പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കില്‍ അക്ബര്‍ എന്ന സിംഹത്തെയും സീത എന്ന സിംഹത്തെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് കോടതിയെ സമീപിച്ചു. വിഎച്ച്പി ബംഗാള്‍ വിഭാഗമാണ് കല്‍ക്കട്ട ഹൈക്കോടതിയിലെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ചില്‍ ഹര്‍ജി നല്‍കിയത്.
വനം വകുപ്പ് നടപടി ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് ആരോപിക്കുന്നത്. കേസ് ഈ മാസം 20ന് പരിഗണിക്കും.
കഴിഞ്ഞ ഫെബ്രുവരി 14ന് ഉത്തര്‍ ബംഗ സംബദ് എന്ന പത്രത്തില്‍ ‘പങ്കാളിയെ തേടി അസ്വസ്ഥയായ സീത’ എന്ന തലക്കെട്ടോടെ ഒരു വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയില്‍ ആണ്‍സിംഹത്തിന് ‘അക്ബര്‍’ എന്ന് പേര് നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടതോടെ വിഎച്ച്പി വനംവകുപ്പിന് കാര്യം ധരിപ്പിക്കുകയും പെണ്‍സിംഹത്തിന് നല്കിയ ‘സീത’ എന്ന പേര് മാറ്റണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
‘ശ്രീരാമന്റെ ഭാര്യയായ ‘സീത’ ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കള്‍ക്കും ഒരു വിശുദ്ധ ദേവതയാണെന്നും പൂച്ച വര്‍ഗത്തില്‍ പെട്ട ഒരു ജീവിക്ക് ആ പേര് നല്‍കിയത് വിശ്വഹിന്ദു പരിഷത്ത് അഗാധമായ വേദനയോടെ നിരീക്ഷിച്ചു. അത്തരം പ്രവൃത്തി ദൈവനിന്ദക്ക് തുല്യമാണ്, അത് എല്ലാ ഹിന്ദുക്കളുടെയും മതവിശ്വാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്,’ ഹര്‍ജിയില്‍ പറയുന്നു.
സംസ്ഥാന വനംവകുപ്പിനേയും ബംഗാള്‍ സഫാരി പാര്‍ക്കിനേയും എതിര് കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹര്‍ജി. പാര്‍ക്കിലെ മൃഗങ്ങളുടെ
പേരുകള്‍ മാറ്റാറില്ലെന്നാണ് സഫാരി പാര്‍ക്ക് അധികൃതര്‍ പറയുന്നത്. പാര്‍ക്കിലെത്തുന്നതിന് മുന്‍പ് തന്നെ സിംഹങ്ങള്‍ക്ക് പേരുണ്ടെന്നാണ് ബംഗാള്‍ വനംവകുപ്പ് വിശദമാക്കുന്നത്.
സര്‍ക്കാര്‍ രേഖകള്‍ പ്രകാരം രണ്ട് സിംഹങ്ങള്‍ എത്തി. എത്തിയവ ആണ്, പെണ് സിംഹങ്ങള്‍ ആണെന്ന് തിരിച്ചറിഞ്ഞതായി വിഎച്ച്പിയുടെ അഭിഭാഷകനായ ശുഭങ്കര്‍ ദത്ത പറഞ്ഞു. അവര്‍ ഇവിടെ എത്തിയതിന് ശേഷം അവര്‍ക്ക് അക്ബര്‍ എന്നും സീത എന്നും പേരിട്ടു. അതിനാല്‍ രണ്ടാമത്തേത് മാറ്റണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ സംസ്ഥാന മൃഗശാല അധികൃതരെയും ബംഗാള്‍ സഫാരി പാര്‍ക്ക് ഡയറക്ടറെയും കേസില്‍ കക്ഷികളാക്കിയിട്ടുണ്ടെന്നും ദത്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: