Categories: India

അഖിലേഷ് യാദവ് പിന്നാക്കസമുദായത്തെ തഴയുന്നു; വെല്ലുവിളിച്ച് പല്ലവി പട്ടേല്‍; സ്വാമി പ്രസാദ് മൗര്യയ്‌ക്കും പിണക്കം; തൂത്തുവാരും യോഗി

മുന്നോക്കക്കാരായ കായസ്ത സമുദായത്തിന് രണ്ട് രാജ്യസഭാ സീറ്റുകള്‍ നല്‍കുക വഴി പിന്നാക്ക വിഭാഗത്തെ സമാജ് വാദിയും അഖിലേഷ് യാദവും അവഗണിച്ചു എന്ന ആരോപണവുമായി സ്വാമി പ്രസാദ് മൗര്യയും പല്ലവി പട്ടേലും. ഇവര്‍ കൂടി സമാജ് വാദി പാര്‍ട്ടിയെ വിട്ടുപോയാല്‍ യോഗി 2024ല്‍ 90 ശതമാനം സീറ്റുകളും തൂത്തുവാരും.

Published by

ലഖ്നൗ: അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുടെ തനിനിറം പുറത്തുവന്നത് കഴിഞ്ഞ ദിവം രാജ്യസഭാ സീറ്റിനു വേണ്ടിയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോഴാണ്. മുന്‍ ചീഫ് സെക്രട്ടറി അലോക് രഞ്ജന്‍, രാഷ്‌ട്രീയക്കാരിയായി മാറിയ നടി ജയാ ബച്ചന്‍, ദളിതനായ രാംജി ലാല്‍ സുമന്‍ എന്നിവര്‍ക്കാണ് ഉറപ്പായും ലഭിക്കുന്ന മൂന്ന് രാജ്യസഭാ സീറ്റുകള്‍ നല്‍കിയത്. ഇതില്‍ ജയാ ബച്ചനും അലോക് രഞ്ജനും മുന്നോക്ക സമുദായമായ കായസ്തയില്‍ ഉള്‍പ്പെട്ടവരാണ്.

ഈ തെരഞ്ഞെടുപ്പില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളെ തഴഞ്ഞുവെന്ന പരാതിയുമായി മറ്റ് പിന്നാക്കവിഭാഗ നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ യുപി നിയമസഭാ തെരഞ്ഞെടുപ്പ് യോഗിയുടെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ ബിജെപിയില്‍ നിന്നും രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് വലിയ തിരിച്ചടിയായിരുന്നു. പിന്നീട് അദ്ദേഹത്തെ സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി അവരോധിച്ചു. ഇപ്പോള്‍ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരിക്കുകയാണ് സ്വാമി പ്രസാദ് മൗര്യ. താന്‍ ഈ പാര്‍ട്ടിയില്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും താന്‍ ബിജെപിയ്‌ക്ക് നേരെ ഉയര്‍ത്തിയ വെല്ലുവിളികളെല്ലാം സമാജ് വാദിയുടെ അഭിപ്രായങ്ങളല്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നുവെന്നും സ്വാമി പ്രസാദ് മൗര്യ പരാതിപ്പെടുന്നു. അന്ന് കവി തുളസീദാസ് എഴുതിയ രാമചരിതമാനസം എന്ന കവിത അസംബന്ധമാണെന്നും അത് നിരോധിക്കണമെന്നുമുള്‍പ്പെടെ ഒട്ടേറെ വിവാദപരാമര്‍ശങ്ങള്‍ സ്വാമി പ്രസാദ് മൗര്യ നടത്തിയിരുന്നു. കാരണം ആ കവിതയില്‍ ശൂദ്രരെ വളരെ താഴ്ന്നവരായാണ് തുളസീദാസ് കണക്കാക്കിയിരുന്നതെന്ന് സ്വാമി പ്രസാദ് മൗര്യ ആരോപിച്ചിരുന്നു. എന്നാല്‍ യുപിയില്‍ രാമചരിതമാനസം എന്ന കവിതയെ വളരെ പവിത്രമായാണ് സാധാരണജനങ്ങള്‍ കണക്കാക്കുന്നത്. അന്ന് സ്വാമി പ്രസാദ് മൗര്യയെ തള്ളിക്കളയുകയായിരുന്നു സമാജ് വാദി പാര്‍ട്ടിയും അഖിലേഷ് യാദവും ചെയ്തത്.

പിഡിഎ (പിച്ച്ഡ, ദളിത്, അല്‍പസംഖ്യക് ) എന്ന മുന്നണിയായാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പിന്നാക്ക വിഭാഗക്കാര്‍ക്കും ദളിതര്‍ക്കും പ്രാധാന്യം നല്‍കും എന്നായിരുന്നു അഖിലേഷ് യാദവിന്റെ അവകാശവാദം. അന്ന് ആ മുന്നണിയില്‍ ഉള്‍പ്പെട്ടിരുന്ന അപ്നാദള്‍ (കമെര്‍വാദി) പാര്‍ട്ടിയുടെ എംഎല്‍എയായ പല്ലവി പട്ടേലും ഇപ്പോള്‍ അഖിലേഷ് യാദവിനെ ചോദ്യം ചെയ്യുകയാണ്. മുന്നോക്കക്കാരയാ കായസ്ത സമുദായത്തിന് രണ്ട് രാജ്യസഭാ സീറ്റുകള്‍ നല്‍കുക വഴി പിന്നാക്ക വിഭാഗത്തെ അവഗണിച്ചു എന്ന് തന്നെയാണ് പല്ലവി പട്ടേലും പറയുന്നത്. ഇങ്ങിനെയെങ്കില്‍ പിഡിഎ എന്ന മുന്നണി തന്റെ പാര്‍ട്ടി വിടുമെന്നും പല്ലവി പട്ടേല്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴെ സഖ്യകക്ഷിയായ ആര്‍എല്‍ഡി കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിന്റെ ആഘാതത്തില്‍ നിന്നും അഖിലേഷ് യാദവ് കരകയറിയിട്ടില്ല. അതിനിടയിലാണ് സ്വാമി പ്രസാദ് മൗര്യും അപ്നാദള്‍ (കമെര്‍വാദി) നേതാവും എംഎല്‍എയുമായ പല്ലവി പട്ടേലും വാളെടുത്തിരിക്കുന്നത്. ഇവരും കൂടി വിട്ടുപോയാല്‍ അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ യോഗിയുടെ നേതൃത്വത്തില്‍ ബിജെപി ഉളപ്പെട്ട എന്‍ഡിഎ തൂത്തുവാരുമെന്ന് ഉറപ്പായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോക് സഭാ സീറ്റുകളുള്ള (80) സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക