പ്രദീപ് കുമാരപിള്ള, & അനില്‍ നക്ഷത്ര
ജഡ്ജി രാജേന്ദ്രന്റെ അനുജനാണ് പോലീസ് ഇന്‍സ്പെക്ടറായ ജയന്. ഡോ. തുളസി ജയന്റെ കാമുകിയാണ്. ഒരു കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തുന്ന ജയന്, തുളസി നല്കിയ ഇന്ജക്ഷനെത്തുടര്ന്ന് മരണപ്പെടുന്നു. സംശയത്തിന്റെ നിഴലിലായ തുളസി അറസ്റ്റിലാകുന്നു.
സ്ക്രീനില്‍ ദൃശ്യവിസ്മയങ്ങള്‍ തീര്‍ത്ത വിപിന്‍ദാസ് മാതൃഭാഷയിലരങ്ങേറിയത് പ്രതിധ്വനി (1971) എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ്. ആ ചിത്രത്തിന്റെ വണ്‍ലൈനാണ് മുകളില്‍ പറഞ്ഞത്.
ഈ കഥയിലെ റൊമാന്റിക് ഹീറോ എന്നു പറയാവുന്ന ജയന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്യാംകുമാര്‍ എന്ന നടനാണ്. റാണിചന്ദ്ര അവതരിപ്പിച്ച തുളസി എന്ന കഥാപാത്രത്തിനൊപ്പം തുളസീ തീര്‍ത്ഥത്തില്‍ എന്ന ഗാനരംഗമഭിനയിക്കുന്നതും ശ്യാം തന്നെ. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ജഡ്ജിയായി വേഷമിട്ടത് പ്രശസ്ത നാടകനടനും ചിത്രകാരനുമായ വാസുപ്രതീപും, വില്ലനായി വന്നത് രാഘവനുമായിരുന്നു. പഞ്ചവന്‍കാട്, ആഭിജാത്യം, കരകാണാക്കടല്‍ തുടങ്ങിയ താരബാഹുല്യ ചിത്രങ്ങളുടെ തിരതള്ളലില്‍, ഉപാസനയുടെ ബാനറില്‍ കാഥികന് ചേര്‍ത്തല ബാലചന്ദ്രന് നിര്‍മ്മിച്ച ഈ ചിത്രം തീരെ ശ്രദ്ധിക്കപ്പെടാതെ പോവുകയാണുണ്ടായത്.
തൊട്ടടുത്തവര്‍ഷം ശ്യാംകുമാര്‍ വീണ്ടും നായകനായി. ഡോ. വാസന് സംവിധാനം ചെയ്ത മിസ്റ്റര്‍ സുന്ദരി എന്ന ചിത്രമായിരുന്നു അത്. 1971 ല്‍ ചിത്രീകരണമാരംഭിച്ച്, സെന്‍സര്‍ പ്രശ്നങ്ങളില്‍ കുരുങ്ങി, പല ഭാഗങ്ങളും ഛേദിക്കപ്പെട്ട് 1974 മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തിന് റിലീസ് കേന്ദ്രങ്ങളില്‍ ഒരാഴ്ച്ച തികയ്ക്കാന്‍ കഴിഞ്ഞില്ല എന്നു പറയപ്പെടുന്നു. ആ വര്‍ഷം തന്നെ ശ്യാമിനെ രണ്ട് ചിത്രങ്ങളില്‍ക്കൂടി പ്രേക്ഷകര്‍ കണ്ടു. പട്ടാഭിഷേകത്തില്‍ ശ്യാം എന്ന ഹോട്ടല്‍ മാനേജരുടെ വേഷത്തിലും, അലകള്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലും.
ഒരു വര്‍ഷം പുറകോട്ടുപോയാല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ എന്ന ചിത്രത്തില്‍ പ്രേംനസീറിന്റെ സഹോദരനായി നമുക്കിദ്ദേഹത്തെ കാണാം. മുന്‍ ഫുട്ബാള്‍ പ്ലേയറും വികലാംഗനുമായ ചന്ദ്രന് എന്ന കഥാപാത്രത്തോട് നടന് നീതിപുലര്‍ത്തിയിട്ടുണ്ട്. അതിനും പുറകിലേക്ക് പോകുമ്പോള്‍ ശ്യാംകുമാര്‍ എന്ന പേര് ആദ്യമായി തെളിയുന്നത് നാഴികക്കല്ല് എന്ന നസീര്‍-ഷീലാ ചിത്രത്തിന്റെ ടൈറ്റിലിലാണ്. ചിത്രത്തില്‍ ഗണേശന് എന്ന ധൂര്‍ത്തപുത്രനെ അവതരിപ്പിച്ചുകൊണ്ടാണ് ശ്യാംകുമാറിന്റെ തുടക്കം. എന്നാല്‍ അതായിരുന്നോ ഈ നടന്റെ തുടക്കം? അല്ല… ആ കഥ ഇങ്ങനെയാണ്:
ചങ്ങനാശ്ശേരിയിലെ പായിപ്പാട്ട് ജനിച്ച രാധാകൃഷ്ണന് നായരുടെ വിദ്യാഭ്യാസം കുന്ദന്താനം ഹൈസ്കൂളിലും ചങ്ങനാശ്ശേരി കോളേജിലുമായിരുന്നു. ബിഎസ്സി ബിരുദധാരിയായ ആ ചെറുപ്പക്കാരന് പിന്നീട് കോവളത്തെ ആഴാകുളത്ത് ജ്യേഷ്ഠനൊപ്പം താമസത്തിനെത്തുകയായിരുന്നു. അഭിനയമോഹിയുമായിരുന്നു അയാള്‍. ഒരു ഫോട്ടോഷൂട്ട് മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചതുവഴിയാണ് രാധാകൃഷ്ണന് സിനിമാപ്രവേശം സാധ്യമാകുന്നത്. 1964 ലെ പഴശ്ശിരാജ എന്ന ഉദയാച്ചിത്രത്തില് ചെറിയ വേഷത്തിലൂടെയായിരുന്നു അരങ്ങേറ്റം.
ഇക്ബാല്‍ പിക്ചേഴ്സിന്റെ തങ്കക്കുടം എന്ന ചിത്രത്തിലാണ് രാധാകൃഷ്ണന് പിന്നീടഭിനയിക്കുന്നത്. മീനയാണ് ജോടി. പി. ഭാസ്കരന്-ബാബുരാജ് ടീമൊരുക്കിയ ‘യേശുനായകാ ദേവാ സ്നേഹഗായകാ…’ എന്ന ഗാനം പാടിയഭിനയിച്ചത് ഇരുവരും ചേര്‍ന്നാണ്. 1967ല്‍ ലേഡിഡോക്ടര്‍ എന്ന ചിത്രത്തിലൂടെയാണ് ഈ നടന് മെറിലാന്റിലെത്തുന്നത്. ചിത്രത്തില്‍ ഷീല അവതരിപ്പിക്കുന്ന ഡോ. ലില്ലിയുടെ സഹപ്രവര്‍ത്തകരായ ഡോ.തോമസിനെയും ഡോ. ലിസിയെയും അവതരിപ്പിച്ചത് രാധാകൃഷ്ണനും രാജേശ്വരിയുമാണ്.
രാധാകൃഷ്ണനോട് അടുപ്പം തോന്നിയ പി. സുബ്രഹ്മണ്യം തന്റെ അടുത്ത ചിത്രങ്ങളായ കറുത്തരാത്രികളിലും വിപ്ലവകാരികളിലും അയാള്‍ക്ക് അവസരം നല്കി. മദ്രാസ് മൂവീസിന്റെ മനസ്വിനി, ഉദയഭാനു ഫിലിംസിന്റെ ഡയല് 2244, എന്നീ ചിത്രങ്ങളെത്തുടര്ന്ന് വീണ്ടും നീലായിലെത്തിയ ഇദ്ദേഹം അവരുടെ കടല്‍, ഹോട്ടല്‍ ഹൈറേഞ്ച് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. കടലില്‍ ക്ലൈമാക്സ് സീനില്‍ ഒരു പോലീസ് ഇന്‍സ്പെക്ടറുടെ ചെറിയ വേഷമായിരുന്നെങ്കില്‍; ഹോട്ടല്‍ ഹൈറേഞ്ചില്‍ താരതമ്യേന പ്രാധാന്യമുള്ളൊരു വേഷമാണ് ചെയ്തത്.
‘ഗംഗായമുനാ സംഗമ സമതലഭൂമി
സ്വര്‍ഗീയ സുന്ദര ഭൂമീ
സ്വതന്ത്ര ഭാരത ഭൂമീ..’ എന്ന ഗാനരംഗം ദൂരദര്‍ശന്റെ ചിത്രഗീതം പരിപാടിയിലൂടെ നാം ഒത്തിരി തവണ കണ്ടിട്ടുള്ളതാണല്ലോ. ആ ഗാനം പാടിക്കൊണ്ട് പോലീസ് ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ജീപ്പില്‍ പോകുന്ന നടനാണ് ഈ രാധാകൃഷണന് എന്നു പറഞ്ഞാല്‍ പെട്ടെന്ന് മനസ്സിലാവും. 1969-ല്‍ ഇദ്ദേഹം എ. വിന്‍സന്റിന്റെ ആല്‍മരം, എ.ബി. രാജിന്റെ കണ്ണൂര്‍ ഡീലക്സ് എന്നീ ചിത്രങ്ങളിലഭിനയിച്ചു. കറുത്ത രാത്രികളിലും കണ്ണൂര്‍ ഡീലക്സിലും അദ്ദേഹം പോലീസ് വേഷത്തിലായിരുന്നു.
പേരിലെ സാമ്യം ആശയക്കുഴപ്പമായപ്പോള്‍
രാധാകൃഷ്ണന് രംഗത്തുള്ള സമയത്തു തന്നെയാണ് തൊടുപുഴ രാധാകൃഷ്ന് എന്ന നടനും സിനിമയിലെത്തുന്നത്. ഇദ്ദേഹം സ്ഥലപ്പേര് ചേര്‍ത്താണ് കൂടുതലും അറിയപ്പെടുന്നതെങ്കിലും പല സിനിമകളുടെയും ടൈറ്റില്‍കാര്‍ഡില്‍ പേര് രാധാകൃഷ്ണന് എന്നു മാത്രമേ ചേര്‍ത്തിരുന്നുള്ളൂ. മാത്രമല്ല വള്ളത്തോള്‍ രാധാകൃഷ്ണന് എന്നൊരു നടനും രംഗത്തുണ്ടായിരുന്നു. ഇതൊരുപക്ഷേ എല്ലാ രാധാകൃഷ്ണന്മാര്‍ക്കും പ്രശ്നം സൃഷ്ടിച്ചിരിക്കണം. ആദ്യത്തെ രാധാകൃഷ്ണന് സ്വന്തം പേര് ഇത്തിരി കാര്യമായിത്തന്നെ പരിഷ്കരിച്ചുകൊണ്ടാണ് ഇതിനൊരു പ്രതിവിധി കണ്ടെത്താന്‍ ശ്രമിച്ചത്. അപ്രകാരമാണ് നാഴികക്കല്ല് എന്ന സിനിമയിലൂടെ കോവളം രാധാകൃഷ്ണന്- ശ്യാംകുമാര്‍ എന്ന പുതുമുഖമായി അവതരിക്കുന്നത്.
നാഴികക്കല്ല്, നിഴലാട്ടം, പ്രതിധ്വനി, ഫുട്ബാള്‍ ചാമ്പ്യന്‍, നഖങ്ങള്‍, തൊട്ടാവാടി, മിസ്റ്റര്‍ സുന്ദരി, പട്ടാഭിഷേകം, അലകള്‍ തുടങ്ങിയവയാണ് അദ്ദേഹം ശ്യാംകുമാര്‍ എന്ന പേരിലഭിനയിച്ച ചിത്രങ്ങള്‍. നാഴികക്കല്ലിലും പട്ടാഭിഷേകത്തിലും സരസ്വതി ജോടിയായപ്പോള്, ശ്യാംകുമാര്‍ നായകനായ മിസ്റ്റര്‍ സുന്ദരിയില്‍ ഉഷാനന്ദിനി നായികയായി. പ്രതിധ്വനിയിലും പട്ടാഭിഷേകത്തിലും മിസ്റ്റര്‍ സുന്ദരിയിലും ശ്യാംകുമാറിന് ഗാനരംഗങ്ങളുമുണ്ടായിരുന്നു.
പ്രതീക്ഷകള്‍ തകര്‍ത്ത പ്രതിഷേധം
പ്രേംനസീര്‍ വില്ലനിക് ഹീറോയായ എംടി-എ. വിന്‍സന്റ് ടീമിന്റെ നിഴലാട്ടത്തില്‍ ശ്യാംകുമാര്‍ ചെറിയൊരു റോളിലുണ്ടായിരുന്നു. വിന്‍സന്റിന്റെ ആല്‍മരത്തിലും മുന്‍പ് അഭിനയിച്ചിരുന്നു. ആ പരിചയവും ബന്ധവും വച്ചാണ് ഉദയാക്കുവേണ്ടി വിന്‍സന്റ് സംവിധാനം ചെയ്ത ഗന്ധര്വ്വക്ഷേത്രത്തിലേക്ക് ശ്യാംകുമാറിനെ അദ്ദേഹം ക്ഷണിക്കുന്നത്. ചിത്രത്തില്‍ ശാരദയുടെ സഹോദരന്റെ വേഷമാണ് ശ്യാമിന് സംവിധായകന് ഓഫര്‍ ചെയ്തിരുന്നത്. തിരക്കഥ പൂര്‍ത്തിയായി ഡിസ്കഷന് നടക്കുമ്പോഴും ആ കഥാപാത്രം ശ്യാമിനായിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ ശ്യാം ഒഴിവാക്കപ്പെടുകയും കെ. പി. ഉമ്മര്‍ ആ റോളിലേക്കെത്തുകയും ചെയ്തു. നടന് അത് വലിയൊരാഘാതമായി. ആ കഥാപാത്രത്തെ ഉമ്മറിന് നല്കാന് നിര്‍ദ്ദേശിച്ചത് പ്രേംനസീറാണെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ ശ്യാമിനെ ധരിപ്പിച്ചു. തനിക്കര്ഹമായത് തനിക്കു തന്നെക്കിട്ടും എന്ന ചിന്താഗതിയില്‍ ശ്യാംകുമാര്‍ തുടര്‍ന്നും ചിത്രങ്ങളിലഭിനയിച്ചു. പ്രേംനസീറിനോടൊപ്പം ഫുട്ബാള്‍ ചാമ്പ്യനിലും തൊട്ടാവാടിയിലും പട്ടാഭിഷേകത്തിലുമൊക്കെ വേഷമിടുകയും ചെയ്തു.
മദ്രാസില്‍ നിന്നു മടക്കം
അറുപതുകളില്‍ ഒരു ബിരുദധാരിക്ക് ഒരു സര്‍ക്കാര്‍ ജോലി അപ്രാപ്യമായ ഒന്നായിരുന്നില്ല. കെഎസ്ആര്‍ടിസി, കെഎസ്ഇബി, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയില്‍ നിന്നും ഉദ്യോഗത്തിനായി ലഭിച്ച ക്ഷണങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ചലച്ചിത്രനടനാകാനിറങ്ങിത്തിരിച്ച അദ്ദേഹം പത്താംവര്‍ഷം ആ ഫീല്‍ഡ് വിടാന്‍ നിര്‍ബന്ധിതനായി. താനാഗ്രഹിച്ചതുപോലെ ഒരു സക്സസ്ഫുള്‍ നടനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. മാത്രമല്ല അവസരങ്ങള്‍ക്കായി ആരുടേയും മുന്നില്‍ ആവശ്യത്തിലേറെ താഴ്ന്നുകൊടുക്കാനും അദ്ദേഹം ഒരുക്കമായിരുന്നില്ല. ആഴാകുളത്തു മടങ്ങിയെത്തിയ അദ്ദേഹം വീണ്ടും ജ്യേഷ്ഠനൊപ്പം താമസമായി. സിനിമയ്ക്കാണ് തന്നെ വേണ്ടാതായത്. അഭിനയിക്കാന്‍ തനിക്കറിയാം. പിന്നെന്തിന് ആ കഴിവ് വേണ്ടെന്നുവയ്ക്കണം? ആ ചിന്തയില്‍ നിന്നാണ് ഒരു നാടകപ്രവര്‍ത്തകന്‍ ജനിച്ചത്.
കലയ്ക്കായി ജീവിതം സമര്‍പ്പിച്ച അദ്ദേഹം കുറച്ചു വൈകിയാണ് വിവാഹിതനായത്. തമിഴ്നാട്ടില്‍ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ നിന്നാണ് ജീവിതസഖിയെ ലഭിച്ചത്. സ്കൂള്‍ അധ്യാപികയായിരുന്നു ഭാര്യ സലിലകുമാരി. തിരുവട്ടാര്‍ സിംഗിള്‍ സ്ട്രീറ്റിലെ ശ്രീലക്ഷ്മി എന്ന വീട്ടിലായിരുന്നു താമസം. വിനോദ് കൃഷ്ണയും ദേവികൃഷ്ണയുമാണ് മക്കള്‍. (ഇരുവരും വിവാഹിതരും ഇപ്പോള്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നവരുമാണ്.)
ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കരമന പിആര്‍എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2010 ജൂലായ് 21ന് 67-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. ചലച്ചിത്രലോകം വിസ്മരിച്ച ഈ നടന്റെ ചരമവാര്‍ത്ത പത്രങ്ങളില്‍ ഒരു ചെറിയ കോളത്തിലൊതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: