കൊൽക്കത്ത: നോർത്ത് 24 പർഗാനാസ് ജില്ലയിലെ പ്രശ്നബാധിതപ്രദേശമായ സന്ദേശ്ഖാലിയിൽ തങ്ങളുടെ വീടുകളിൽ സുരക്ഷിതരല്ലെന്ന് തോന്നുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി രാജ്ഭവന്റെ വാതിലുകൾ തുറന്നിട്ടിരിക്കുന്നതായി പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് പറഞ്ഞു.
“ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള പീഡനങ്ങൾക്കിരയായ സ്ത്രീകൾക്കായി രാജ്ഭവന്റെ വാതിലുകൾ തുറന്നിരിക്കുന്നു. അവർക്ക് താമസവും ഭക്ഷണവും സുരക്ഷയും ഞങ്ങൾ നൽകും,” ആനന്ദബോസ് പറഞ്ഞു.
സന്ദേശ്ഖാലി സന്ദർശനത്തിനിടെ സ്ത്രീകൾ രാഖികെട്ടി സഹോദരനായി സ്വീകരിച്ച തനിക്ക് അവരെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്നും അതിന് തനിക്കു കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുകയാണെന്നും സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും ആരോപിച്ച് പ്രദേശത്തെ സ്ത്രീകളാണ് പ്രതിഷേധിക്കുന്നത്.
സന്ദേശ്ഖാലി വീണ്ടും സന്ദർശിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “ആവശ്യമെങ്കിൽ ഞാൻ വീണ്ടും സ്ഥലം സന്ദർശിക്കും. പീഡനമനുഭവിക്കുന്നവരുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനാണ് ഇപ്പോൾ മുൻഗണന”യെന്ന് ആനന്ദബോസ് മറുപടി നൽകി.
സന്ദേശ്ഖാലിയിലെ സ്ഥിതിഗതികൾ “ഞെട്ടിക്കുന്നതും ഭയാനകവു”മാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം അത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർച്ചു. ജുഡീഷ്യൽ അന്വേഷണത്തിനും അദ്ദേഹം ശുപാർശ ചെയ്തു.
ബംഗാളിലെ ജനങ്ങൾക്ക് നൽകിയ നാലാം റിപ്പോർട്ടിൽ, തങ്ങളുടെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ആനന്ദബോസ് എടുത്തുപറഞ്ഞു.
ഭീഷണി നേരിടുന്ന സ്ത്രീകൾക്ക് രാജ്ഭവനിലെ ‘പീസ് റൂമുമായി’ 033-22001641 എന്ന നമ്പറിൽ വിളിച്ച് പരാതികൾ അറിയിക്കാമെന്ന് രാജ്ഭവൻ അറിയിച്ചു.
“ഞങ്ങളുടെ പീസ്റൂം 24 മണിക്കൂറും തുറന്നിരിക്കും. സന്ദേശ്ഖാലിയിൽ ഗുണ്ടകളുടെ പീഡനമനുഭവിക്കുന്ന ഏതൊരാൾക്കും ഫോണിലൂടെ പരാതി നൽകാം. നടപടി ഉടനുണ്ടാകും- ഗവർണർ ഉറപ്പുനൽകി.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള അക്രമങ്ങളിൽ അവരുടെ പ്രദേശങ്ങളിൽ ഭീഷണി നേരിട്ട വ്യക്തികൾക്ക് രാജ്ഭവൻ മുമ്പ് അഭയം നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: