”ഒരു മാറ്റമുണ്ടായില്ലെങ്കില്‍ ഈ സംസ്ഥാനത്തിന് ദുര്വ്വിധിയാകും. 32 വര്‍ഷംകൊണ്ട് ഈ സംസ്ഥാനം ഇരുണ്ടയുഗത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ ഒരു മെച്ചപ്പെടലും ഉണ്ടായിട്ടില്ല. 55,000 ഫാക്ടറികള്‍ പൂട്ടി. 15 ലക്ഷം പേര്‍ക്ക് തൊഴിലില്ലാതായി. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മുപ്പത്തി മൂന്നാം സ്ഥാനത്തായി. 27.9 ശതമാനം പേര്‍ക്കേ ഇവിെട ശുദ്ധമായ കുടിവെള്ളം കിട്ടുന്നുള്ളു. മഹാരാഷ്ട്രയില്‍ ഇത് 78.4 ശതമാനമാണ്; തമിഴ്നാട്ടില്‍ 84.2. ഇടതുപക്ഷ സര്‍ക്കാര്‍ 1977 ല്‍ ഇവിടെ അധികാരത്തില്‍ വരുമ്പോള്‍ ഞങ്ങള്‍ പിന്തുണച്ചു. എതിര്‍ക്കേണ്ടിവരുമെന്ന് ഒരിക്കലും ധരിച്ചില്ല. പക്ഷേ, കാലംപോകെ സര്‍ക്കാര്‍ എങ്ങനെ ജനവിരുദ്ധമായെന്നതിന് ഞാന്‍ സാക്ഷിയാണ്. എന്നാല്‍, ഒന്നിനും കൊള്ളാത്തതെന്ന് തിരിച്ചറിയാന്‍ 32 വര്‍ഷമെടുത്തു എന്നത് കഷ്ടമാണ്. എന്തായാലും ജനങ്ങള്‍ ഇപ്പോള്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങി. ഈ ഇടതുപക്ഷ സര്‍ക്കാര്‍ ചീഞ്ഞളിഞ്ഞു. അളവില്ലാത്ത അധികാരവും പണവും അവരുടെ മനോനില തെറ്റിച്ചു. അവര്‍ രാക്ഷസരായി. ഇടതുപക്ഷ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരെക്കുറിച്ച് എനിക്കൊന്നും പറയാനില്ല.”
2009 മെയ്മാസം, അതായത് 15 വര്‍ഷം മുമ്പ്, 82 വയസായിരിക്കെ, ജ്ഞാനപീഠ പുരസകാരം നല്കി രാജ്യം ബഹുമാനിച്ച പ്രസിദ്ധ എഴുത്തുകാരി മഹാശ്വേതാ ദേവി, പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയിച്ച ആ സംസ്ഥാനത്തെ സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞതാണിത്. റിഡിഫ് ഡോട് കോം എന്ന വെബ്സൈറ്റില്‍ ‘ഇടതുപക്ഷം രാക്ഷസന്മാരായി’ എന്ന തലക്കെട്ടില്‍ അതിപ്പോഴും ലഭ്യമാണ്.
പശ്ചിമ ബംഗാളിലെ അന്നത്തെ ബുദ്ധദേവ് ഭട്ടാചാര്യയുടെ സര്‍ക്കാരിനെക്കുറിച്ച് മഹാശ്വേതാദേവി പറഞ്ഞതെല്ലാം ഇന്നത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെക്കുറിച്ച് കിറുകൃത്യമാണ്. 32 വര്‍ഷത്തെ തുടര്‍ഭരണത്തിലൂടെ ‘നേടി’യത് പിണറായി എട്ടുവര്ഷത്തില് നേടിയെടുത്തു-നാലിലൊന്നുകാലംകൊണ്ട്.
ബംഗാളിലെ ജനസംഖ്യ 10.25 കോടിയിലേറെയാണ്. കേരളത്തില്‍ 3.34 കോടി. ബംഗാളിന്റെ വിസ്തൃതി 88,752 ചതുരശ്ര കിലോമീറ്റര്‍; കേരളത്തിന്റേത് 38,852. ആ നിലയ്ക്ക് ബംഗാളിന്റെ ഏറെക്കുറേ ‘മൂന്നിലൊന്നാ’ണ് കേരളം. അപ്പോള്‍ കണക്കുകള്‍ ശരിയാണ്. വിശകലനം നടത്തിയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉള്ളുകള്ളികള്‍ തെളിയാനും പൂച്ച് പുറത്താകാനും ഇതും മികച്ച ഉദാഹരണമാണ്. വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും വ്യക്തികള്‍ക്കും മാത്രമല്ല, ഭരണത്തിലെ പിടിപ്പുകേടിനുമല്ല, അതിനപ്പുറം കമ്മ്യൂണിസ്റ്റ് ആദര്‍ശത്തിന്റെയും നിലപാടിന്റെയും കാഴ്ചപ്പാടിന്റെയും പോരായ്മകളാണ് ഇതിലൂടെയെല്ലാം ബോദ്ധ്യപ്പെടുന്നത്.
പശ്ചിമ ബംഗാളിലെ ഭരണ സിരാകേന്ദ്രത്തിന്റെ പേര്, ”റൈറ്റേഴ്സ് ബില്‍ഡിങ്സ്” എന്നാണ്. വിവര്‍ത്തനം ചെയ്താല്‍ ”എഴുത്തുകാരുടെ കെട്ടിടം.” ആ എഴുത്തുകാര്‍ ബംഗാളിന്റെ വിശാല സംസ്കാരം വിളിച്ചു പറയുന്ന, ‘വന്ദേമാതര’ ഗീതം ഉള്‍പ്പെട്ട ‘ആനന്ദമഠം’ എഴുതിയ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയോ, നോബല്‍ സമ്മാനാലംകൃതനായ, ‘ദേശീയഗാന’ത്തിന്റെ രചയിതാവ് വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറോ, തുടങ്ങി വിപുലമായ സാഹിത്യകാരന്മാരുടെ പരമ്പരയ്ക്ക് ആ പേരുമായി ബന്ധമില്ല. ബ്രിട്ടീഷുകാര്‍ക്കുവേണ്ടി കണക്കപ്പണി ചെയ്തിരുന്ന, ഒരുപക്ഷേ ‘വ്യാജഭാരത ചരിത്രം’ എഴുതിയിരുന്ന ഗുമസ്തന്മാരുടെ (ക്ലാര്‍ക്കുമാര്‍) കേന്ദ്രമായ, ബ്രിട്ടീഷ് ഭരണ ആസ്ഥാനമായിരുന്നു അത്, 1777 ല്‍ സ്ഥാപിതമായത്. 1947ല്‍ സ്വതന്ത്ര ഭാരതത്തില്‍ കോണ്‍ഗ്രസുകാര്‍ ആദ്യം ഭരിച്ചിട്ടും കമ്മ്യൂണിസ്റ്റുകാര്‍ 32 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും 2011 മെയ് 20ന് മമതാ ബാനര്‍ജി ഭരണത്തില്‍ കയറിയിട്ടും ഒന്നുംതന്നെ ആ ബ്രിട്ടീഷ് ചിഹ്നമായ നുകം കഴുത്തില്‍നിന്ന് അഴിച്ചു മാറ്റാന്‍ തയാറായില്ല. അതിന് കാരണം ഭാരത പൈതൃകത്തോടുള്ള കടുത്ത എതിര്‍പ്പും എഴുത്തുകാരോടുള്ള ഉള്ഭയവുമാണെന്നു വേണം വിലയിരുത്താന്‍. എന്നല്ല, എഴുത്തുകാരോട് എന്നും കമ്മ്യൂണിസ്റ്റുകള്‍ക്ക് സംശയമാണ്, ഭയമാണ് എന്നാണ് ലോക ചരിത്രം.
മഹാശ്വേതാദേവിയുടെ വിമര്‍ശനത്തിന്റെ കേരളപ്പതിപ്പിനെക്കുറിച്ച് പരാമര്ശിക്കുംമുമ്പ് വിദേശ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ എഴുത്തുകാരുടെ അവസ്ഥയെന്തായിരുന്നുവെന്ന് ചുരുക്കി സൂചിപ്പിക്കാം. റഷ്യയാണല്ലോ കമ്മ്യൂണിസ്റ്റുകളുടെ ‘മാതൃ’ഭൂമി. ചൈന ‘പിതൃ’ഭൂമിയും ക്യൂബ ‘പുണ്യ’ഭൂമിയും. റഷ്യയില്‍ ഉള്‍പ്പെടെ എഴുത്തുകാര്‍ വളര്‍ത്തിയതാണ് കമ്മ്യൂണിസത്തെ. അതിലെ ‘മാനവീയ സങ്കല്‍പ്പം’ യാഥാര്‍ത്ഥ്യമായാല്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം സഫലമാകുമെന്ന് ഉപരിപ്ലവമായി നോക്കിയാല്‍ ആര്‍ക്കും തോന്നാം. അതില്‍ ആകര്‍ഷിക്കപ്പെടാം. അത് അധികാരം ലഭിക്കുന്നതോടെ എളുപ്പമാകുമെന്ന് തെറ്റിദ്ധരിക്കാം. പക്ഷേ, അധികാരം കിട്ടിയപ്പോഴാണ് അബദ്ധമാണെന്ന് തിരിച്ചറിഞ്ഞത്. ഒപ്പംനിന്ന എഴുത്തുകാര്‍, പെരുമ്പറ കൊട്ടിപ്പാടിയ സാഹിത്യ-കലാപ്രവര്‍ത്തകര്‍ വിമര്‍ശിക്കാനും വിട്ടുനില്‍ക്കാനും വിവേചിക്കാനും തുടങ്ങി. അങ്ങനെ എഴുത്തുകാരുടെ പക്ഷം തിരിച്ചറിയാനും അവരുടെ ‘രാജ്യസ്നേഹം’ കണ്ടുപിടിക്കാനും റഷ്യ ‘കള്‍ച്ചറല്‍ കമ്മിസ്സാറി’നെ നിയോഗിച്ചു. (രാജ്യസ്നേഹം ഭാരതത്തിലായാല് കമ്യൂണിസ്റ്റുകള്‍ അതിനെ ‘ദേശീയതാഭ്രാന്ത്’ എന്ന് ആക്ഷേപിക്കും, അവരെ സംബന്ധിച്ച് റഷ്യയിലാണെങ്കില്‍ ‘രാജ്യഭക്തി’യാകും). ‘കള്‍ച്ചറല്‍ കമ്മിസ്സാര്‍’ എഴുത്തുകാരെ നിരീക്ഷിച്ചു, നിയന്ത്രിച്ചു, നീതിക്കുവച്ചു, നിഷ്കാസനം ചെയ്തു, നൃശംസിച്ചു. അങ്ങനെ കൊല്ലപ്പെട്ടവര്‍, തടവിലാക്കപ്പെട്ടവര്‍, നാടുവിട്ടവര്‍, നാടുകടത്തപ്പെട്ടവര്‍, നിശ്ശബ്ദരാക്കപ്പെട്ടവര്‍ എത്രയെത്ര! കമ്മ്യൂണിസ്റ്റുകള്‍ക്കെതിരേ പരസ്യമായി വിമര്‍ശന വെടിപൊട്ടിച്ചത് എഴുത്തുകാരായിരുന്നു. കാരണം, ഏറെ പ്രതീക്ഷവച്ച്, പ്രതിഭയെ അവര്‍ പണയംവച്ചതും അടിമപ്പണി ചെയ്തതും തെറ്റായ ആദര്ശത്തിനായിരുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞപ്പോള്‍, പാഴാക്കിയ ജന്മത്തെക്കുറിച്ചുള്ള വിഷാദവും ക്ഷോഭവുമായിരുന്നു ആ വിമര്‍ശന എഴുത്തുകളില്‍. പട്ടിക നിരത്തുന്നില്ല. ഇവിടെ മഹാശ്വേതാ ദേവിയുടെ ആക്രോശത്തിനു പിന്നിലും ആ നിരാശയുണ്ടായിരുന്നു.
കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും എത്രയെത്രകാലമായി കമ്മ്യൂണിസ്റ്റ് വിമര്‍ശനം സാഹിത്യത്തില്‍ ഉണ്ടായിത്തുടങ്ങിയിട്ട്. ചങ്ങമ്പുഴയുടെ ‘പാടുന്ന പിശാചാ’ണ് ഏറ്റവും രൂക്ഷമായി കമ്മ്യൂണിസ്റ്റ് വിമര്‍ശനം പരസ്യമായും പച്ചയായും ചെയ്തത്. സഞ്ജയന് (എം.ആര്. നായര്‍) ഒട്ടും പിന്നിലായിരുന്നില്ല. അദ്ദേഹം അപഹസിച്ചതുപോലെ ആ പാര്‍ട്ടിയെ ആര്‍ക്കും സാധിച്ചിട്ടില്ല. പി. കേശവദേവ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി ഊണുറക്കമുപേക്ഷിച്ച് രണ്ടുകൈകൊണ്ടും എഴുതിയ ആളായിരുന്നു. അവസാനം കാപട്യമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തിരിച്ചു പറഞ്ഞു.
‘കമ്മ്യൂണിസ്റ്റ് വധയന്ത്രം’ എന്നൊരു പുസ്തകം തന്നെ കേശവദേവ് എഴുതി. തകഴിയും അവസാന കാലത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യ നിലപാടെടുത്തു. നാടകകൃത്തും നിരൂപകനുമായിരുന്ന സി.ജെ. തോമസ് കടുത്ത വിമര്‍ശകനായിരുന്നു. കാക്കനാടന്റെ ‘ഉഷ്ണ മേഖല’യും സി.ആര്. പരമേശ്വരന്റെ ‘പ്രകൃതിനിയമ’വും കമ്മ്യൂണിസത്തെ ജീവനവശേഷിക്കെ തൊലിയുരിച്ചു നിര്‍ത്തി. ഒളിഞ്ഞും തെളിഞ്ഞും പിന്നീട് കമ്മ്യൂണിസ്റ്റ് വിമര്‍ശന സാഹിത്യം ചെറുതും വലുതുമായി ഉണ്ടായി, ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇവിടെ അധികാരമുള്ളതിനാല്‍ കമ്മ്യൂണിസ്റ്റുപക്ഷത്തുനിന്ന് ഇപ്പോഴും എഴുതിയും പറഞ്ഞും ജീവിക്കുന്നവരുണ്ട് എന്നത് സത്യം. അതുപക്ഷേ മാനവരാശിക്കു മോക്ഷത്തിനല്ല, ആത്മനോമോക്ഷത്തിനുള്ള (സംസ്കൃത വിദ്വേഷി ജയ മോഹനു വേണ്ടിപ്പറഞ്ഞാല്, ‘വയറ്റുപിഴപ്പി’നുള്ള) ആരാധനാക്രമം മാത്രമാണ് എന്നത് ശ്രദ്ധേയമാണ്.
പക്ഷേ, കേരളത്തില്‍, ജ്ഞാനപീഠ സമ്മാനിതനായ എം.ടി. വാസുദേവന്‍ നായര്‍ ലക്ഷ്യം കുറിച്ച വെടി, കൊള്ളേണ്ടിടത്തുകൊണ്ടുവെന്നുമാത്രമല്ല, അതിന്റെ തുടര്‍ച്ചയായി ചെറുതും വലുതുമായ പൊട്ടിത്തെറികള്‍ ഇപ്പോഴും നടക്കുകയാണ്. (പിണറായി ഭരണത്തില്‍) ‘അധികാരം, ആധിപത്യവും സര്‍വ്വാധിപത്യവുമായി മാറി’ എന്ന എംടിയുടെ പ്രസ്താവന മഹാശ്വേതാദേവിയുടെ അതേ ശബ്ദത്തിലായിരുന്നു. ദേവി, കമ്മ്യൂണിസ്റ്റ് ഭരണാധിപന്മാരെ ‘രാക്ഷസര്‍’ എന്നുവിളിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ് ബംഗാളില്‍ ആ ‘രാക്ഷസര്‍’ രാജ്യഭ്രഷ്ടരായത്. കേരളത്തിലെ ”റൈറ്റേഴ്സ് ബ്ലോക്കില്‍’ വിള്ളലുണ്ടാകുന്നത് ചെറിയ സംഭവമല്ല. അത് തുടങ്ങിയിട്ട് ഏറെ നാളായി. മിണ്ടാതിരുന്ന് പ്രതികരിച്ചതും മുറുമുറുത്ത് പ്രതിഷേധിച്ചതും കഴിഞ്ഞ് ഇപ്പോള്‍ പരസ്യ പ്രകടനങ്ങള്‍ക്ക് തയാറായിരിക്കുന്നു. ശുഭപ്രതീക്ഷകള്‍ക്ക് ഏതായാലും 32 വര്‍ഷം കാത്തിരിക്കേണ്ടി വരില്ല എന്നുറപ്പാണ്. ‘ചീട്ടുകൊട്ടാരം’ പൊളിയുകയാണ്. പ്രതികരണത്തൊഴിലാളികളെപ്പോലെ പ്രവര്‍ത്തിച്ചിരുന്ന സാംസ്കാരികനായകര്‍ അന്തര്മുഖരായിടത്തുനിന്ന് പരസ്യ വിമര്‍ശനത്തിലേക്ക് ചുവടുവെച്ചത് വലിലൊരു കുതിപ്പാണ്, തിരുത്തലിലേക്ക്.
പിന്കുറിപ്പ്:
വ്യാജപ്രചാരണങ്ങളും മാദ്ധ്യമങ്ങളിലെ സ്വാധീനവുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ‘വിജയരഹസ്യ’മായിരുന്നത്. ദേശീയതലത്തില്‍ അപ്രസക്തമായ ആ പാര്‍ട്ടിയുടെ സ്ഥിതിയറിയാന്‍ ഇങ്ങനെയൊരു കണക്കെടുത്താല്‍ മതി. സിപിഎമ്മിന്റെ ദല്‍ഹി ആസ്ഥാനമായ എകെജി ഭവനില്‍നിന്ന് നമ്മള് ”ലൈവ്” റിപ്പോര്‍ട്ടിങ് അവസാനമായി കണ്ടത് എന്നാണ്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ നേതാക്കളുടെ ‘എക്സ്ക്ലുസീവ്’ അഭിമുഖമോ കമന്റോ അച്ചടിച്ച് കണ്ടിട്ട് എത്ര നാളായി?
പ്രതികരിക്കാൻ ഇവിടെ എഴുതുക: