കശ്മീർ : ജമ്മു കശ്മീരിൽ പാലം, റോഡ് നിർമാണ പ്രവർത്തനങ്ങൾക്കായി 152.30 കോടി രൂപയുടെ പുതിയ പാക്കേജ് കേന്ദ്രം അനുവദിച്ചു. 134 കിലോമീറ്റർ ദൈർഘ്യമുള്ള 12 റോഡുകൾ നവീകരിക്കുന്നതിനും പാലം നിർമ്മിക്കുന്നതിനും വേണ്ടിയാണ് ഫണ്ട് അനുവദിച്ചത്.
പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‌വൈ) പ്രകാരമുള്ള പാക്കേജിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അംഗീകാരം നൽകുകയായിരുന്നു. ഇതോടെ, ജമ്മു കശ്മീരിനുള്ള പിഎംജിഎസ്‌വൈ III പ്രോഗ്രാമിന് കീഴിൽ 2,245.46 കോടി രൂപ ചെലവിൽ 1,750 കിലോമീറ്റർ ദൈർഘ്യമുള്ള 233 റോഡ് പദ്ധതികളും ഈ റോഡുകളുടെ അനുബന്ധമായി വരുന്ന 66 പാലങ്ങളും നവീകരിക്കാൻ അനുവദിച്ചതായി മന്ത്രാലയം വക്താവ് പറഞ്ഞു.
250-ൽ കൂടുതൽ ജനസംഖ്യയുള്ള റോഡുകളില്ലാത്ത ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകുന്നതിനായി 2001-02 ലാണ് ജമ്മു കശ്മീരിൽ പിഎംജിഎസ്‌വൈ പ്രോഗ്രാം ആരംഭിച്ചത്. ഈ പരിപാടിക്ക് കീഴിൽ, 2,140 ഗ്രാമീണ വാസസ്ഥലങ്ങൾ റോഡുകളുമായി ബന്ധിപ്പിക്കണമെന്ന് കണ്ടെത്തി. ഇതിനായി 12,565 കോടി രൂപ ചെലവിൽ 19,049 കിലോമീറ്റർ റോഡുകളുടെ നിർമ്മാണത്തിനായി പിഎംജിഎസ്‌വൈ-1, 2 എന്നിവയ്‌ക്ക് കീഴിൽ 239 പാലങ്ങൾ ഉൾപ്പെടെ 3,425 നിർമാണ പ്രവർത്തനങ്ങൾക്ക് ഗ്രാമവികസന മന്ത്രാലയം അംഗീകാരം നൽകി.
പ്രതികൂലമായ തൊഴിൽ സാഹചര്യങ്ങൾക്കിടയിലും, ജമ്മു കശ്മീരിൽ പിഎംജിഎസ്‌വൈ I, II എന്നിവയ്‌ക്ക് 98.50 ശതമാനം കൈവരിച്ചതായി വക്താവ് പറഞ്ഞു. ഇതുവരെ 2,118 ഗ്രാമങ്ങളെ റോഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ബാക്കി 23 എണ്ണം മാർച്ചോടെ ബന്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രകാരം 17,985.10 കിലോമീറ്റർ റോഡുകൾ നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിഎംജിഎസ്‌വൈ-III പ്രകാരം ഇതുവരെ 11,723.57 കോടി രൂപ ചെലവിൽ 521.09 കിലോമീറ്റർ റോഡ് നവീകരിച്ചതായും വക്താവ് പറഞ്ഞു.
താഴ്‌വരയിലെ റോഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് അനുമതി നൽകിയതിന് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തിരാജ് മന്ത്രി ഗിരിരാജ് സിംഗിനോടും നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: