ഷങ്ങള്‍ക്കുശേഷം (1964- 65) ഞാന്‍ കോട്ടയം ജില്ലാ പ്രചാരകനായിരുന്നപ്പോള്‍ ഹരിയേട്ടനായിരുന്നു ഞങ്ങളുടെ വിഭാഗ് പ്രചാരകന്. സാന്ദര്‍ഭികമായി പഴയ ഗുരുവായൂര്‍ക്കാലം പരാമര്‍ശിക്കവേ ഒരുമനയൂരിലെ കേശവന്റെ കാര്യവും ചര്‍ച്ചാവിഷയമായി. പൊന്നാനി-തിരുവനന്തപുരം കെട്ടു വെള്ളമൂന്നിയൂന്നി കേശവന് ക്ഷയരോഗം ബാധിച്ചു. തുടക്കത്തില്‍ മുളങ്കുന്നത്തുകാവില്‍ ആയിരുന്നു ചികിത്സ. പിന്നെ തിരുവനന്തപുരം പുലയനാര്‍ കോട്ടയില്‍ സര്‍വ്വ ആധുനിക സൗകര്യങ്ങളും ഉള്ള ക്ഷയരോഗ സാനിട്ടോറിയം ആരംഭിച്ചപ്പോള്‍ അങ്ങോട്ട് മാറ്റി. ഹരിയേട്ടന് അവിടെ ചെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചു. രോഗത്തിന്റെയും ചികിത്സയുടെയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ എത്രകാലം അവിടെ കഴിയേണ്ടി വരും എന്ന് പറയാറായിട്ടില്ല. സദാ ഒരു സഹായി അവിടെ ആവശ്യമായിരുന്നു. അതിന് ചാവക്കാട്ടെ ബന്ധുക്കളെ കൊണ്ടുവരുന്നതിന്റെ സാമ്പത്തിക ബാധ്യത കേശവന്റെ കുടുംബത്തിന് താങ്ങാവുന്നതായിരുന്നില്ല. തിരുവനന്തപുരത്തുനിന്ന് തന്നെ ഏതാനും സ്വയംസേവകരെ ഹരിയേട്ടന് അതിനായി കണ്ടെത്തി ഏര്‍പ്പെടുത്തിയത് കേശവന് ഏറെ ആശ്വാസമായി. സംഘത്തിന്റെ ഗുരുദക്ഷിണാസമയം ആസന്നമായിരുന്നു. കേശവന് തന്നെ തുണിക്കട്ടിനടിയില് സൂക്ഷിച്ചു വച്ചിരുന്ന ഒരു പൊതിയെടുത്ത് ഹരിയേട്ടന്റെ മുന്നില്‍ വച്ചു. താന്‍ സമര്‍പ്പിക്കാന്‍ ആയി കരുതിവച്ചിരുന്ന ഗുരുദക്ഷിണ ധ്വജത്തിന് മുന്‍പാകെ സമര്‍പ്പിക്കാന്‍ ഏല്‍പ്പിക്കുകയാണ് എന്ന് പറഞ്ഞു. സമാധാനമായി കിടക്കൂ, ആരോഗ്യം വീണ്ടെടുക്കട്ടെ, അപ്പോള്‍ കേശവന് സ്വയം അത് സമര്‍പ്പിക്കാനാകുമെന്ന് ആശ്വസിപ്പിച്ചു. എങ്ങനെയോ കണ്ണീരടക്കിയാണ് ഹരിയേട്ടന് ആശുപത്രിയില്‍ നിന്നും മടങ്ങിയത്.
1958നു ശേഷം തൃശ്ശിവപേരൂരിലെ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഗുരുജി പങ്കെടുത്ത കാര്യകര്‍തൃ ശിബിരം നടന്നിരുന്നു. ഹരിയേട്ടനായിരുന്നു അതിന്റെ ചുമതല. മൈതാനത്തിന്റെ ഒരറ്റത്തു വിരിപ്പന്തലിട്ട് അവിടെ താമസവും ബാക്കി ഭാഗം സംഘസ്ഥാനുമാക്കി. പില്ക്കാലത്ത് പ്രചാരകനായ മാധവന് ഉണ്ണിയുടെ വീട്ടില്‍ ആയിരുന്നു ഗുരുജിയുടെ താമസം. അദ്ദേഹത്തിന്റെ അച്ഛന് അഡ്വക്കേറ്റ് കെ.കെ. ഉണ്ണി സംഘത്തിന്റെ ശക്തനായ ശുഭചിന്തകനായിരുന്നു. അതിനു മുന്‍വശത്ത് റോഡിന് എതിര്‍വശത്ത് പുത്തേഴത്ത് രാമന് മേനോനായിരുന്നു താമസം. മലയാളസാഹിത്യത്തിലെ വിശേഷിച്ചും ഗദ്യ സാഹിത്യത്തിലെ മുന്‍നിരക്കാരനായിരുന്നു അദ്ദേഹം. പഴയ കൊച്ചി രാജ്യത്തെ ചീഫ് കോടതിയുടെ ഒന്നാം ജഡ്ജിയും അദ്ദേഹമായിരുന്നു. പുത്തേഴത്തിനെയാണ് ശിബിര സര്‍വാധികാരിയായി നിശ്ചയിച്ചത്. ശിബിര നടത്തിപ്പിനായി പ്രാന്ത പ്രചാരകന് ദത്താജി ഡിഡോള്‍ക്കര്‍ നേരത്തെ എത്തി.
ശിബിരത്തിനാവശ്യമായ പന്തല്‍ നിര്‍മ്മിക്കാന്‍ അവിടുത്തെ പന്തല്‍ കരാറുകാരന് ‘ജര്‍മന്‍’ എന്ന സ്വയം വിശേഷിപ്പിക്കുന്ന ആളെയാണ് ഏല്‍പ്പിച്ചത്. അയാള്‍ ആവശ്യമായ സാമഗ്രികള്‍ എല്ലാം അവിടെ ഇറക്കി പണി നടത്തി. ‘ഐ ജര്‍മന്‍, ഹണ്‍ഡ്രഡ് പന്തല്‍മാന്‍’ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അയാള്‍ ദത്താജി, അണ്ണാജി, എന്നുവേണ്ട, ഗുരുജിയെയും പരിചയപ്പെട്ട് അവരുടെ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. ആ പുസ്തകത്തില്‍ നെഹൃു, വിനോബാജി, ആചാര്യ കൃപലാനി, പുത്തേഴത്ത്, ഇക്കണ്ട വാര്യര്‍, പനമ്പിള്ളി ഗോവിന്ദമേനോന്, വിവിധ ബിഷപ്പുമാര്‍ തുടങ്ങി അനേകം പ്രമുഖരുടെ ഒപ്പുകള്‍ ഉണ്ടായിരുന്നു.
ശിബിരത്തില്‍ പങ്കെടുത്ത എല്ലാ പ്രചാരകന്മാരുമായും ഗുരുജി സംവദിച്ചു. ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ ഒന്നോ രണ്ടോ ലഘുവായ അന്വേഷണങ്ങളിലൂടെ അദ്ദേഹം മനസ്സിലാക്കി.
ശിബിരത്തിലെ ഒരു പ്രഭാഷണം സര്‍വാധികാരി പുത്തേഴത്തിന്റേതായിരുന്നു. ഹനുമാന് എന്നതായിരുന്നു അദ്ദേഹത്തിന് നല്കപ്പെട്ട വിഷയം. നര്‍മ്മബോധം തുളുമ്പി നിന്ന ആ പ്രഭാഷണത്തില്‍ ഹനുമാന്റെ ഗുണ സഞ്ചയത്തെ അദ്ദേഹം വിസ്തരിച്ചു. നാമൊക്കെ ഹനുമാനെ പോലെ ആകണം എന്ന് പറഞ്ഞാല്‍ കുരങ്ങനെ പോലെ ചാടി നടക്കണം എന്നല്ല താല്പര്യമെന്ന് മേനോന് ഓര്‍മ്മിപ്പിച്ചു. ശ്രീരാമനോടുള്ള ഭക്തിയില്‍ എത്ര കഠിനമായ കാര്യവും വിജയിച്ചു പൂര്‍ത്തിയാക്കുന്നതിലെ മാതൃകയാണ് ഹനുമാനെന്ന് അദ്ദേഹം പറഞ്ഞു.
സംഘനിരോധനം നീക്കിയ ശേഷം ഉണ്ടായ വളര്‍ച്ചയുടെ തുടക്കത്തിലെ പടികളില്‍ സുപ്രധാനമായിരുന്നു തൃശ്ശിവപേരൂരില്‍ നടത്തിയ ആ ശിബിരം. പില്ക്കാലത്ത് സ്റ്റേഡിയവും ഗാലറികളും നിറഞ്ഞു തുളുമ്പിയ ഒട്ടേറെ സംഘകാര്യക്രമങ്ങളെപ്പറ്റി ഓര്‍മിക്കുമ്പോള്‍ ആ ശിബിരമായിരുന്നു അതിന്റെ ചവിട്ടുപടി എന്ന് തോന്നിപ്പോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: