അറുപത്തഞ്ച് വര്‍ഷത്തിനിടയില്‍ ഒരുപാട് രാഷ്ട്രീയ യാത്രകള്‍ നടന്നിട്ടുണ്ട്. കാസര്‍ഗോഡു നിന്നും തലസ്ഥാനത്തേക്ക്. അന്നൊരിക്കലും കാണാത്ത പ്രത്യേകതയാണ് കഴിഞ്ഞ ദിവസം കണ്ടത്. എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന് നടത്തുന്ന യാത്ര അങ്കമാലിയിലെത്തിയപ്പോള്‍ ഒരു ബ്രേക്ക്. അങ്കമാലി സെന്റ് ജോര്‍ജ് ബസലിക്ക സെമിത്തേരിയിലേക്കാണ് പോയത്. അവിടെ അന്ത്യവിശ്രമം കൊള്ളുന്ന സഹോദരങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാനായിരുന്നു അത്. കല്ലറയില്‍ പുഷ്പചക്രം അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാണ് യാത്ര തുടങ്ങിയത്. അവിടെ അന്ത്യവിശ്രമം കൊള്ളുന്ന ദേവസിയും പാപ്പച്ചനും വറീതും പൗലേയും പള്ളന്‍ വറീതും കാര്യപറമ്പന്‍ വറീതും പൗലോസും രക്തസാക്ഷികളാകുമ്പോള്‍ ജീവിച്ചിരുന്നപ്പോഴുള്ളവരാരും സുരേന്ദ്രന്റെ സംഘത്തിലുണ്ടായിരുന്നില്ല. എങ്കിലും രക്ഷസാക്ഷികളില്‍ നിന്ന് ഊര്‍ന്നുവീണ ചോരയില്‍ ആവേശം കൊള്ളുന്നവരാണവരെല്ലാം.
1959ല്‍ നടന്ന വിമോചന സമരത്തില്‍ പോലീസിന്റെ വെടിയേറ്റ് ജീവന് വെടിയേണ്ടിവന്നവര്‍. അവരെ ഓര്‍ക്കുന്നതുപോലും ആവേശം പകരുന്നതാണ്. പോലീസിന്റെ തോക്കിനും ലാത്തിക്കും ഇന്നത്തെ പോലെ തന്നെ അന്നും ആഘോഷമായിരുന്നു. കണ്ണില്‍ കണ്ടവരെയെല്ലാം തല്ലി. തല്ലിയിട്ടും ഓടാത്തവര്‍ക്കും മുഷ്ടിചുരുട്ടുന്നവര്‍ക്കും നേരെ വെടി. അങ്ങിനെ വെടിയേറ്റുവീണവരുടെ ശവക്കല്ലറയില്‍ എത്തി പുഷ്പചക്രം അര്‍പ്പിക്കാന്‍ മനസ്സുണ്ടായതല്ലെ മഹാകാര്യം. ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിരിച്ചുവിട്ടതുതന്നെ തോന്ന്യവാസമാണെന്നു പറഞ്ഞ് അതിനെ അന്നും ഇന്നും എതിര്‍ക്കുന്നവരുണ്ട്. കമ്മ്യൂണിസ്റ്റു സര്‍ക്കാരിന്റെ വിദ്യാഭ്യാസബില്ലും കര്‍ഷകബില്ലും തള്ളിക്കളയണമെന്ന അഭിപ്രായം ശക്തമായിരുന്നു. കത്തോലിക്കാ സഭയും എന്‍എസ്എസും സാമുദായികസംഘടനകളും ഉള്‍പ്പെട്ടവര്‍ ഈ നിയമങ്ങള്‍ തള്ളിക്കളയണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം ഉന്നയിച്ചതിന് പിടിക്കപ്പെട്ട ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ചിത്രഭാനു ഇന്നും ആ പോരാട്ടവീര്യത്തെ ഓര്‍ക്കുന്നു. ഇഎംഎസിന്റെ നിര്‍ദ്ദേശപ്രകാരം പിടികൂടിയ വിദ്യാര്‍ഥിയെ എട്ടരമാസം ജയിലിലടച്ചു. അതുകൊണ്ടുമാത്രം അയാള്‍ ഇന്നും ജീവനോടെ ഇരിക്കുന്നു. ഇല്ലെങ്കില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചേനെ. ഈ സമരത്തെ ഇഷ്ടപ്പെടാത്ത ഒരാളുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്ന നെഹ്രുവായിരുന്നു അത്. ആ സമരത്തില്‍ കോണ്‍ഗ്രസ് പങ്കാളിയാകുന്നതിനെ നിരന്തരം എതിര്‍ത്ത ആളായിരുന്നു നെഹ്രു. അന്ന് സമരത്തിന് അനുകൂലിയായ ആര്.ശങ്കറും സമരവിരുദ്ധനായിരുന്ന നെഹ്രുവും തമ്മില്‍ വാഗ്വാദം തന്നെ നടന്നതായി പറയപ്പെടുന്നു. ഇന്ന് കോണ്‍ഗ്രസുകാരുടെ ഇരട്ടത്താപ്പുതന്നെയാണ് അന്നും നടന്നതെന്നാണ് സത്യം. സീതാറാം യച്ചൂരിയും രാഹുലും ദല്‍ഹിയില്‍ സൗഹൃദ ചര്‍ച്ച മുറുകുമ്പോള്‍ ഇവിടെ കേരള വിരുദ്ധ സമരം പോലെ. മന്നത്തു പദ്മനാഭനെ അവഹേളിച്ച് സംസാരിക്കാന്‍ പോലും നെഹ്രു മുതിര്‍ന്നു എന്ന കാര്യവും പിന്നീട് വെളിപ്പെട്ടിട്ടുണ്ട്.
വിമോചനസമരകാലത്ത് ഒരു ദിവ്യാവതാരം പോലെയാണ് മന്നത്ത് പത്മനാഭന് നടന്നിരുന്നതെന്നും ആ വിചിത്ര ഭാവം തനിക്ക് നേരമ്പോക്കായി തോന്നിയെന്നും പില്ക്കാലത്ത് നെഹ്രു ചില സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞതായും വെളിപ്പെട്ടിട്ടുണ്ട്. നെഹ്രുവിന്റെ ദൂതുമായി വി.കെ.കൃഷ്ണമേനോനെ അയച്ചിരുന്നു. ഉത്കണ്ഠാജനകമായ വിവരങ്ങളാണ് കൃഷ്ണമേനോന്റെ കേരള സന്ദര്‍ശനം നല്‍കിയതെന്ന് പറയുന്നു. വിദ്യാഭ്യാസ നയത്തില്‍ നിന്നും പുറകോട്ടുപോകാന്‍ പറ്റാത്ത സ്ഥിതിയില്‍ കമ്യൂണിസ്റ്റു സര്‍ക്കാര്‍ എത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ അതിനെതിരായ സമരം ശക്തമായി തുടരാനും തീരുമാനമായി.
നെഹ്രുവിനെ നന്നായറിയുന്ന ശങ്കര്‍ മറ്റുനേതാക്കള സ്വാധീനിക്കാന്‍ ദല്‍ഹിക്ക് തിരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ ഇന്ദിരാഗാന്ധി, മുന്‍ പ്രസിഡന്റ് യു.എന്‍.ധേബര്‍, മൊറാര്‍ജി ദേശായി എന്നിവരുമായി ചര്‍ച്ച നടത്തി. ദല്‍ഹിയിലെ കൂടിക്കാഴ്ചയെക്കുറിച്ച് ഊട്ടിയില്‍ 1959 ജൂണ്‍ 2ന് ശങ്കര്‍ പ്രസ്താവന നടത്തി. നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ‘സമാധാനപരമായ സമരത്തിന് കോണ്‍ഗ്രസ് തയ്യാറാകുന്നു. അതിനായി ഒരു കുറ്റപത്രം തയ്യാറാക്കും. ലീഗ്, പിഎസ്പി, ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികളെ കൂടെ ചേര്‍ക്കും’ എന്നായിരുന്നു ശങ്കറിന്റെ പ്രസ്താവന. ജൂണ്‍ 13ന് വിമോചനദിനമായി ആചരിച്ചു. പ്രത്യക്ഷ സമരം തുടങ്ങുകയും ചെയ്തു. അന്നേ ദിവസത്തെ ശങ്കറിന്റെ പ്രസ്താവനയായിരുന്നു ശ്രദ്ധേയം. ’23-ാം തീയതിക്കകം രാജിവയ്ക്കണം ഇല്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കും.’ വിമോചന സമരം അനുദിനം ശക്തിപ്പെട്ടു. ഇതിനിടെ നെഹ്രു കേരളത്തിലെത്തി. ജൂണ്‍ 22 നായിരുന്നു സന്ദര്‍ശനം.
സമരത്തിന്റെ ചൂടും ചൂരും നെഹ്രുവിന് ബോധ്യപ്പെട്ടെങ്കിലും സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന ചിന്തയിലേക്ക് നെഹ്രുപോയതേയില്ല. അതേ സമയം രാഷ്ട്രപതിക്ക് നല്‍കാനുള്ള ഒരു കത്ത് ശങ്കര്‍ തയ്യാറാക്കി. അതില്‍ സര്‍ക്കാരിനെതിരെ അതിനിശിതമായ വിമര്‍ശനവും കുറ്റപത്രവും തന്നെയായിരുന്നു അത്. ജൂണ്‍ 29ന് അത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തു. ഇതിനിടയില്‍ നെഹ്രു ആര്.ശങ്കറിനെഴുതിയ കത്തില്‍ വിദ്യാഭ്യാസ നയത്തിനെതിരെ സമരം നടത്തുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
കേരളത്തിലെ ചില പാര്‍ട്ടികള്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകളുടെ സ്വഭാവം എന്നെ ഉത്കണ്ഠപ്പെടുത്തുന്നു. ആ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവ വീശുന്ന കരിനിഴല്‍ കോണ്‍ഗ്രസിന് മേലും പതിക്കും. മന്നത്തുപദ്മനാഭന്‍ കര്‍ഷക ബന്ധനിയമത്തെയും എതിര്‍ക്കുന്നു. ഈ വക കാര്യങ്ങളെ സംബന്ധിച്ചും കോണ്‍ഗ്രിന് നിഷ്ക്രിയമായ സമീപനം സ്വീകരിക്കാനാവുകയില്ല.
നെഹ്രുവിന്റെ ഇമ്മാതിരി ഉപദേശങ്ങളും ഭീഷണികളുമൊന്നും ശങ്കറില്‍ ഏശിയില്ല. സമരം ശക്തമായി. നെഹ്രു ഇടതുനേതാക്കളുമായി ഊട്ടിയില്‍ നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. നെഹ്രു, എകെജി ഉള്‍പ്പെടെയുള്ള നേതാക്കളോടറിയിച്ചത് കമ്യൂണിസ്റ്റു സര്‍ക്കാരിന്റെ നിയമനിര്‍മാണങ്ങളോട് എനിക്ക് എതിര്‍പ്പില്ല എന്നാണ്. ഇന്നത്തെ സമീപനം തന്നെയാണ് കേരള നേതാക്കളും ദല്‍ഹി നേതാക്കളും തമ്മില്‍ അന്നുണ്ടായതെന്നാണ്. ആളുമാറി എന്നുമാത്രം. കേരളത്തില്‍ അന്ന് ആര്.ശങ്കറായിരുന്നെങ്കില്‍ ഇന്ന് കെ. സുധാകരന്. ദല്‍ഹിയില്‍ സോണിയയും രാഹുലും അന്ന് നെഹ്രുവിന് കഴിയാത്തത് ഇന്ന് സോണിയക്കാകുമോ?
സമരം ശക്തമായി. സര്‍ക്കാരിന്റെ മര്‍ദ്ദനമുറകളും അതിശക്തമായി. സ്ത്രീകള്‍പോലും വേട്ടയാടപ്പെട്ടു. അങ്കമാലിയിലും തിരുവനന്തപുരത്തും വെടിയേറ്റ് മരണപ്പെട്ടവര്‍ ഒട്ടനവധിയാണ്. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും. വിമോചന സമരം തീര്‍ന്ന് പുതിയ മന്ത്രിസഭ 60 ല്‍ അധികാരമേറ്റു. അതിനെ പുറത്താക്കി 60 വര്‍ഷം തികയുന്നു. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന ചൊല്ലുപോലെ എല്ലാം സാക്ഷി. കാലം കരുതിവച്ചതുപോലെ വീണ്ടുമൊരു കമ്യൂണിസ്റ്റുസര്‍ക്കാറിന്റെ മരണമണിമുഴക്കം തുടക്കം. അത് ഏത് കോലത്തില്‍ വരും എന്നാര്‍ക്കാണ് പറയാന്‍ കഴിയുക? മക്കളുടെ പേരിലാകാം. അല്ലെങ്കില്‍ മടിയില്‍ കനമുള്ളതുകൊണ്ടാകാം. അല്ലെങ്കില്‍ കയ്യില്‍ കറയുള്ളതിനാലാകും. എന്തായാലും സംഭവിക്കേണ്ടത് സംഭവിച്ചേ തീരൂ. ഈ സന്ദര്‍ഭത്തിലാണ് സുരേന്ദ്രനും സഹപ്രവര്‍ത്തകരും വിമോചനസമരത്തെയും ആ സമരത്തിലെ രക്തസാക്ഷികളെയും ഓര്‍ത്തത്. അതെന്തുകൊണ്ടായാലും നന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: