കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ച രണ്ടാം ദിവസവും തുടരവെ സംസ്ഥാനത്തെ വിലക്കയറ്റത്തിന് ആക്കം കൂട്ടി സര്‍ക്കാര്‍. ഒന്നാം ദിവസത്തെ ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പ പരിധി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരമാണ് കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച നടത്തിയത്. കേസ് നിലനില്ക്കുമ്പോള് എങ്ങനെ ചര്‍ച്ച നടക്കുമെന്നായിരുന്നു കേന്ദ്ര ധനമന്ത്രാലയം ചോദിച്ചത്. അടിയന്തരാവശ്യങ്ങളുടെ നിവേദനം കേരളം കൈമാറി. അക്കൗണ്ടുമായി ബന്ധപ്പെട്ടു വ്യക്തത വരുത്താനായി കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ഉദ്യോഗസ്ഥര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി.
വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടുന്നതിനിടെ ഏക ആശ്വാസമായിരുന്ന സപ്ലൈകോയും വിലവര്‍ദ്ധിപ്പിക്കുന്ന നടപടിയിലേക്കാണ് നീങ്ങിയത്. 13 അവശ്യസാധനങ്ങളുടെ വിലയാണ് കുത്തനെ ഉയര്‍ത്തിയത്. നിലവില്‍ ഇവയ്ക്ക് പൊതുവിപണിയില്‍ എന്താണോ വില അതിനേക്കാള്‍ 35 ശതമാനം മാത്രമാണു സപ്ലൈകോയില്‍ കുറവുണ്ടാകുക. 70 ശതമാനമുണ്ടായിരുന്ന സബ്സിഡി 35 ശതമാനമാക്കിയാണ് കുറച്ചത്. ഇതുസംബന്ധിച്ച തീരുമാനം ഉത്തരവായി ഇറങ്ങി. 2016ന് ശേഷം ഇതാദ്യമായാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത്. അഞ്ചുവര്‍ഷം ഒരു സാധാനത്തിനും വില കൂട്ടില്ലെന്ന ഉറപ്പാണ് ഇതോടെ കാറ്റില്‍പറന്നത്. സപ്ലൈകോയില്‍ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് നേരത്തെ ഇടതുപക്ഷം പച്ചക്കൊടി കാട്ടിയിരുന്നു. നിലവിലെ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സിവില്‍ സപ്ലൈസ് വകുപ്പ് വിലവര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ബന്ധിതമായത്.
വിലവര്‍ദ്ധന സംബന്ധിച്ച് പഠിക്കാന്‍ സപ്ലൈകോ തീരുമാനിച്ചിരുന്നു. ഇതിനു ശേഷമാണ് എത്രത്തോളം വില ഉയര്‍ത്തണമെന്ന കാര്യത്തില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. 2016നു ശേഷം പല അവശ്യസാധനങ്ങള്‍ക്കും വിപണിയില്‍ വില ഇരട്ടിയോളം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സപ്ലൈകോയും വില വര്‍ദ്ധിപ്പിച്ചാല്‍ അത് വലിയ വര്‍ദ്ധനവായി അനുഭവപ്പെടും. ഇക്കാര്യത്തില്‍ പൊതുജനത്തിന്റെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനൊപ്പം മന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയേക്കുമെന്നാണ് സൂചന. സഭ നടക്കുന്ന സമയത്ത് നിയമസഭയ്ക്ക് പുറത്ത് വില വര്‍ദ്ധന പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിന് കാരണം. പ്രതിപക്ഷനേതാവ് ഉന്നയിച്ച സബ്മിഷനാണ് സഭയില്‍ കോലാഹലം സൃഷ്ടിച്ചത്.
ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, കടല, തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, അരി തുടങ്ങിയവയുടെ വിലയില്‍ നിലവിലെ വിലയേക്കാള്‍ വലിയ വ്യത്യാസമുണ്ട്. ഇവയില്‍ മിക്ക ഇനങ്ങളും സപ്ലൈകോയില്‍ ലഭ്യമല്ല എന്നതിന്റെ പേരില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പ്രതിരോധത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് വിലവര്‍ദ്ധന കൂടി വരുന്നത്. പലതിനും മൂന്ന് രൂപ മുതല്‍ 46 രൂപയിലധികം വര്‍ദ്ധന ഉണ്ട്. ഏറ്റവും കൂടുതല്‍ വില വര്‍ദ്ധിച്ചത് തുവര പരിപ്പിനാണ്. ഏറ്റും കുറവ് പച്ചരിക്കും, മൂന്ന് രൂപ. അതേസമയം മല്ലിക്ക് മാത്രം വിലക്കുറവുണ്ട്, 50 പൈസ.
മലയാളികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ജയ, മട്ട, കുറുവ അരികള്‍ക്കും വില കൂടിയിട്ടുണ്ട്. ജയ അരിക്ക് നാല് രൂപ കൂടിയപ്പോള്‍ മട്ട, കുറവ അരിക്ക് അഞ്ച് രൂപവരെ കൂടിയിട്ടുണ്ട്. വില വര്‍ദ്ധന മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വരാനാണു സാധ്യത. ഓരോ മൂന്നു മാസം കൂടുമ്പോഴും വിപണി വിലയ്ക്ക് അനുസൃതമായി വില പരിഷ്കരിക്കും. ഇതിനു സപ്ലൈകോയുടെ പ്രത്യേക സമിതി ശുപാര്‍ശകള്‍ സമര്‍പ്പിക്കും. അതേസമയം, സബ്സിഡി വില 35% കുറവില്‍ നിശ്ചയിച്ചാല്‍ പൊതുവിപണിയില്‍ 1446 രൂപയ്ക്ക് ലഭിക്കുന്ന സാധനങ്ങള്‍ 940 രൂപയ്ക്ക് ലഭിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
2014 ഡിസംബറിലാണ് ഒടുവില്‍ സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ചത്. അതിനു മുന്‍പ് 2014 നവംബര്‍, ഓഗസ്റ്റ് മാസങ്ങളിലും 2013 ഓഗസ്റ്റിലും വില പുതുക്കി. കഴിഞ്ഞ 10 വര്‍ഷമായി പൊതുവിപണിയില്‍ ഉണ്ടായ വില വ്യത്യാസത്തിന്റെ ഫലമായി ഭീമമായ ബാധ്യതയാണ് സപ്ലൈകോയ്ക്ക് വന്നതെന്നാണു സര്‍ക്കാരിന്റെ വിശദീകരണം. പുതുക്കിയ വില നിലവില്‍ വന്നാലും പ്രതിമാസം ശരാശരി 35 കോടി രൂപയുടെയും പ്രതിവര്‍ഷം ശരാശരി 425 കോടി രൂപയുടെയും സബ്സിഡി ബാധ്യത ഉണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പ്രതിമാസം 40 ലക്ഷം കുടുംബങ്ങള്‍ വരെ സപ്ലൈകോയില്‍ നിന്നു സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. അതേസമയം, ഈ വര്‍ഷം വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് അനുവദിച്ചിരിക്കുന്നത് 205 കോടി രൂപയാണ്. സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന ഉറപ്പ് നിര്‍ലജ്ജം സര്‍ക്കാര്‍ ലംഘിച്ചത് പൊതുജനങ്ങളെ നേരിട്ട് ദ്രോഹിക്കുന്നതിന് സമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: