കൊച്ചി: കിറ്റെക്സ് മുതലാളി സാബു ജേക്കബിനെയും അദ്ദേഹം നേതൃത്വം നല്കുന്ന ട്വന്റി 20 പാര്‍ട്ടിയും പ്രത്യക്ഷത്തില്‍ സി പി എമ്മിന്റെ ശത്രുക്കളാണ്. ട്വന്റി 20ക്ക് നേതൃത്വം നല്‍കുന്നത് മൂലമുളള രാഷ്ട്രീയ വൈരാഗ്യം മൂലം കിറ്റെക്സ് ഫാക്ടറിയില്‍ നിരവധി റെയ്ഡുകളാണ് സി പി എം ഭരണകാലയളവില്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയത്.
സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഉപദ്രവങ്ങളെ തുടര്‍ന്ന് സാബു ജേക്കബ് തെലങ്കാനയില്‍ 3000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. സി പി എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലത്തെ പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
എന്നാല്‍ പ്രത്യക്ഷത്തില്‍ ശത്രുപക്ഷത്താണെങ്കിലും ഇവര്‍ തമ്മില്‍ അന്തര്‍ധാരയുണ്ടോ എന്നാണ് ഇപ്പോള്‍ സംശയം ഉയര്‍ന്നിട്ടുളളത്. കാരണമെന്തെന്നല്ലേ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സിപിഎമ്മിന് കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് കിറ്റെക്സ് ഗ്രൂപ്പില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്കിയതും കിറ്റെക്സാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയവരുടെ വിശദാംശങ്ങള്‍ സിപിഎം തിരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിപിഎമ്മിന് ചെക്കിലൂടെ കിറ്റെക്സ് ഗ്രൂപ്പ് 30 ലക്ഷം രൂപ നല്കി. സി പി എമ്മിന് സംഭാവന നല്‍കിയവരുടെ ദേശീയ തലത്തില്രണ്ടാമതാണ് കമ്പനി. 56.8 ലക്ഷം രൂപ സംഭാവന നല്കിയ സിഐടിയു കര്‍ണാടക സംസ്ഥാന കമ്മിറ്റിയാണ് പട്ടികയില്‍ ഒന്നാമതുള്ളത്.
എന്നാല്‍ സിപിഎമ്മിന് സംഭാവന നല്‍കിയത് സാമാന്യ മര്യാദ എന്ന നിലയിലാണെന്നാണ് കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാനായ സാബു എം ജേക്കബിന്റെ പ്രതികരണം. സി പി എമ്മിനെ പേടിച്ചല്ല പണം നല്‍കിയതെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് പണം സംഭാവന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വ്യക്തികള്‍, ബില്‍ഡര്‍മാര്‍, സ്വര്‍ണവ്യാപാരികള്‍ എന്നിവരില്‍ നിന്നാണ് സിപിഎമ്മിന് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: